തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച് രണ്ട് മാസത്തിലേറെ ആകുമ്പോള്‍ 21 ശതമാനം അധിക മഴ ലഭിച്ചതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ചു ജില്ലകളില്‍ അതിവൃഷ്ടി സംഭവിക്കുമ്പോള്‍. രണ്ട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 18വരെയുള്ള തിരുവനന്തപുരം കാലവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇത്. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിവൃഷ്ടി സംഭവിച്ചത്. മലപ്പുറത്ത് 25 ശതമാനം അധിക മഴ ലഭിച്ചപ്പോള്‍ ബാക്കിയുള്ള ജില്ലകളില്‍ ഇത് 40 ശതമാനമാണ്.
അതേ സമയം കാസര്‍കോഡ്, തൃശ്ശൂര്‍ ജില്ലകളില്‍ ശരാശരി മഴ കുറഞ്ഞെന്നാണ് കണക്ക്. സംസ്ഥാനം ഒട്ടാകെ എടുക്കുകയാണെങ്കില്‍ 21 ശതമാനം മഴ അധികമായി ലഭിച്ചിട്ടുണ്ട്. ഈക്കാലയളവില്‍ 1096.7 മില്ലിമീറ്ററാണ് പ്രതീക്ഷിക്കുന്ന മഴയുടെ തോത് എങ്കിലും ലഭിച്ചത് 1327.9 മില്ലിമീറ്ററാണ്. അതേ സമയം ലക്ഷദ്വീപില്‍ 32 ശതമാനം മഴകുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 504 മില്ലിമീറ്ററാണ് ലക്ഷദ്വീപില്‍ പ്രതീക്ഷിച്ച മഴയുടെ തോത് എങ്കിലും ലഭിച്ചത് 327 മില്ലിമീറ്റര്‍ മാത്രം.
അതേ സമയം ഇപ്പോള്‍ പെയ്യുന്ന മഴ കാലവസ്ഥ വ്യതിയാനം അല്ല ന്യൂനമര്‍ദ്ദമാണെന്നാണ് കാലവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂന മര്‍ദ്ദത്തിന്‍റെ ഭാഗമായി അറബികടലില്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാതിയാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണം.