ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ശുക്രദൗത്യത്തിനുള്ള നിര്‍ണായക ചുവടുവെപ്പിലാണ്
ദില്ലി: ശുക്രന്‍റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശുക്രയാന്‍-1 ഓര്‍ബിറ്റര്‍ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. 2028ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ശുക്രയാന്‍ പേടകത്തിന് ഔദ്യോഗിക അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായി ഇസ്രൊ ഡയറക്ടര്‍ നിലേഷ് ദേശായി അറിയിച്ചു.
എന്താണ് ശുക്രയാന്‍-1?
ഭൂമിയോട് സൗദൃശ്യമുള്ളതായി കണക്കാക്കുന്ന ഗ്രഹമായ ശുക്രനെ ഭ്രമണം ചെയ്യാനായി ഇന്ത്യ നിര്‍മിക്കുന്ന ബഹിരാകാശ പേടകമാണ് ശുക്രയാന്‍-1. ശുക്രനില്‍ ഇറങ്ങാതെ അതിന്‍റെ അന്തരീക്ഷത്തെ വലവെച്ചാകും ശുക്രയാന്‍ വിവരങ്ങള്‍ ശേഖരിക്കുക. ശുക്രന്‍റെ ഉപരിതലവും ഉപരിതല ഘടനയും അന്തരീക്ഷവും പഠനവിധേയമാക്കുകയാണ് ശുക്രയാന്‍-1ന്‍റെ പ്രാരംഭ ലക്ഷ്യം. ശുക്രനിലെ കാലാവസ്ഥയെയും അഗ്നിപര്‍വതങ്ങള്‍ പോലുള്ള ഭൗമശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ശുക്രയാന്‍-1നാകുമെന്ന് ഇസ്രൊ കണക്കാക്കുന്നു. ശുക്രന്‍റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡും സള്‍ഫ്യൂരിക് ആസിഡും പ്രധാനമായും അടങ്ങിയിരിക്കുന്ന കവചത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുകയും ലക്ഷ്യം.
സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് ഇമേജിംഗ് ഡിവൈസുകള്‍ തുടങ്ങി ശുക്ര നിരീക്ഷണത്തിനായി അതിനൂതനമായ ഉപകരണങ്ങള്‍ ഈ പേടകത്തിലുണ്ടാകും.
കാത്തിരിക്കുന്ന സ്വപ്‌ന നേട്ടം
സംസ്‌കൃത വാക്കുകളായ ശുക്ര (വീനസ്), യാന (വാഹനം) എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ശുക്രനെ ചുറ്റിക്കറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹത്തിന് ശുക്രയാന്‍-1 എന്ന് പേരിട്ടത്. 2012ലാണ് ഇതിന്‍റെ പ്രാഥമിക ആലോചനകള്‍ ഇസ്രൊ ആരംഭിച്ചത്. ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് പേലോഡ് പ്രൊപ്പോസലുകള്‍ ക്ഷണിച്ചുകൊണ്ടായിരുന്നു ഐഎസ്ആര്‍ഒയുടെ തുടക്കം. 2024ല്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി നീട്ടുകയായിരുന്നു. ശുക്രയാന്‍ ദൗത്യത്തോടെ ശുക്രനില്‍ പര്യവേഷണം നടത്തുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ ചരിത്രമെഴുതും.
Read more: ഡിസംബറിന്‍റെ അത്ഭുതമാകാന്‍ ഐഎസ്ആര്‍ഒ; സ്‌പാഡെക്സ് ഡോക്കിംഗ്, പ്രോബ-3, എന്‍വിഎസ്-2 വിക്ഷേപണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം