ജിയോയെ വെല്ലാന്‍ ഐഡിയ-വൊഡാഫോണ്‍ കുട്ടുകെട്ടില്‍ പുതിയ 4ജി ഫോണ്‍

By Web Desk  |  First Published Jul 31, 2017, 12:18 PM IST

റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഐഡിയയും വൊഡാഫോണും ചേര്‍ന്ന് 4ജി ഫോണ്‍ പുറത്തിറക്കുന്നു. ജിയോ ഫോണില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കാനാണ് നീക്കം. 2,500 രൂപയ്ക്ക് അടുത്തായിരിക്കും വില. റിലയന്‍സ് ജിയോ ഫോണ്‍ ഓഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കെ നിലനില്‍പിനായി ടെലികോം കന്പനികള്‍ പുത്തന്‍ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജിയോയുടെ ഫീച്ചര്‍ ഫോണിന് ബദലായി ഐഡിയയും-വൊഡാഫോണും ചേര്‍ന്ന് സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുന്നത്. 

ഫോണ്‍ നിര്‍മാതാക്കളുമായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 1,500 രൂപയാണ് ജിയോ ഫോണിന് റിലയന്‍സ് ആദ്യഘട്ടത്തില്‍ ഈടാക്കുന്നതെങ്കില്‍ 2,500 രൂപയായിരിക്കും ഐഡിയയും-വൊഡാഫോണും സംയുക്തമായി നല്‍കുന്ന ഫോണിന്റെ വില. 4ജി യുഗത്തില്‍ സ്മാര്‍ട് ഫോണിലൂടെ, നഷ്ടപ്പെടുന്ന വിപണി തിരിച്ച് പിടിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

Latest Videos

undefined

ഫോണിലെ ഫീച്ചറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ ഇരട്ട സിം സൗകര്യവും വാട്‌സ്ആപ്പും ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ജിയോയ്ക്ക് സമാനമായി വോയിസ് കോളുകളും സൗജന്യമായിരിക്കും.  2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ജിയോ ഫോണില്‍, 22 ഭാഷകള്‍, ക്യാമറ, ജിയോ ആപ്പുകള്‍ എന്നീ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഐഡിയ-വൊഡാഫോണ്‍ സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം നാലിഞ്ചെങ്കിലുമാകുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ 4ജി സൗകര്യങ്ങള്‍ അനായാസം ഉപയോഗിക്കാം.

എന്നാല്‍ ടെലികോം സേവനദാതാക്കാള്‍ നല്‍കുന്ന ഫോണില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് എതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഫോണില്‍ ചില ആപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തുന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് വിമര്‍ശകരുടെ വാദം.

click me!