ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന് ഏരിയൻ 5 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിസാറ്റിനൊപ്പം ഹെല്ലാസ് സാറ്റ് 3, ഇമ്മാർ സാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. പുലർച്ചെ 2.29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മിനിറ്റുകൾ താമസിച്ചാണ് സംഭവിച്ചത്.
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹ പരന്പരയിൽ പതിനേഴാമത്തേതാണ് ജിസാറ്റ് 17. 3,477 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. വാർത്താ വിനിമയം, കാലാവസ്ഥാ പഠനം തുടങ്ങിയവയ്ക്കുള്ള സി ബാൻഡ്, എക്സ്റ്റൻഡഡ് സി ബാൻഡ്, എസ് ബാൻഡ് ട്രാൻസ്പോണ്ടറുകളാണ് ഇതിലുള്ളത്.