ചൊവ്വയിൽ ദ്രവരൂപത്തിലുള്ള ജലം കണ്ടെത്തിയാൽ എന്താണ് ഇത്രകാര്യം. എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. ചൊവ്വയിൽ ദ്രവരൂപത്തിലുള്ള ജലം കണ്ടെത്തിയാൽ അതിനർത്ഥം അവിടെ ജീവൻ നിലനിൽക്കാനുള്ള സാധ്യത കൂടുന്നു എന്നാണ്. ചൊവ്വയിലെന്നല്ല ഭൂമിക്ക് പുറത്ത് എവിടെ ദ്രാവകാവസ്ഥയിലുള്ള ജലം കണ്ടെത്തിയാലും ആ ഒരു കാരണം കൊണ്ടുതന്നെ ശാസ്ത്രലോകം അദ്ഭുതപ്പെടും. ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്താൻ ശ്രമിക്കുന്ന ആസ്ട്രോബയോളജിസ്റ്റുകൾ അതുകൊണ്ടാണ് ജലത്തെ പിന്തുടരാൻ ശ്രമിക്കുന്നതും.
ഭൂമിയിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ജലം. മറ്റേതെങ്കിലും ആകാശ ഗോളത്തിൽ ജീവൻ നിലനിൽക്കുന്നെങ്കിൽ അതിനും ജലം അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. അതുകൊണ്ട് തന്നെ കാലങ്ങളായി ചൊവ്വയിലും മനുഷ്യൻ ജലം തിരയുകയാണ്. ഭൂമിക്ക് പുറമെ സൗരയുഥത്തിൽ ദ്രവാവസ്ഥയിൽ ജലത്തിന് നിലനിൽക്കാൻ കഴിയുന്ന മേഖലയിൽ നിലനിൽക്കുന്ന ഏകഗ്രഹം ചൊവ്വയാണ്. പത്തൊന്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും ചൊവ്വയെ ചുറ്റിപ്പറ്റി നിന്ന ഏറ്റവും പ്രശസ്തമായ മിത്തുകളും ചൊവ്വയിലെ ജലവുമായി ബന്ധപ്പെട്ടായിരുന്നു.
1877ൽ ഇറ്റാലിയൻ വാനനിരീക്ഷകനായ ജിയോവെലി സ്കിഫെറെലി ചൊവ്വയുടെ പ്രതലത്തിൽ ചില വടുക്കൾ കണ്ടെത്തിയതോടെയാണ് പ്രധാന മിത്തുകളിൽ ഒന്നു തുടങ്ങുന്നത്. സ്കിഫെറെലി കണ്ടെത്തിയ വടുക്കൾ ചൊവ്വയിലെ ജീവികൾ ജലസേചനത്തിന് വെട്ടിയ കനാലുകളാണെന്നായാരുന്നു ഒരുപാട് കാലത്തെ വിശ്വാസം. ഏതാണ്ട് ഒന്നര നൂറ്റാണ്ട് കാലമാണ് മനുഷ്യൻ അങ്ങനെ വിശ്വസിച്ചിരുന്നത്. ചൊവ്വയിലെ ജീവികൾക്കായി പല കാലങ്ങളിലായി പലരും ഭൂമിയിൽ നിന്ന് റേഡിയോ സിഗ്നലുകളും അയച്ചുകൊടുത്തു.
undefined
ഇവിടെ ഭൂമിയിൽ ഞങ്ങൾ മനുഷ്യർ ജീവിച്ചിരിപ്പുണ്ടെന്ന് അവരെ അറിയിക്കുകയായിരുന്നു റേഡിയോ സിഗ്നലുകൾ അയച്ചതിന്റെ ലക്ഷ്യം. 1965 വരെയും ചൊവ്വയിൽ ജലം ഉണ്ടെന്ന വിശ്വാസം മനുഷ്യൻ വച്ചുപുലർത്തി. എന്നാൽ ആ വർഷത്തോടെ ചൊവ്വയിലെ കനാലുകളും , കനാലുകളിലെ ജലവും ഭാവനാ സൃഷ്ടിയും മനുഷ്യന്റെ ആഗ്രഹവുമാണെന്ന് ബോധ്യപ്പെട്ടു.
പരാജയപ്പെട്ട ഒരുപാട് ദൗത്യങ്ങൾക്കൊടുവിൽ ആ വർഷമാണ് നാസയുടെ മാരിനർ 4 ദൗത്യം ചോവ്വയിലെത്തിയത്. ചൊവ്വയെ ചുറ്റിസഞ്ചരിച്ച മാരിനർ നാല് ഭൂമിയിലേക്ക് 22 ചിത്രങ്ങൾ അയച്ചു. അതോടെ ചൊവ്വയിലെ ജലവും സംസ്കാരവും എല്ലാം തകർന്നു. പക്ഷെ ചൊവ്വയെക്കുറിച്ച് പഠിക്കാൻ പിന്നെയും നിരവധി ദൗത്യങ്ങൾ ഭൂമിയിൽ നിന്ന് പോയി. സൂക്ഷമതലത്തിലെങ്കിലുമുള്ള ജീവൻ ചൊവ്വയിലുണ്ടോയെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.
ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ രണ്ട് റോവറുകളും മാർസ് ഒഡീസി , മാർസ് റെക്കൊണൈസൻസ് ഓർബിറ്റർ, മാവെൻ എന്നീ ഓർബിറ്ററുകളും നാസയുടേതായി ചൊവ്വയിൽ ഉണ്ട്. 2003 മുതൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസും ചൊവ്വയെ ചുറ്റുന്നുണ്ട്. നാസയ്ക്കും ഈസയ്ക്കും പുറമെ ചൊവ്വയിൽ പദ്ധതിയുള്ളത് ഇന്ത്യക്കാണ്. ഇസ്റൊയുടെ മാർസ് ഓർബിറ്റർ മിഷൻ (മോം) കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ചൊവ്വയെ ചുറ്റി വിവരങ്ങൾ നൽകുന്നുണ്ട്.
ചൊവ്വയിലെ ജലം ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നതാണ്. ചൊവ്വയിൽ ഒരുകാലത്ത് ഭൂമിക്ക് സമാനമായി തടാകങ്ങൾ ഉണ്ടായിരുന്നു എന്ന് തന്നെയാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. പക്ഷെ എന്തോ കാരണത്താൽ ചൊവ്വയുടെ അന്തരീക്ഷം ശോഷിച്ചുവെന്നും , അത് കാരണം ചൊവ്വയിലെ ജലം നഷ്ടമായിയെന്നുമാണ് നിലവിലെ നിഗമനം. പക്ഷെ ഇപ്പോൾ ചൊവ്വയിൽ ദ്രാവകാവസ്ഥയിൽ തന്നെ ജലം ഉണ്ടെന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നു. ഈ വാർത്തയ്ക്ക് കൂടുതൽ സ്ഥിരീകരണം ഇനിയും വരേണ്ടിയിരിക്കുന്നു. ചൊവ്വയിൽ ജലം കണ്ടെത്തിയതുകൊണ്ട് മാത്രം ജീവൻ ഉണ്ടെന്ന് ഉറപ്പിക്കാൻ കഴിയില്ല. പക്ഷെ ചൊവ്വയിൽ ജീവൻ തിരയുന്നവർക്ക് ഇതൊരു ശുഭവാർത്തയാണ്.