ഗൂഗിള്‍ പിക്സല്‍ വിപണിയില്‍ ഉണ്ടാക്കിയ തരംഗം അവസാനിക്കും മുന്‍പേ ഗൂഗിള്‍ പിക്സല്‍ 2 ഇറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 9ടു5 ഗൂഗിള്‍ ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017 അവസാനത്തോടെയാണ് ഗൂഗിള്‍ പിക്സല്‍, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ എന്നിവയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ക്യാമറയിലായിരിക്കും ഗൂഗിള്‍ തങ്ങളുടെ പുതിയ ഫോണില്‍ വലിയ മാറ്റം വരുത്തുക. ഗൂഗിള്‍ പിക്സല്‍ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി ടെക് നിരൂപകര്‍ വിലയിരുത്തിയത് ക്യാമറ ക്വാളിറ്റിയാണ്. ഇത് തന്നെയാണ് വിപണിയിലും പിക്സലിന് തുണയായത്. അതിനാല്‍ തന്നെ ഒരു അഴിച്ചുപണിയല്ല അപ്ഗ്രേഡാണ് ക്യാമറയില്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
5 ഇഞ്ചും, 5.5 ഇഞ്ചും വലിപ്പത്തില്‍ രണ്ട് മോഡലായാണ് ഗൂഗിള്‍ പിക്സല്‍ ഇറങ്ങിയത്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഓപ്പറേറ്റിഗ് സിസ്റ്റത്തോടെ എത്തിയ ഫോണ്‍ മികച്ച മോഡല്‍ ആണെന്നാണ് പൊതുവില്‍ വിശേഷിക്കപ്പെട്ടത്.