ഗ്രീൻലാൻഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഇന്നാർസ്യൂട്ട് ദ്വീപിലെ താമസക്കാരുടെ ശാന്തമായ മഞ്ഞുകാലത്ത് ഭീതി പടര്‍ത്തി മഞ്ഞുമല. ഇക്കാലമത്രയും ഈ ദ്വീപുകാരുടെ മഞ്ഞു കാലം സന്തോഷകരമായിരുന്നു. എന്നാൽ ഇക്കുറി, അങ്ങനെയല്ല. ആഘോഷങ്ങളില്ല, ആരവങ്ങളില്ല, എവിടെയും നിശബ്ദത. അതേ, ഇന്നാർസ്യൂട്ട് ദ്വീപ് മരണഭീതിയിലാണ്. തങ്ങളുടെ ദ്വീപിനടുത്തായ്, കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീമൻ മഞ്ഞുമലയാണ് ഇവിടത്തുകാരുടെ പേടിക്കു കാരണം.
11 മില്യൺ ടൺ ഭാരവും 100 മീറ്റർ ഉയരവുമുണ്ട് ഈ മഞ്ഞുമലയ്ക്ക്. അതായത് ഇംഗ്ലണ്ടിലെ ബിഗ് ബെൻ ടവറിനോളം ഉയരം. ഈ മഞ്ഞുമല പൊട്ടിപ്പിളർന്നാൽ ഇന്നാർസ്യൂട്ട് ദ്വീപുകാർക്കു സുനാമിയാകും നേരിടേണ്ടിവരിക എന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ഇത്ര വലിയ മഞ്ഞുമല കടലിൽതാഴ്ന്നാൽ ഇന്നാർസ്യൂട്ട് ദ്വീപ് പൂർണമായും വെള്ളത്തിലാകുമത്രേ. മഞ്ഞു മല ദ്വീപിൽ വന്നിടിക്കുമോ എന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ ദിവസം മഞ്ഞുമല അകലേക്ക് ഒഴുകിനീങ്ങിയത് ആശ്വാസത്തിനിട നൽകിയെങ്കിലും കനത്ത കാറ്റിനേത്തുടർന്ന് അതു വീണ്ടും ദ്വീപനടുത്തേക്കെത്തി. എത്രയും പെട്ടെന്ന് വേലിയേറ്റമുണ്ടാകണമേയെന്ന പ്രാർഥനയിലാണ് ദ്വീപിലെ താമസക്കാരായ 170 പേരിപ്പോൾ. വേലിയേറ്റമുണ്ടായാൽ മഞ്ഞു മല ഒഴുകിപ്പോകുമെന്ന കണക്കുകൂട്ടലാണ് അവർക്കു പ്രതീക്ഷയാകുന്നത്.