ജോലിക്കിടെ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്? 1990 ൽ ഫോൺ നിരോധിച്ച കമ്പനിയിലെ പഠനം തെളിയിക്കുന്നത് അറിയാം!

By Web Team  |  First Published Jan 13, 2024, 8:03 PM IST

1990 ൽ ഫോൺ ഉപയോഗം നിരോധിച്ച ഒരു ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂറോപ്യൻ ശാഖയിലായിരുന്നു പ്രധാനമായും ഇവരുടെ ഗവേഷണവും പ്രായോഗിക പരീക്ഷണങ്ങളും കണ്ടെത്തലുകളും


ഫോൺ ഉപയോഗം വ്യക്തി ജീവിതത്തിലും ജോലി സ്ഥലത്തും പ്രശ്നമുണ്ടാക്കുമെന്ന ഉത്കണ്ഠ നിങ്ങളെ അലട്ടുന്നുണ്ടോ? ജോലി സ്ഥലത്ത് ഫോൺ ഉപയോ​ഗിച്ചാൽ ജോലിയിൽ ശ്രദ്ധ കുറയുമെന്ന പേടിയുണ്ടോ? അങ്ങനെയങ്ങ് ഫോണിനെ വില്ലനാക്കാൻ വരട്ടെയെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. തൊഴിലിടങ്ങളിൽ ഫോൺ വില്ലനാണെന്ന് കരുതുന്ന കമ്പനികൾക്കും ജീവനക്കാർക്കും പുതിയ പഠനം ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ജോലിസ്ഥലത്ത് മിതമായ അളവിൽ ഫോൺ ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ഗാൽവേ - മെൽബൺ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നത്. ഗാൽവേ - മെൽബൺ സർവകലാശാലകളുടെ ഗവേഷണത്തിൽ ഏറ്റവും പ്രധാനമായി ചൂണ്ടികാട്ടുന്നത് ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ജോലി സ്ഥലത്തെ മിതമായ ഫോൺ ഉപയോഗം സഹായിക്കുമെന്നാണ് പറയുന്നത്.

വൻ വിജയം, നവകേരള സദസിൽ സമഗ്ര അവലോകനം നടത്തി സിപിഎം; ഇനി ചെയ്യേണ്ട കാര്യങ്ങളും നിർദ്ദേശിച്ചു

Latest Videos

undefined

ഗാൽവേ സർവകലാശാലയിലെ പ്രഫസർ ഇയോൺ വീലനാണ് ഗാൽവേ - മെൽബൺ സർവകലാശാലകളുടെ സംയുക്ത ഗവേഷണത്തിന് നേതൃത്വം നൽകിയത്. ജോലിയും വ്യക്തി ജീവിതവുമായുള്ള സന്തുലിതാവസ്ഥ മെച്ചപ്പെ‌ടുത്താനും ഫോൺ ഉപയോഗം നല്ലതാണെന്നും ഗവേഷണം പറയുന്നു. ജീവനക്കാരുടെ ഫോൺ ഉപയോഗം നിരോധിച്ചിരുന്ന കമ്പനിയിലടക്കം ഈ സംഘം ഗവേഷണം നടത്തിയിരുന്നു. 1990 ൽ ഫോൺ ഉപയോഗം നിരോധിച്ച ഒരു ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂറോപ്യൻ ശാഖയിലായിരുന്നു പ്രധാനമായും ഇവരുടെ ഗവേഷണവും പ്രായോഗിക പരീക്ഷണങ്ങളും കണ്ടെത്തലുകളും.

ഈ കമ്പനി 1990 മുതൽ ജോലിസ്ഥലത്ത് സ്വകാര്യ ഫോണുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായതിനാൽ ജീവനക്കാർക്ക് നിരവധി അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടി വരും. ഇതിനിടയിലെ ഫോൺ ഉപയോ​ഗം ജീവനക്കാരുടെ ശ്രദ്ധ തിരിക്കുമെന്നതുപോലെയുള്ള, ആരോഗ്യ - സുരക്ഷാ കാരണങ്ങളാലാണ് നിരോധനമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ അടഞ്ഞ മുറിക്കുള്ളിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ജീവനക്കാരെ ഇത് വല്ലാതെ ബാധിച്ചെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ജോലിക്കെത്തിയാൽ പിന്നെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ ജീവനക്കാരുടെ മാനസിക സമ്മ‍ർദ്ദം വർധിപ്പിച്ചെന്നും കണ്ടെത്തി.

ഗവേഷണത്തിന്‍റെ ഭാഗമായി ഇതേ കമ്പനിയിലെ ജീവനക്കാർക്ക് ഫോൺ അനുവദിച്ചതോടെ വലിയ മാറ്റമാണ് കണാനായത്. ജീവനക്കാരുടെ മാനസികാവസ്ഥയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതോടെ കമ്പനി, ഫോൺ ഉപയോഗം നിരോധിച്ച തീരുമാനത്തിൽ മാറ്റം വരുത്തുകയും ചെയ്തു. പൂർണ്ണ നിരോധനത്തിൽ നിന്നും മിതമായ ഫോൺ ഉപയോഗത്തിനുള്ള അനുവാദമാണ് കമ്പനി നൽകിയിരിക്കുന്നത്. പൂർണമായ അളവിൽ ഫോൺ നിരോധിച്ചിട്ടുള്ള കമ്പനികൾക്കെല്ലാം ഇതൊരു പാഠമാണെന്നാണ് ഗവേഷണം ചൂണ്ടികാട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!