ദില്ലി: ഇനിമുതല്‍ രാജ്യത്തെ റെയില്‍വേയുടെ ആസ്തികളെല്ലാം കണിശമായി നിരീക്ഷിക്കും. ഇതിനായി ഐ.എസ്.ആർ.ഒയുമായി ഇന്ത്യന്‍ റെയില്‍വേ ധാരണാപത്രം ഒപ്പിട്ടു. ഇതിനായി ഐ.എസ്.ആർ.ഒയില്‍ നിന്ന് ഉപഗ്രഹ ചിത്രങ്ങള്‍ റെയില്‍വേയ്ക്ക് ഭുവന്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും. രാജ്യവ്യാപകമായി റെയില്‍വേയുടെ സ്വത്തുക്കള്‍ കൈയേറുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് പുതിയ ധാരണയ്ക്ക് റെയില്‍വേയെ പ്രേരിപ്പിച്ചത്.
രാജ്യത്തുടനീളം ജ്യോഗ്രഫിക്കല്‍ ഇന്‍ഫർമേഷന്‍ സിസ്റ്റംസ് (ജി.ഐ.എസ്.) പ്ലാറ്റ്ഫോമില്‍ റെയില്‍വേ ആസ്തികളുടെ ജി.പി.എസ്. അധിഷ്ഠിത മാപ്പിംഗ് തയ്യാറാക്കുന്നത് ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കും. ഇതിലൂടെ റെയില്‍വേയുടെ ആസ്തികളും ഉപകരണ സംവിധാനങ്ങളും പിഴവ് രഹിതമായി സംരക്ഷിക്കും. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തുന്ന കൈയേറ്റങ്ങള്‍ക്ക് കർശനമായ നടപടികള്‍ക്ക് തുടക്കമിടാനും റെയില്‍വേയ്ക്ക് ഇതിലൂടെ സാധ്യമാവും.
ഉപഗ്രഹചിത്രങ്ങളിലൂടെ അതാത് സമയത്തുണ്ടാവുന്ന ഭൂമിയുടെയും മറ്റ് വസ്തുവകകളുടെയും മാറ്റങ്ങളും റെയില്‍വേയ്ക്ക് അറിയാനാവും. ഭാവിയില്‍ ഉപഗ്രഹ ചിത്രങ്ങള്‍ റെയില്‍വേയുടെ സുരക്ഷ പ്രശ്നങ്ങള്‍ പരിഹരിക്കാനായും ഉപകരിക്കും.