ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റായ ഗെയ്ഡഡ് പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ ചന്ദിപ്പുരിലെ പ്രതിരോധ താവളത്തിലായിരുന്നു പരീക്ഷണം. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വർധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാർഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, റിസേർച്ച് സെന്റർ ഇമ്രാത്, ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ലബോർട്ടറി എന്നിവ സംയുക്‌തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. 1995 മുതൽ പിനാക റോക്കറ്റ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ കരസേനയുടെ ഭാഗമാണിത്.