ഭാവിയിലേക്കുള്ള ബ്രസീലിന്‍റെ പാലങ്ങള്‍: ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ച

By Web Team  |  First Published Nov 16, 2023, 9:40 PM IST

ഒരു പുതിയ ഇനം അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കാണ് ബ്രസീൽ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. അത് ഡിജിറ്റൽ ആണ്.


എഴുതിയത്: ക്രിസ്റ്റ്യൻ പെറോൺ

ഈ ലേഖനം കാര്‍ണെഗി ഇന്ത്യയുടെ എട്ടാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (ഡിസംബര്‍ 4-6, 2023) പ്രമേയമായ ‘ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി’യെക്കുറിച്ചുള്ള പരമ്പരയുടെ ഭാഗമാണ്. ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പോളിസി പ്ലാനിങ് ആൻഡ് റിസര്‍ച്ച് ഡിവിഷന്‍റെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

Latest Videos

undefined

ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചര്‍, ക്രിട്ടിക്കൽ ആൻഡ് എമേര്‍ജിങ് ടെക്നോളജി, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് സമ്മേളനം ശ്രദ്ധചെലുത്തുന്നത്.

കൂടുതൽ വിവരങ്ങള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും ക്ലിക് ചെയ്യൂ. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ മീഡിയ പാര്‍ട്‍ണര്‍ ആണ്.

 

ഗുവാനബാര ഉൾക്കടലിന് കുറുകെയുള്ള 13.29 കിലോമീറ്റര്‍ നീളമുള്ള പാലം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലമൊന്നുമല്ല; എങ്കിലും ബ്രസീലുകാര്‍ക്ക് അത് ഇപ്പോഴും ഒരു വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതിയാണ്. അതേ സമയം സാമൂഹിക പരിവര്‍ത്തനം പരിഗണിച്ചാൽ മറ്റു പല പദ്ധതികളും ഈ പാലത്തെക്കാള്‍ അതിശയിപ്പിക്കുന്നതാണ്. പക്ഷേ, കോൺക്രീറ്റ് കൊണ്ടല്ല ഈ പുതിയ പാലങ്ങള്‍, പകരം 'ബൈറ്റ്'കള്‍ കൊണ്ടാണ് നിര്‍മ്മാണം.

ഒരു പുതിയ ഇനം അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കാണ് ബ്രസീൽ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. അത് ഡിജിറ്റൽ ആണ്. ഇതിന് ഉദാഹരണമായി നിരവധി പദ്ധതികളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടവ ചുവടെ:

Pix - സെൻട്രൽ ബാങ്ക് നയിക്കുന്ന ഇൻസ്റ്ററ്റ് പെയ്മെന്‍റ് സംവിധാനമായ ഇത്  ഉപയോഗിക്കുന്നു. ബ്രസീലിന്‍റെ ആകെ ജനസംഖ്യ 213 ദശലക്ഷമാണ്. 2022-ൽ ഒരു ട്രില്യൺ ബ്രസീലിയൻ ഹെഐഷ് (200 ബില്യൺ ഡോളര്‍) മൂല്യമുള്ള ട്രാൻസ്‍ഫറുകള്‍ ഇതിലൂടെ നടന്നു.

gov.br - വ്യക്തികളുടെ ഐഡന്‍റിറ്റി വെരിഫിക്കേഷൻ സാധ്യമാക്കുന്ന ഒരു പൊതു പ്ലാറ്റ്‍ഫോം. ഇതിലൂടെ പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സ്വീകരിച്ചത് 130ദശലക്ഷം പേരാണ്. ബ്രസീലിലെ പ്രായപൂര്‍ത്തിയായവരിൽ 80 ശതമാനത്തോളം വരും ഇത്.

DREX - ഡിജിറ്റൽ കറൻസി അധിഷ്ഠിതമായി നിര്‍മ്മിച്ച ഒരു ഇന്‍റലിജന്‍റ് ഫൈനാൻഷ്യൽ സര്‍വീസ് സംവിധാനം. ഇത് 2024-ൽ ഉപയോഗക്ഷമമാകും. ഓഹരികള്‍, കടപ്പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ ആസ്തികള്‍ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനത്തിലൂടെ ചെലവ് കുറക്കാനും എല്ലാവര്‍ക്കും  സാമ്പത്തിക സേവനങ്ങളിൽ പങ്കാളികളാകാനും കഴിയും.

