ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ആപ്പിള്‍ ഫോണിനെ പിന്നിലാക്കി ചൈനയുടെ മുന്‍നിര ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലെ വില്‍പ്പനയിലാണ് ഹുവായിക്ക് മുന്നേറ്റമുണ്ടായത്. വില്‍പ്പനയില്‍ ഇനി ഹുവായിക്ക് മുന്നിലുള്ളത് സാംസങ് മാത്രമാണ്. ഗവേഷണത്തിലും വികസനത്തിലും സ്ഥിരമായ നിക്ഷേപവും മികച്ച മാര്‍ക്കറ്റിങ് തന്ത്രങ്ങളുമാണ് ഹുവായിയുടെ മുന്നേറ്റത്തിന് വഴിവെച്ചത്.
ആഗസ്റ്റിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ശക്തമായ കുതിപ്പ് നടത്തിയെന്നാണ് ഹുവായിയുടെ കണക്കുകൂട്ടൽ. ആപ്പിളിന്‍റെ പുതിയ ഐ ഫോണ്‍ വിപണിയിൽ വരുന്നതോടെ സെപ്റ്റംബറില്‍ അവര്‍ സ്ഥാനം തിരികെ പിടിക്കുമെന്നാണ് പ്രതീക്ഷ. ഹുവായിയുടെ ദക്ഷിണേഷ്യൻ വിപണിയിലെയും ഇന്ത്യയിലെയും നോര്‍ത്ത് അമേരിക്കന്‍ വിപണിയിലെയും സാന്നിധ്യം ദുര്‍ബലമാണ്. ചൈന, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വിപണികളില്‍ ഹുവായി ശക്തമായ സാന്നിധ്യവുമാണ്.
undefined
മികച്ച രൂപകൽപ്പനയും വലിയ ഡിസ്പ്ലേയും മികച്ച ക്യാമറ ഫങ്ഷനും ആണ് ഹുവായി ഫോണുകളെ ജനപ്രിയമാക്കിയത്. എന്നാൽ ആപ്പിളിന്റെ ഐ ഫോൺ 7, 7പ്ലസ് എന്നീ ഫോണുകൾ ഇപ്പോഴും ലോകത്തിലെ മികച്ച വില്‍പ്പനയുള്ള ഫോണുകളായി തുടരുകയാണ്. ഓപ്പോയുടെ ആര്‍11, എ57 ഫോണുകളാണ് ഇതിന് പിന്നിൽ മൂന്നും നാലും സ്ഥാനങ്ങളിലായുള്ളത്. ഇതിന് പിന്നിലായി സാംസങിന്റെ ഗാലക്സി എസ്8, ഷവോമിയുടെ നോട്ട് 4 എക്സ്, സാംസങിന്‍റെ ഗാലക്സി എസ് 8പ്ലസ് എന്നീ ഫോണുകളാണുള്ളത്.
ആഗോള മൊത്ത വില്‍പ്പനയിൽ ആപ്പിളിനെ ഹുവായി മറികടന്നെങ്കിലും കൂടുതല്‍ വില്‍പ്പനയുള്ള ആദ്യ പത്ത് ഫോണുകളുടെ പട്ടികയില്‍ ഹുവായിയുടെ ഒരു ഫോണും ഇടംപിടിച്ചിട്ടില്ലെന്നതാണ് കൗതുകകരം. ഇന്‍റര്‍നാഷനല്‍ ഡാറ്റാ കോര്‍പ്പറേഷന്‍റെ (ഐ.ഡി.സി) കണക്കുകൾ പ്രകാരം 2017ലെ രണ്ടാം പാദത്തില്‍ ആപ്പിള്‍ 41 ദശലക്ഷം ഐ ഫോണുകൾ കയറ്റിഅയച്ചപ്പോൾ ഹുവായിയുടെ ഉൽപ്പാദനം 38.5 ദശലക്ഷം ആയിരുന്നു. ഇതാണ് ജൂണ്‍, ജൂലൈ മാസങ്ങളിലായി ഹുവായി മറികടന്നത്.