ശക്തമായ മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ തടാകങ്ങളില്‍ വിഷപ്പത

By Web Desk  |  First Published Aug 17, 2017, 12:48 PM IST

ബെംഗളൂരു: നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയിൽ  ജലനിരപ്പ് ഉയർന്നതോടെ ബെംഗളൂരുവിലെ തടാകങ്ങളിൽ വീണ്ടും വിഷപ്പത നിറഞ്ഞു. റോഡുകളിലേക്ക് പത പരന്ന് ഗതാഗതവും തടസ്സപ്പെട്ടു.ശുചീകരണപ്രവർത്തനങ്ങളുമായി സർക്കാർ ഏജൻസികൾ മുന്നോട്ടുപോകുന്നതിനിടെയാണ് കനത്തമഴ ദുരിതം വിതച്ചത്.

ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂരുൾപ്പെടെ നാല് തടാകങ്ങളിലാണ് കനത്ത മഴയ്ക്ക് ശേഷം വിഷപ്പത നിറഞ്ഞത്. 127 വർഷത്തിനിടെ നഗരത്തിൽ പെയ്ത ഏറ്റവും കൂടിയ മഴയിൽ തടാകങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു.കൂടുതൽ രാസമാലിന്യങ്ങളും ഒഴുകിയെത്തിയതോടെ വേലിക്കെട്ടുകളും കടന്ന് വിഷപ്പത പുറത്തേക്കൊഴുകി.

Latest Videos

undefined

വർഷങ്ങളായി നഗരവാസികൾ അനുഭവിക്കുന്ന ദുരിതവും തുടർന്നു.അസഹനീയമായ ദുർഗന്ധം,വാഹനങ്ങളിൽ പോലും റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥ.പത ദേഹത്തായവർക്ക് ചൊറിച്ചിലും ശാരീരിക അസ്വസ്ഥതകളും. രാസമാലിന്യങ്ങൾ തടയാൻ തടാകക്കരയിലെ വ്യവസായ ശാലകളെല്ലാം അടച്ചുപൂട്ടിയിട്ടും ഫലമുണ്ടായില്ലെന്ന് തെളിയിക്കുന്നതായി വിഷപ്പത പതിവിലുമധികം നിറഞ്ഞ കാഴ്ച.

ബെലന്തൂർ,വർത്തൂർ,സുബ്രമണ്യപുര എന്നീ തടാകങ്ങളിലെല്ലാം മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലി നടക്കുന്നതിനിടെയാണ് കനത്ത മഴ ദുരിതമായത്.മാലിന്യനീക്കം കാര്യക്ഷമമല്ലാത്തതാണ് പ്രശ്നം അവസാനിക്കാത്തതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണലിന് ചില സംഘടനകളുടെ പരാതിയും പോയിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പെയ്ത കനത്ത മഴയിൽ വെളളം കയറി ദുരിതത്തിലായ ബെംഗളൂരു നഗരം മഴ കുറഞ്ഞതോടെ സാധാരണനിലയിലേക്ക് തിരിച്ചെത്തി.

click me!