കാസര്‍കോട്: സൈനുദ്ദീന്‍ ഫഹദിന്റെ കുടുംബം മുഴുവന്‍ ബിസിനസുകാരാണ്. ഫഹദ് പഠിച്ചതും ബിസിനസ് മാനേജ്‌മെന്റ്. പക്ഷേ കോഴ്‌സ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഫഹദിന് മനസിലായി തന്റെ വഴി ബിസിനസല്ലെന്ന്. കച്ചവട താല്പര്യങ്ങള്‍ ഉപേക്ഷിച്ച ഫഹദ് പിന്നീട് തന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ നിന്നാണ് അസുര എന്ന ഇന്ത്യന്‍ വീഡിയോ ഗെയിമിന്റെ ആരംഭം.
കാസര്‍കോട് സ്വദേശിയാണ്് സൈനുദ്ദീന്‍ ഫഹദ്. ബിസിനസ് കുടുംബത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ഗെയിമിന്റെ വിശാലമായ ലോകത്തേയ്ക്കുള്ള മാറ്റത്തിനും ചുരുങ്ങിയ കാലം കൊണ്ട് ഒരു കമ്പനി ആരംഭിച്ച് ഒരു ഗെയിം നിര്‍മിക്കാനും ആ ഗെയിം ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റാവുകയും അന്താരാഷ്ട്രതലത്തില്‍ തന്നെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തതിന്റെ രഹസ്യം ഈ 27 കാരന്‍ തന്റെ കരിയറില്‍ എടുത്ത ചടുലമാര്‍ന്ന തീരുമാനങ്ങളും കഠിനാധ്വാനവും മാത്രമാണ്. കാസര്‍ഗോട്ടെ സ്റ്റര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സൈനുദ്ദീന്‍ ഫഹദ് തന്റെ അനുഭവം പങ്കുവെച്ചു.
undefined
ബിസിനസുകാരന്‍ അബ്ദുള്‍ റഹ്മാന്‍ ഫിറോസിന്റെയും ഫൗസിയയുടെയും മകനായ സൈനുദ്ദീന്‍ ഫഹദ് മുംബൈയിലാണ് പഠിച്ചതും വളര്‍ന്നതും. സ്‌കൂള്‍ പഠനശേഷം ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രി പഠനത്തിന് ചേര്‍ന്നു. എന്നാല്‍ കോഴ്സിന് ചേര്‍ന്ന് കഴിഞ്ഞ് അധികം വൈകാതെ മനസിലായി ഇതല്ല തന്റെ വഴിയെന്ന്. മൂന്ന് മാസത്തിനുള്ളില്‍ പഠനം ഉപേക്ഷിച്ചു. ഇതിനിടെ ഫുട്ബോള്‍ കളിക്കുന്നതിനിടെ കാലിന്റെ ലിഗ്മെന്റ് പൊട്ടി മൂന്നുമാസം വിശ്രമിക്കേണ്ടിവന്നത് ജീവിതത്തില്‍ വഴിത്തിരിവായി.
മുമ്പും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുമായിരുന്നെങ്കിലും ഇതൊരു ലഹരിയായി മാറുന്നത് ഇതിനിടെയാണ്. പിന്നീട് സ്വന്തമായി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നിര്‍മിക്കണമെന്ന ആഗ്രഹം. വീട്ടുകാരും എതിരുനിന്നില്ല. മുംബൈയിലെ പ്രശസ്തമായ ' മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്സ് (മാക്)' എന്ന സ്ഥാപനത്തില്‍ രണ്ടരവര്‍ഷത്തെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ കോഴ്സിന് ചേര്‍ന്നു. പഠനശേഷം ഉടന്‍തന്നെ 19 -ാം വയസില്‍ ഹൈദരാബാദില്‍ ഗെയിം ശാസ്ത്ര എന്ന കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.
പിന്നീട് സിനിമാനിര്‍മാണ കമ്പനിയായ മൂവിംഗ് പിക്ചേഴ്സ് കമ്പനിയുടെ ബംഗളുരുവിലെ ഓഫീസില്‍ ആനിമേഷന്‍ വിഭാഗത്തില്‍. സൂപ്പര്‍മാന്‍ മാന്‍ ഓഫ് സ്റ്റീല്‍ എന്ന ഹോളിവുഡ് സിനിമയ്ക്കുവേണ്ടി ത്രീഡി ആനിമേഷന്‍ ജോലി ചെയ്തു. എന്നാല്‍ വൈകാതെ ആ ജോലിയും ഉപേക്ഷിച്ചു. സിനിമയല്ല, കമ്പ്യൂട്ടര്‍ ഗെയിം ആണ് തന്റെ മേഖലയെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നില്‍.
പിന്നീടാണ് സുഹൃത്ത് ചെന്നൈ സ്വദേശി നീരജ് കുമാറിനൊപ്പം ഒരു കമ്പ്യൂട്ടര്‍ ഗെയിം നിര്‍മാണ കമ്പനി ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ നല്‍കിയ ആറുലക്ഷം രൂപ മൂലധനമാക്കി ഹൈദരാബാദ് ആസ്ഥാനമാക്കി ഓര്‍ഗി ഹെഡ് സ്റ്റുഡിയോ എന്ന കമ്പനി ആരംഭിച്ചു.
ചെറിയ ഗ്രാഫിക്സ്, ത്രീഡി ജോലികള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. ലോകവിപണി തന്നെ ലക്ഷ്യമിട്ട് ഒരു കമ്പ്യൂട്ടര്‍ ഗെയിം നിര്‍മിക്കാന്‍ ഇരുവരും തീരുമാനിച്ചു. ക്രിക്കറ്റും ബോളിവുഡുമാണ് പൊതുവേ ഇന്ത്യന്‍ ഗെയിമുകളുടെ വിഷയങ്ങള്‍. ഇത് രണ്ടിനോടും ഇവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. നൂറുശതമാനം ഒരു ഇന്ത്യന്‍ ഗെയിം. അതായിരുന്നു സ്വപ്നം. ഇന്ത്യന്‍ പുരാണങ്ങളും മിത്തുകളും വിഷയമാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് അസുര എന്ന ഗെയിം പിറവിയെടുക്കുന്നത്.
മൂന്നുവര്‍ഷം കൊണ്ടു ചെയ്ത ഈ ഗെയിമിന്റെ നിര്‍മാണത്തിന് അരക്കോടിയോളം രൂപ ചെലവായി. എന്നാല്‍ ഇവരുടെ കഠിനാധ്വാനം വെറുതെയായില്ല. ഗെയിം പെട്ടെന്ന് തന്നെ ഹിറ്റായി. മുടക്കുമുതല്‍ രണ്ടാഴ്ച കൊണ്ടുതന്നെ തിരിച്ചുപിടിച്ചു. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അഞ്ചാമത്തെ ബിറ്റ് സമ്മിറ്റില്‍ മികച്ച കമ്പ്യൂട്ടര്‍ ഗെയിം ആയി ഇത് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഗെയിം ഓഫ് ദി ഇയര്‍ ആയും യുഎസ്, തായ്വാന്‍ എന്നിവിടങ്ങളില്‍ മികച്ച ഗെയിമിനായുള്ള മത്സരത്തില്‍ നോമിനേഷനും ലഭിച്ചു.
പുതിയ ഗെയിമിന്റെ പണിപ്പുരയിലാണ് സൈനുദ്ദീനും കൂട്ടരും. വിദേശമാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഗെയിമുകള്‍ നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമാണ് പ്രധാന മാര്‍ക്കറ്റ്. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഗെയിം വിപണി വേണ്ടത്ര വികസിച്ചിട്ടില്ല. ഇന്ത്യയില്‍ നിലവില്‍ ആകെ ഒരുലക്ഷം പ്ലേ സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 0.1 ശതമാനം പോലും വരുന്നില്ല. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ 250 രൂപ ഇന്ത്യക്കാര്‍ ചെലവഴിക്കുമ്പോള്‍ അത്രയും തുകയ്ക്ക് കുറഞ്ഞത് ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഗെയിം സിഡി ലഭിക്കുമെന്ന കാര്യത്തെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല. എന്നാല്‍ ഈ മനോഭാവത്തിന് മാറ്റം വന്നുതുടങ്ങിയതായും ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഗെയിം വ്യവസായത്തിന്റെ ഭാവി ശോഭനമാണെന്നും സൈനുദ്ദീന്‍ പറഞ്ഞു.