പ്രതി വര്‍ഷം രണ്ട് ലക്ഷം ലാപ്ടോപുകളുടെ വിൽപ്പന കണക്കാക്കി 2019 ൽ പ്രഖ്യാപിച്ച പദ്ധതിയിൽ ആകെ നിര്‍മ്മിച്ചത് 12636 ലാപ്ടോപ്പുകൾ മാത്രമായിരുന്നു. ഗുണനിലവാരം, വില തുടങ്ങിയവയിലൊക്കെ ആശയക്കുഴപ്പമുണ്ടായി.
തിരുവനന്തപുരം: നാല് പുതിയ മോഡലുകളുമായി കോക്കോണിക്സ് ഈ മാസം റീലോഞ്ച് ചെയ്യുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രതിവർഷം രണ്ട് ലക്ഷം ലാപ്ടോപ്പുകളുടെ നിർമ്മാണം ലക്ഷ്യമിട്ടുകൊണ്ടാണ് കോക്കോണിക്സ് വിപണിയിലേക്ക് വരുന്നതെന്നും കോക്കോണിക്സ് തീർച്ചയായും കേരളം ഇന്ത്യക്ക് സമർപ്പിക്കുന്ന മറ്റൊരു മാതൃകയായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച കൊക്കോണിക്സ് പദ്ധതി തുടക്കത്തിലെ പാളിയിരുന്നു.
പ്രതി വര്‍ഷം രണ്ട് ലക്ഷം ലാപ്ടോപുകളുടെ വിൽപ്പന കണക്കാക്കി 2019 ൽ പ്രഖ്യാപിച്ച പദ്ധതിയിൽ ആകെ നിര്‍മ്മിച്ചത് 12636 ലാപ്ടോപ്പുകൾ മാത്രമായിരുന്നു. ഗുണനിലവാരം, വില തുടങ്ങിയവയിലൊക്കെ ആശയക്കുഴപ്പമുണ്ടായി. ഇതോടെ പദ്ധതി പുനഃസംഘടിപ്പിക്കാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങൾ വ്യക്തത പോരെന്ന് രേഖപ്പെടുത്തി ചീഫ് സെക്രട്ടറി തിരിച്ചയക്കുകയും ചെയ്തിരുന്നു.
കേരളത്തിനിതാ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 2019 ലാണ് കൊക്കോണിക്സ് പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രതിവര്‍ഷം ആവശ്യമുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളും ഒപ്പം പൊതുവിപണിയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. വര്‍ഷം രണ്ടു ലക്ഷം ലാപ്ടോപ്പെങ്കിലും വിൽക്കാനായിരുന്നു പദ്ധതി. യുഎസ്ടി ഗ്ലോബല്‍ എന്ന വന്‍കിട ഐടി കമ്പനിയുമായി സഹകരിച്ചാണ് കൊക്കോണിക്സ് വിഭാവനം ചെയ്തത്. മൺവിളയിൽ സര്‍ക്കാരിന്റെ രണ്ടര ഏക്കര്‍ പാട്ടത്തിന് നൽകി. കടമെടുത്ത മൂന്നര കോടി കൊണ്ട് കെട്ടിടം പുതുക്കി. യുഎസ്ടിക്ക് 49 ഉം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്സലറോണിന് 2 ശതമാനവും ഓഹരി നൽകിയതോടെ 51 ശതമാനം ഓഹരി സ്വകാര്യ മേഖലക്കായിരുന്നു.