ടാഗോർ തിയേറ്ററിൽ നടന്ന സംവാദപരിപാടിയിൽ ഐസിടിഎകെ സിഇഒ മുരളീധരൻ മണ്ണിങ്കൽ, ഇവൈ ടെക്‌നോളജി അഷ്വറൻസ് ലീഡർ സായി കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതിയ തൊഴിൽ സാധ്യതകൾ തുറന്നിടുക മാത്രമല്ല, പുതിയ ലോകക്രമത്തെ കൂടിയാവും സൃഷ്ടിക്കുന്നതെന്ന് ഐ ടി വിദഗ്ധർ. സാങ്കേതികവിദ്യ പുതിയ ലോകത്തെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭാവികാലത്തെ തൊഴിലിന്റെ സ്വഭാവം, തൊഴിൽ മേഖലകൾ, മാനദണ്ഡങ്ങളും യോഗ്യതകളും തുടങ്ങിയ വിഷയങ്ങളിൽ മാറ്റമുണ്ടാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഐ ടി വ്യവസായ രംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും തമ്മിൽ നടന്ന സംവാദത്തിലാണ് നിർമ്മിത ബുദ്ധിയെ സംബന്ധിച്ച ആശങ്കകളും സാധ്യതകളും പങ്കു വച്ചത്.
ടെക്നോപാർക്ക് ആസ്ഥാനമായ ഐസിടി അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്. ടാഗോർ തിയേറ്ററിൽ നടന്ന സംവാദപരിപാടിയിൽ ഐസിടിഎകെ സിഇഒ മുരളീധരൻ മണ്ണിങ്കൽ, ഇവൈ ടെക്‌നോളജി അഷ്വറൻസ് ലീഡർ സായി കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. ബാങ്കിംഗ്, മീഡിയ ആന്റ് എന്റർടെയ്ന്റ്മെന്റ് ഇൻഡസ്ട്രി, മാനേജ്മെന്റ് മേഖലകൾ തുടങ്ങിയ രംഗങ്ങളിൽ എഐ വരുത്തിയേക്കാവുന്ന തൊഴിൽ നഷ്ടം കനത്തതായിരിക്കുമെങ്കിലും മറ്റ് മേഖലകളിൽ പുതിയ സാധ്യതകളും തുറക്കും. പക്ഷേ അതിനനുസരിച്ചുള്ള റീസ്കില്ലിംഗിന് തൊഴിലന്വേഷകർ തയ്യാറാകണം. അതാത് മേഖലകളിലുള്ള വിഷയജ്ഞാനത്തോടൊപ്പം പ്രധാനമാണ് ആശയ വിനിമയത്തിനും ടീം വർക്കിനുമുള്ള ശേഷി. ഇവ മൂന്നും ബാലൻസ് ചെയ്യാൻ പറ്റുന്ന തൊഴിലന്വേഷകരെയാണ് കമ്പനികളും സ്ഥാപനങ്ങളും തേടുന്നത്.
ഐബിഎമ്മിൽനിന്ന് ജോർജ് ഉമ്മൻ, നാസ്കോമിനെ പ്രതിനിധീകരിച്ച് കാമനാ ജെയ്ൻ, ടാറ്റാ ലെക്സിയിൽ നിന്ന് ശ്രീകുമാർ എവി, സഫിൻ എംഡി, സുജ ചാണ്ടി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസിലെ എച്ച്ആർ മാനേജർ ജിതിൻ ചക്കാലക്കൽ ചർച്ച മോഡറേറ്റ് ചെയ്തു.