ജീവന്‍ നിലനിര്‍ത്താന്‍ അടുത്ത 100 വര്‍ഷങ്ങള്‍ക്കകം അന്യ ഗ്രഹങ്ങളിലേക്ക് കുടിയേറേണ്ടി വരും

By Web Desk  |  First Published May 5, 2017, 1:04 PM IST

ലണ്ടന്‍: അടുത്ത നൂറ് വര്‍ഷങ്ങള്‍ക്കകം ജീവന്‍ നിലനിര്‍ത്താന്‍ മനുഷ്യന്‍ അന്യഗ്രഹങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ നിര്‍ബന്ധിതരാവും. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഉള്‍ക്കാപതനവും കാരണം വരുന്ന നൂറ്റാണ്ടില്‍ തന്നെ ഭൂമി ജീവിത യോഗ്യമല്ലാതാവുമെന്നും അദ്ദേഹം പറയുന്നു. നാളത്തെ ലോകം എന്ന തലക്കെട്ടില്‍ ബി.ബി.സി പുറത്തിറക്കുന്ന ഡോക്യുമെന്ററികളുടെ ഭാഗമായി ഇതര ഗ്രഹങ്ങളിലെ മനുഷ്യ ജീവിതം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച പഠനവും നടത്തുന്നുണ്ട്. ഈ ഡോക്യുമെന്ററികളിലാണ് ഭൂമി അതിവേഗം വാസയോഗ്യമല്ലാതായിരിക്കുന്നുവെന്ന നിരീക്ഷണം സ്റ്റീഫന്‍ ഹോക്കിങ് നടത്തിയിരിക്കുന്നത്. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും മനുഷ്യ ചെയ്തികളും ആണവ യുദ്ധത്തിലേക്കോ, ജൈവ യുദ്ധത്തിലേക്കോ വഴിവെയ്ക്കുമെന്നും സ്റ്റീഫന്‍ ഹോക്കിങ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകം മുഴുവന്‍ അധികാര പരിധിയുള്ള ഒരു 'ലോക ഭരണകൂടത്തിന്' മാത്രമേ ഇത് തടയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ജീവി വര്‍ഗ്ഗമെന്ന നിലയില്‍ ഭൂമിയില്‍ അതിജീവിക്കാനുള്ള മനുഷ്യ വര്‍ഗ്ഗത്തിന്റെ കഴിവ് നഷ്ടപ്പെട്ട് വരികയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

Latest Videos

click me!