സിലിക്കണ്‍വാലി: ഈ ലോകം ഒന്നടങ്കം തകര്‍ക്കുന്ന മൂന്നാം ലോകമഹായുദ്ധം പ്രവചിച്ച് സ്പേസ്എക്സ്, ടെസ്‌ല മേധാവി എലോൺ മസ്ക് രംഗത്ത്. ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബോ ബാലിസ്റ്റിക് മിസൈലുകളോ ഉദ്ദേശിച്ചല്ല എലോൺ മസ്ക് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അഥവാ നിര്‍മ്മിത ബുദ്ധിയിൽ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന് നേതൃത്വം നൽകുക എന്നും അദ്ദേഹം പ്രവചിക്കുന്നു.
ശാസ്ത്ര–സാങ്കേതിക ലോകത്തെ നിലവിലെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടർന്നാൽ വൈകാതെ തന്നെ അത് ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. ലോകത്തിന് ഭീഷണിയായവരുടെ പട്ടികയിൽ ഉത്തരകൊറിയ ഏറെ താഴെയാണ്. കൃത്രിമ ബുദ്ധിയാണ് ഇക്കാര്യത്തിൽ മുന്നിലെന്നും മസ്കിന്റെ ട്വീറ്റുകളിൽ പറയുന്നുണ്ട്.
undefined
രാജ്യാന്തര തലത്തിൽ എഐ മേധാവിത്വം വൻ ഭീഷണിയാകും. ഇത് മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമാകുമെന്നും ഇന്റർനെറ്റ് ഷോർട്ട് കട്ട് ഉപയോഗിച്ചുള്ള മസ്കിന്റെ ട്വീറ്റുകൾ മുന്നറിയിപ്പ് നൽകുന്നു. കൃത്രിമ ബുദ്ധി റഷ്യയുടെ മാത്രമല്ല, മനുഷ്യവർഗത്തിന്റെ കൂടി ഭാവിയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് മസ്കിന്റെ മുന്നറിയിപ്പ് ട്വീറ്റുകൾ.
കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയിൽ വിജയിക്കുന്നവരായിരിക്കും നാളെ ഈ ലോകം ഭരിക്കുകയെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ യുഎസ്, ചൈന, ഇന്ത്യ രാജ്യങ്ങളാണ് കൃത്രിമബുദ്ധി യന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നവർ. എഐ ഉപയോഗപ്പെടുത്തിയുള്ള യുദ്ധം തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. ഒരുപക്ഷേ ഈ ലോകത്തിന്റെ അവസാനം കൂടിയാകും അത്.