സ്വകാര്യത ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലെ ലോക്ക്‌ഡ് ഫോള്‍ഡറില്‍ സൂക്ഷിക്കാനുള്ള സംവിധാനം നേരത്തെമുതലുണ്ട്
ഫോട്ടോ മാനേജിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഫോട്ടോസില്‍ ലോക്ക്‌ഡ് ഫോള്‍ഡര്‍ കണ്ടെത്തുക അനായാസമാക്കി ഗൂഗിള്‍. സ്വകാര്യത ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ലോക്ക് ചെയ്‌ത് സൂക്ഷിക്കുന്ന ഈ ഫോള്‍ഡറില്‍ പ്രവേശിക്കാനുള്ള വഴികള്‍ ഗൂഗിള്‍ ഫോട്ടോസ് പുതിയ അപ്‌ഡേറ്റോടെ എളുപ്പമാക്കി മാറ്റിയിരിക്കുകയാണ്. മുമ്പ് ഏറെ പണിപ്പെട്ട് വേണമായിരുന്നു ഈ ഫോള്‍ഡറില്‍ എത്തിച്ചേരാന്‍. എന്നാല്‍ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് ആശങ്കകളും ഉയര്‍ന്നിട്ടുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വകാര്യത ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലെ ലോക്ക്‌ഡ് ഫോള്‍ഡറില്‍ സൂക്ഷിക്കാനുള്ള സംവിധാനം നേരത്തെമുതലുണ്ട്. എന്നാല്‍ അടച്ചുറപ്പുള്ള ഈ ഫോള്‍ഡറിലേക്ക് പ്രവേശിക്കുക യൂസര്‍മാര്‍ക്ക് എളുപ്പമായിരുന്നില്ല. എന്നാല്‍ പുതിയ അപ്ഡേറ്റ് പ്രകാരം ലോക്ക്‌ഡ് ഫോള്‍ഡര്‍ ഫേവറൈറ്റ്, ആര്‍ക്കൈവ്, ട്രാഷ് തുടങ്ങിയ ഓപ്ഷനുകള്‍ക്കൊപ്പം കാണാം. ഇതോടെ ഏറെ എളുപ്പത്തില്‍ ലോക്ക്‌ഡ് ഫോള്‍ഡറിലേക്ക് ഉപഭോക്താക്കള്‍ക്ക് എത്താം. പുതിയ അപ്ഡേറ്റ് പ്രകാരം ലോക്ക്‌ഡ് ഫോള്‍ഡര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്‌ത് നേരിട്ട് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും എത്താം. ഇത് ആളുകള്‍ക്ക് വളരെ ഉപകാരപ്പെടും എന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.
undefined
എന്നാല്‍ എളുപ്പത്തില്‍ ലോക്ക്‌ഡ് ഫോള്‍ഡറിലേക്ക് എത്താനാകുന്നത് അബദ്ധത്തില്‍ ഫോട്ടോകളും വീഡിയോകളും തുറക്കപ്പെട്ട് സ്വകാര്യതയെ ബാധിക്കുമോയെന്നുള്ള ആശങ്ക ചില യൂസര്‍മാര്‍ക്കുണ്ട്. ലോക്ക്‌ഡ് ഫോള്‍ഡര്‍ മുമ്പത്തെ രീതിയില്‍ പണിപ്പെട്ട് തുറക്കുന്നതായിരുന്നു നല്ലത് എന്ന് ഇവര്‍ വാദിക്കുന്നു. ഗൂഗിള്‍ ഫോട്ടോസ് ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ അപ്‌ഡേഷന്‍ വരുന്നുണ്ട്. പുതിയ രീതിയില്‍ ലോക്ക്‌ഡ് ഫോള്‍ഡര്‍ ഉപയോഗിക്കാനായി നിലവിലെ ആപ്പ് അപ്‌ഡേറ്റ് ചെയ്‌താല്‍ മതിയാകും. അതേസമയം യൂസര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കയെ കുറിച്ച് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.
Read more: മോട്ടോ ജി85 ഉടന്‍ ഇന്ത്യയില്‍; വിലയും ഫോണിന്‍റെ സവിശേഷതകളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം