എങ്ങനെയാണ് ചുഴലിക്കാറ്റുകൾ രൂപമെടുക്കുന്നത്?

By അരുണ്‍ അശോകന്‍  |  First Published Mar 13, 2018, 2:22 PM IST
  • ചുഴലിക്കാറ്റുകളുടെ പ്രവചനം എങ്ങനെ?
  • ചുഴലിക്കാറ്റുകളെ സംബന്ധിച്ച് എന്തൊക്കെ പ്രവചിക്കാം?  എപ്പോൾ പ്രവചിക്കാം?

മുദ്ര ജലത്തിലെ താപവ്യതിയാനത്തിൽ നിന്നാണ് ന്യൂനമർദ്ദങ്ങൾ രൂപമെടുക്കുന്നത്. ഇത് വലിയൊരു സിസ്റ്റമായി മാറാൻ വേറെ ചില ഘടകങ്ങൾ കൂടി വേണം. താപനില ഉയർന്ന് നിൽക്കുന്ന കടൽ ജലത്തിൽ നിന്ന് ഊർജം വലിച്ചെടുത്ത് ഇതിന് വേഗത്തിൽ വലുതാകാൻ കഴിയും. ഒരു എഞ്ചിൻ പോലെയാണ് പിന്നീട് ഇവ പ്രവർത്തിക്കുക. മർദ്ദ-താപവ്യതിയാനം കൂടുതൽ ശക്തമാകുന്നതോടെ രൂപവും ഭാവവുമൊക്കെ മാറുന്നവയാണ് ഈ ന്യൂനമർദ്ദങ്ങൾ. ഭൂമിയുടെ സ്വയംകറങ്ങല്‍ കാരണമുണ്ടാകുന്ന കോറിയോലിസ് പ്രഭാവമാണ് ന്യൂനമർദങ്ങൾക്കും കറക്കം നൽകുന്നത്.  ഈ ന്യൂനമർദ്ദങ്ങൾ കൂടുതൽ വേഗതയും വ്യാപ്തിയും ആർജ്ജിക്കുന്നതോടെയാണ് ഡീപ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ  എന്നിങ്ങനെ പരിവർത്തനപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും അറ്റ്‍ലാന്റിക്കിൽ ഹറികെയ്ൻസ് എന്നും പസഫിക്കിൽ ടൈഫൂൺസ് എന്നും വ്യത്യസ്ത പേരുകളുണ്ടെങ്കിലും പ്രതിഭാസം ഒന്നുതന്നെയാണ്.

ഇത്തരം സിസ്റ്റങ്ങളുടെ അതീവ ശാന്തമായ കേന്ദ്രഭാഗം ഐ എന്ന് അറിയപ്പെടുന്നു. ഐ ക്ക് ചുറ്റുമുള്ള ഐവാളാണ് ഏറ്റവും അപകടകാരിയായ മേഖല. ഈ മേഖലയിൽ അതിശക്തമായ മഴ, കാറ്റ്, ഇടിവെട്ട് മിന്നൽ ഒക്കെ ഉണ്ടാകും. ഇതിന് വെളിയിലുള്ള മേഖലയിലും കാറ്റും മഴയും അനുഭവപ്പെടും. ശക്തി അനുസരിച്ച് 150 മുതൽ 1000 കിലോ മീറ്റർ വരെ വ്യാപ്തി ഈ സിസ്റ്റങ്ങൾ ആർജിക്കാറുണ്ട്.  കടലിൽ നിൽക്കുന്നിടത്തോളം ശക്തി കൂടാനാണ് സാധ്യത കൂടുതൽ. കരയിൽ കയറുന്നതോടെ സമുദ്രജലത്തിൽ നിന്ന് കൂടുതൽ ഊർജം വലിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനാൽ ശക്തി കുറയും . എന്നാൽ അത്രയും സമയം കൊണ്ട് കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും.

Latest Videos

undefined

ചുഴലിക്കാറ്റുകളുടെ പ്രവചനം എങ്ങനെ?

