ദില്ലി: സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒട്ടും സുരക്ഷിതമല്ലാത്ത ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യയെന്ന് സൈമന്‍ടെക്ക് റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ സുരക്ഷ നല്‍കുന്ന പ്രമുഖ കമ്പനിയാണ് സൈമന്‍ടെക്ക്. 2017 ല്‍ വിവിധ രാജ്യങ്ങളില്‍ നടന്ന സൈബര്‍ ആക്രമണങ്ങളുടെ കണക്കുകളും അതിന് സ്വീകരിച്ച നടപടികളും നിരീക്ഷിച്ചാണ് സൈമന്‍ടെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2017 ല്‍ ലോകത്ത് ആകെ നടന്നതിന്‍റെ 5.09 ശതമാനം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത് ഇന്ത്യയായിരുന്നു. ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായത് യു.എസ്സാണ് 26.61 ശതമാനം. രണ്ടാം സ്ഥാനത്തുളള ചൈനയാവട്ടെ 10.95 ശതമാനം സൈബര്‍ ആക്രമണങ്ങള്‍ക്കിരയായി. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സൈബര്‍ ആക്രമണങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. 2016 ല്‍ 5.11 ശതമാനം സൈബര്‍ ആക്രമണങ്ങള്‍ക്കായിരുന്നു ഇന്ത്യ ഇരയായത്.
മാല്‍വെയറുകള്‍, സ്പാമുകള്‍, റാന്‍സംവെയര്‍, തുടങ്ങിയവയെയാണ് സൈബര്‍ ആക്രമണങ്ങളുടെ പരിധിയില്‍ പൊടുത്തിയതെന്ന് സൈമന്‍ടെക്ക് അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം സ്പാം, ബോട്ട്സ് തുടങ്ങിയവയുടെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നെറ്റ്‍വര്‍ക്ക് വഴിയുളള ആക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുളളത്. റാന്‍സംവെയറുകളുടെ കാര്യത്തില്‍ നാലാം സ്ഥാനവും.