ഈ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലെ വിടവ് നികത്താനാകും. ജനങ്ങളെ ബിസിനസ്സുകളുമായും സര്‍ക്കാരുമായും കൂടുതൽ 'കണക്റ്റഡ്' ആക്കാനും കഴിയും. മാത്രമല്ല ഈ സംവിധാനങ്ങള്‍ സാമ്പത്തിക, നഗര-ഗ്രാമീണ, ജെണ്ടര്‍ വിടവുകള്‍ കുറക്കും. വസ്തുക്കളും സേവനങ്ങളും എളുപ്പത്തിൽ എത്തിപ്പിടിക്കാനാകുന്നതോടെ വികസന സാധ്യതകള്‍ എല്ലാവരിലേക്കും എത്തും, വിതരണം കൂടുതൽ സുഗമമാകും, ക്ഷേമം ഉറപ്പിക്കാനുമാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാജ്യത്തിന്‍റെ ജി.ഡി.പി ഉയര്‍ത്തുക മാത്രമല്ല, ശരിയായ, തുല്യമായ സംവിധാനത്തിനും ഇത് സഹായകമാകും.

ബ്രസീലിൽ Pix അവതരിപ്പിച്ചതിലൂടെ ബാങ്കിങ് സേവനങ്ങള്‍ ആശ്രയിക്കുന്നവര്‍ 70 ശതമാനത്തിൽ നിന്നും 84ശതമാനമായി ഉയര്‍ന്നു. ഏതാണ്ട് 680 ദശലക്ഷം യൂസര്‍ ട്രാൻസാക്ഷനുകളാണ് gov.br വഴി സാധ്യമായത്. ഇതിലൂടെ ഏതാണ്ട് 3 ബില്യൺ ബ്രസീലിയൻ ഹെഐഷ് (600 മില്യൺ ഡോളര്‍) പൊതുഘജനാവിന് ലാഭിക്കാനുമായി. ഔദ്യോഗിക ഡിജിറ്റൽ കറൻസിയിൽ അധിഷ്ഠിതമായ ഇന്‍റലിജൻസ് ഫൈനാൻഷ്യൽ സര്‍വീസായ DREX, 'സ്‍മാര്‍ട്ട് കോൺടാക്റ്റ് ടെക്നോളജി'യിലൂടെ ഈ മേഖലയെ ജനാധിപത്യവൽക്കരിക്കുകയാണ്.

ഈ പദ്ധതികളിലൂടെ പൊതുനന്മക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നതാണ് സാധ്യമാകുന്നത്. ഇവ പൊതു സേവനങ്ങളാണെങ്കിലും സര്‍ക്കാരുകള്‍ക്ക് ഈ പദ്ധതികള്‍ വികസിപ്പിക്കാനും നിലനിര്‍ത്താനും വേണ്ട സേവനങ്ങള്‍ ബാധ്യതയാകില്ല. കാലങ്ങളായി നിലവിലുള്ള പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തിനും അപ്പുറത്താണ് ഈ സേവനങ്ങള്‍. നിരവധി പേരാണ് ഇതിൽ പങ്കാളികള്‍. സ്വകാര്യ മേഖല, പൗരസമൂഹം, വിദ്യാഭ്യാസ വിദഗ്ധര്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം സര്‍ക്കാരുകളെ ഒരു കോര്‍ഡിനേറ്റര്‍ സ്വഭാവത്തിലേക്ക് മാറ്റുന്നു.

മുൻപ് സൂചിപ്പിച്ച ഈ സമീപനം Pix ശ്രദ്ധിച്ചാൽ മനസ്സിലാകും. ഈ പ്ലാറ്റ്‍ഫോം നിര്‍മ്മിച്ചത് നിരവധി പങ്കാളികളോട് സംസാരിച്ചതിനും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തതിനും ശേഷമാണ്. ഇത് വികസിപ്പിക്കാന്‍ 200-ൽ അധികം സ്ഥാപനങ്ങള്‍ Pix Forum എന്ന പൊതുവേദിയിൽ പങ്കാളികളായി. അതേ സമയം ബ്രസീൽ സര്‍ക്കാര്‍ സ്ഥാപനമായ ബ്രസീലിയൻ സെൻട്രൽ ബാങ്ക് ഇതിന്‍റെ നിയന്ത്രണവും സൂപ്പര്‍വിഷനും കൈകാര്യം ചെയ്യുന്നു. ഇതോടെ പുതിയ ഉപയോഗങ്ങള്‍ സാധ്യമാക്കുന്നതിനൊപ്പം തന്നെ ദോഷകരമായ രീതിയിൽ പ്ലാറ്റ്‍ഫോം കൈകാര്യം ചെയ്യപ്പെടുന്നത് തടയാനും കഴിയുന്നു.

പുതിയ ഡിജിറ്റൽ അടിസ്ഥാനസൗകര്യ പദ്ധതികളുടെ മറ്റൊരു പ്രധാന ഗുണം ഇവ മറ്റു സംവിധാനങ്ങള്‍ക്കൊപ്പം സുഗമമായി പ്രവര്‍ത്തിക്കും (interoperability) എന്നതാണ്. വ്യത്യസ്തങ്ങളായ സംവിധാനങ്ങള്‍ക്കും സംഘടനകള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്നതിനൊപ്പം ഒറ്റ സംവിധാനമായി കൂടിച്ചേരേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയുന്നു. പൊതുസേവനങ്ങള്‍, പൊതു ഭരണ സംവിധാനങ്ങളുടെ വിവിധ സേവനങ്ങള്‍ എന്നിവ നൽകുന്നതിൽ gov.br ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. സമാന സ്വഭാവമില്ലാത്ത കാര്യങ്ങള്‍ പിന്നണിയിൽ ഉണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രശനങ്ങളില്ലാതെ സേവനം ലഭിക്കും. മൊത്തത്തിൽ പറഞ്ഞാൽ ഫിസിക്കൽ ഇൻഫ്രാസ്ട്രക്ച്ചര്‍ പദ്ധതികളിൽ നിന്നും ഡിജിറ്റലിലേക്ക് മാറുമ്പോള്‍ ഈ സേവനങ്ങള്‍ക്ക് ദേശീയതലത്തിൽ മാത്രമല്ല അന്താരാഷ്ട്രതലത്തിൽ സേവനം വിപുലപ്പെടുത്താന്‍ കഴിയും. ബ്രസീൽ പോലെയുള്ള രാജ്യങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രധാന ഭാഗങ്ങളിൽ സമവായം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിൽ ഇതിന്‍റെ ഫലപ്രാപ്തി വളരെ വലുതായിരിക്കും; പ്രത്യേകിച്ചും അസമത്വം കുറക്കുന്നതിൽ. ഈ സാഹചര്യത്തിൽ ഭാവിയിലേക്കുള്ള പാലം തീര്‍ച്ചയായും ഡിജിറ്റൽ തന്നെയാണ് എന്ന് വേണം കരുതാന്‍.

 

ലേഖകൻ:

ക്രിസ്റ്റ്യൻ പെറോൺ. ജോര്‍ജ്‍ടൗൺ, യു.ഇ.ആര്‍.ജെ എന്നിവിടങ്ങളിൽ നിന്നും സ്പ്ലിറ്റ്-സൈഡ് പി.എച്ച്.ഡി. ജോര്‍ജ്‍ടൗൺ ലോ സെന്‍ററിലെ ഫുൾബ്രൈറ്റ് സ്കോളര്‍. പ്രധാന ശ്രദ്ധ ഇന്‍റര്‍നാഷണൽ റെഗുലേഷൻ, ടെക്നോളജി വിഷയങ്ങളിൽ. യു.കെ കേംബ്രിജ് സര്‍വകലാശാലയിൽ നിന്നും അന്താരാഷ്ട്ര നിയമത്തിൽ എൽ.എൽ.എം നേടി. യൂറോപ്യൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അന്താരാഷ്ട്ര ഹ്യൂമൻറൈറ്റ്സ് ലോ ഡിപ്ലോമ. ഓര്‍ഗനൈസേഷൻ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിലെ ഇന്‍റര്‍ അമേരിക്കന്‍ ജുറിഡീഷ്യൽ കമ്മിറ്റിയിൽ മുൻപ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൈവസി, ഡാറ്റ പ്രൊട്ടക്ഷൻ എന്നിവയിൽ ഓര്‍ഗനൈസേഷൻ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് റാപ്പറ്റുവോയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. കോര്‍ട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ്, ഇന്‍റര്‍ അമേരിക്കൻ‍ കമ്മീഷൻ എന്നിവിടങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് സ്പെഷ്യലിസ്റ്റായി ജോലിനോക്കിയിട്ടുണ്ട്. നിലവിൽ ലോ പാര്‍ട്‍ണര്‍, പബ്ലിക് പോളിസി കൺസൾട്ടന്‍റ്, റിയോ ഡി ജനീറോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജി ആൻഡ് സൊസൈറ്റിയിലെ ഗവ്ടെക്, റൈറ്റ്സ് ആൻഡ് ടെക്നോളജി ടീമുകളുടെ തലവൻ എന്നീ ചുമതലകള്‍ വഹിക്കുന്നു.

 

click me!