 ചുഴലിക്കാറ്റുകളുടെ പ്രവചനം ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങൾ, ഡോപ്ലർ റഡാറുകൾ, കപ്പലുകൾ , വിമാനങ്ങൾ, കടലിൽ സ്ഥിരമായി നിക്ഷേപിച്ചിട്ടുള്ള ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ  പ്രവചനങ്ങൾ നടത്തുന്നത്. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമെ വിവിരവിശകലനത്തിനുള്ള സൂപ്പർ കംപ്യൂട്ടറുകളും കൃത്യമായ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും മുന്നറിവുമുള്ള ആളുകളും വേണം. ലോകത്ത് ആകമാനമുള്ള ചുഴലിക്കാറ്റുകളെ നിരീക്ഷിക്കാൻ ലോക കാലാവസ്ഥ ഏജൻസിക്ക് പ്രത്യേക സംവിധാനമുണ്ട്.  വിവിധ മേഖലകളിൽ പല രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ലോക കാലാവസ്ഥ ഏജൻസി പ്രവർത്തിക്കുന്നത്. മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ RSMC (Regional Specialized Meteorological Centres) കൾ എന്നാണ് അറിയപ്പെടുന്നത്.  ദില്ലി അടക്കം ആറ് RSMC കളാണ് ഉള്ളത്.  ഇതിന് പുറമെ ആറ് Tropical Cyclone Warning Centres   ഉം ഉണ്ട്.

ചുഴലിക്കാറ്റുകളെ സംബന്ധിച്ച് എന്തൊക്കെ പ്രവചിക്കാം?  എപ്പോൾ പ്രവചിക്കാം?

ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകൾ ആകുന്നതിന് ദിവസങ്ങൾക്ക് മുൻപേ കണ്ടെത്താനും പ്രവചിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ പാത , അത് എങ്ങനെ പുരോഗമിക്കും എന്നിവയും പ്രവചിക്കാറുണ്ട്. വിവിധ കാലാവസ്ഥ പ്രവചന ഏജൻസികളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ ഇത്തരം മുന്നറിയിപ്പുകൾ കാണാനും കഴിയും.  കടലിലൂടെയുള്ള ചരക്ക് നീക്കം, വിമാനങ്ങളുടെ പോക്ക്, സൈനിക നീക്കങ്ങൾ എന്നിവയെ ഒക്കെ ചുഴലിക്കാറ്റുകൾ സ്വാധീനിക്കുമെന്നതിനാൽ പ്രവചനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ലോകരാജ്യങ്ങൾക്കാകില്ല.

പക്ഷെ ഇത്തരം കാറ്റുകൾ കരയിലേക്ക് കയറുന്നതിനെയാണ് ലോകം എന്നും ഭീതിയോടെ നോക്കുന്നത്. അത്തരം സന്ദർഭങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് . അതുകൊണ്ട് തന്നെ കരയിലേക്ക് കയറാനുള്ള സാധ്യതാപ്രവചനം ഏറ്റവും നിർണായകവുമാണ്.

വലിയ മഴമേഘങ്ങളുമായി കിലോമീറ്റർ വ്യാസത്തിൽ വികസിക്കുന്ന ഇത്തരം സിസ്റ്റങ്ങളുടെ നീക്കവും മാറ്റങ്ങളും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ വിലയിരുത്താനാകും. സമുദ്രജലത്തിന്റെ താപനില അളക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ഇപ്പോൾ ഉപഗ്രഹങ്ങളിലുണ്ട്. കാറ്റിന്റെ കേന്ദ്രഭാഗത്തെ താപനില, അതിന് പുറത്തുള്ള താപനില അതിനും പുറത്തുള്ള മേഖലകളിലെ താപനില. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് കാറ്റിന്റെ പാത കണക്ക് കൂട്ടിയെടുക്കാൻ കഴിയാറുണ്ട്.

ഈ ട്രാക്കിംഗിന്റെ കൃത്യതത പ്രവചനത്തിന് സ്വീകരിക്കുന്ന മെത്തേഡ് മുതൽ സൂപ്പർ കംപ്യട്ടറുകളുടെ കഴിവ്,ലഭിച്ച വിവരങ്ങൾ എന്നിവയെ ഒക്കെആശ്രയിച്ചിരിക്കും.  പാതയുടെ പ്രവചനത്തേക്കാൾ കാറ്റിന്റെ ശക്തി എപ്പോൾ എങ്ങനെ മാറുമെന്നുള്ള പ്രവചനം സങ്കീർണമാണ്. എങ്കിലും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ലോകത്തെ പ്രമുഖ കാലാവസ്ഥ ഏജൻസികൾ ഇതൊക്കെ ചെയ്യാറുണ്ട്.  ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യമായി കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള വഴിയും കാറ്റിന്റെ ശക്തിയിലെ മാറ്റവും പ്രവചിക്കാൻ പലപ്പോഴും കഴിയാറുണ്ട്.

click me!