നഷ്ടം കനത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ വൊഡാഫോണിനെ പ്രേരിപ്പിച്ചത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയില്‍ ലയിക്കുന്നതോടെ ഇപ്പോള്‍ നേരിടുന്ന നഷ്ടം കുറയ്ക്കാമെന്നാണ് വൊഡാഫോണിന്റെ വിലയിരുത്തല്‍. ലയനം പൂര്‍ത്തിയായാല്‍ ഐഡിയ പുതിയ ഓഹരികള്‍ നല്‍കുമെന്ന് വൊഡാഫോണ്‍ അറിയിച്ചു. എന്നാല്‍ ലയന വാര്‍ത്തയുടെ പൂര്‍ണ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല.
ലയനത്തോടെ 38 കോടി ഉപയോക്താക്കളുമായി ഐഡിയ, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും. രണ്ടാമതാകുന്ന എയര്‍ടെല്ലിന് 26 കോടി ഉപയോക്താക്കളാണുള്ളത്. മൂന്ന് മാസം മുന്പ് എത്തിയ റിലയന്‍സ് ജിയോ 7.2 കോടി ഉപയോക്താക്കളുമായി നാലാമതുണ്ട്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മലേഷ്യന്‍ കമ്പനി എയര്‍സെല്ലും ലയിക്കാന്‍ നേരത്തെ ധാരണയായിരുന്നു.
20 കോടി ഉപയോക്താക്കളാണ് പുതിയ കമ്പനിക്കുള്ളത്. ആരോഗ്യകരമല്ലാത്തെ നിരക്ക് യുദ്ധമാണ് ടെലികോം മേഖലയിലെ നഷ്ടത്തിന് കാരണം. സൗജന്യ ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തിയതോടെ 500 കോടി ഡോളറിന്റെ ബാധ്യത കഴിഞ്ഞ വര്‍ഷം വൊഡാഫോണ്‍ എഴുതി തള്ളിയിരുന്നു. വൊഡാഫോണ്‍ ഐഡിയ ലയനത്തോടെ രാജ്യത്തെ മൊബൈല്‍ സൈവനദാതാക്കളുടെ എണ്ണം നാലായി ചുരുങ്ങും.