കൊവിഡ് രോഗികളെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിക്കാന്‍ പേടകമൊരുക്കി നാവിക സേന

By Web Team  |  First Published Apr 14, 2020, 8:06 AM IST
വിമാന ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയില്ലാതെ രോഗികളുമായി പറക്കാമെന്നതാണ് ഈ എയര്‍ ഇവാക്വേഷന്‍ പോഡിന്റെ സവിശേഷത.
 

കൊച്ചി: കൊവിഡ് രോഗബാധയുള്ളവരെ ആകാശമാര്‍ഗം ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റാനുള്ള പ്രത്യേക പേടകം നാവിക സേന രൂപകല്‍പ്പന ചെയ്തു. കൊച്ചിയിലെ ദക്ഷിണ മേഖല നാവിക ആസ്ഥാനത്തെ ജീവനക്കാരാണ് ചെലവ് കുറഞ്ഞ എയര്‍ ഇവാക്വേഷന്‍ പോഡ് നിര്‍മ്മിച്ചത്. പൈലറ്റുമാര്‍ അടക്കമുള്ള വിമാന ജീവനക്കാര്‍ക്ക് വൈറസ്ബാധയേല്‍ക്കാതെ രോഗിയെ മാറ്റാന്‍ ഈ ഉപകരണം കൊണ്ട് സാധ്യമാകും.

ഉള്‍ക്കടലില്‍ കുടുങ്ങിയ കപ്പലുകളില്‍ നിന്നോ, ദ്വീപുകളില്‍ നിന്നോ കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് ആകാശ മാര്‍ഗം മാറ്റുമ്പോഴുള്ള വെല്ലുവിളി പൈലറ്റുമാരുടെ സുരക്ഷിതത്വമാണ്. വിമാന ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ആശങ്കയില്ലാതെ രോഗികളുമായി പറക്കാമെന്നതാണ് ഈ എയര്‍ ഇവാക്വേഷന്‍ പോഡിന്റെ സവിശേഷത. രോഗിയുമായി സഞ്ചരിച്ചാലും വിമാനം അണുവിമുക്തമാക്കുന്നതടക്കമുള്ള ജോലികളും ഒഴിവാക്കാനാകും. കൊച്ചി നാവിക ആസ്ഥാനത്തെ എയര്‍ ക്രാഫ്റ്റ് യാര്‍ഡിലെ ഉദ്യോഗസ്ഥരാണ് ഉപകരണം രൂപകല്‍പ്പന ചെയ്തത്.

വിദേശ രാജ്യങ്ങളില്‍ നിന്നും എയര്‍ ഇവാക്വേഷന്‍ പോഡുകള്‍ ഇറക്കുമതി ചെയ്യാന്‍ ഏകദേശം 55 ലക്ഷം രൂപയില്‍ അധികമാണ് ചിലവ്. എന്നാല്‍ നാവിക സേന നിര്‍മ്മിച്ച ഉപകരണത്തിന് അമ്പതിനായിരം രൂപ മാത്രമാണ് ചെലവ് വരുന്നത്. 32 കിലോ ഗ്രാം ഭാരമുള്ള 12 ഉപകരണങ്ങളാണ് ഇപ്പോള്‍ നാവിക സേന നിര്‍മ്മിച്ചിട്ടുള്ളത്. വരും ദിവസം വിവിധ നേവല്‍ ബേസുകള്‍ക്ക് തദ്ദേശീയമായി വികസിപ്പിച്ച എയര്‍ ഇവാക്വേഷന്‍ പോഡ് കൈമാറും.
 
click me!