സുനിത വില്യംസിന്‍റെ മടക്കം വൈകുന്നു; ചർച്ചയായി ബഹിരാകാശത്തെ ഫാർമസിയും ജിമ്മും

By Web Team  |  First Published Nov 23, 2024, 10:52 AM IST

ദിവസവും രണ്ടര മണിക്കൂര്‍ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കാനും വഴികള്‍... നാസ ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ആരോഗ്യം ഉറപ്പാക്കുന്നത് എങ്ങനെയൊന്ന് വിശദമായി വായിച്ചറിയാം


കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് ഏകദേശം 250 മൈല്‍ ഉയരത്തില്‍ ഒരു തുരുത്തുപോലെ ഒറ്റപ്പെട്ട അവസ്ഥയില്‍ സീറോ-ഗ്രാവിറ്റിയില്‍ ജീവിക്കുക അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികളുടെ ആരോഗ്യത്തെ കുറിച്ച് ഇപ്പോള്‍ വലിയ ആശങ്കകള്‍ ഉയരാനിടയാക്കുന്ന പ്രധാന കാരണവും ഇതാണ്. നിശ്ചയിച്ച സമയത്തിലുമേറെയായി ഐഎസ്എസില്‍ തുടരുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ ആരോഗ്യാവസ്ഥയെ കുറിച്ച് വലിയ സംശയങ്ങള്‍ ഉയരവെ ബഹിരാകാശ നിലയത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിച്ച് നാസ രംഗത്തെത്തി. 

Latest Videos

'ചില്ലറ ടീമല്ല' എന്ന് നാസ

നാസയും പങ്കാളികളും കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മനുഷ്യ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഐഎസ്എസിലെ സീറോ-ഗ്രാവിറ്റിയില്‍ അ‍ഞ്ച് മിനുറ്റ് പോലും താമസിക്കുക ഒരു സാധാരണക്കാരന് സങ്കല്‍പിക്കാന്‍ കഴിയുന്ന കാര്യമല്ല. ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ മനുഷ്യ ശരീരത്തിന് ഭാരമില്ലാതാവുകയും എല്ലുകള്‍ക്കും പേശികള്‍ക്കും ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല, ശാരീരികവും മാനസികവുമായി മറ്റനേകം വെല്ലുവിളികളും ബഹിരാകാശ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ബഹിരാകാശ നിലയത്തിലെ എല്ലാ സഞ്ചാരികളും പൂര്‍ണ ആരോഗ്യവാന്‍മാരും ആരോഗ്യവതികളുമായിരിക്കുക എന്നത് പ്രധാനമാണ്. ഐഎസ്എസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും ആരോഗ്യം വളരെ അനിവാര്യമാണ്.

Read more: കവിളൊട്ടി മെലിഞ്ഞുണങ്ങിയ ചിത്രം; ആരോഗ്യനില മോശമായെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യങ്ങള്‍ ആറ് മാസം വരെ നീളാം എന്നിരിക്കേ ഐഎസ്എസിലെ സഞ്ചാരികളുടെ ആരോഗ്യം എങ്ങനെയൊക്കെയാണ് നാസ നിരീക്ഷിക്കുന്നതും ഉറപ്പാക്കുന്നതും എന്ന് നോക്കാം. ഒരു ലേഖനത്തിലൂടെ നാസ തന്നെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 

ഫ്ലൈറ്റ് സര്‍ജന്‍മാര്‍ എന്ന് കേട്ടിട്ടുണ്ടോ!

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ആരോഗ്യം നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും നാസയ്ക്ക് ഒരു വലിയ സംഘം തന്നെയുണ്ട്. ഡോക്‌ടര്‍മാരും സൈക്കോളജിസ്റ്റുകളും ഉള്‍പ്പെടുന്ന ടീമാണിത്. ഓരോ സഞ്ചാരിയും ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കുമ്പോഴേ ഇവര്‍ തയ്യാറെടുപ്പുകള്‍ തുടങ്ങും. ബഹിരാകാശ ദൗത്യങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടര്‍മാരെയാണ് നാസ ഇതിനായി ചുമതലപ്പെടുത്തുന്നത്. 'ഫ്ലൈറ്റ് സര്‍ജന്‍' എന്നാണ് ഈ ഡോക്ടര്‍മാര്‍ അറിയപ്പെടുന്നത്. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഓരോ സഞ്ചാരിക്കും ഇത്തരത്തില്‍ ഓരോ ഫ്ലൈറ്റ് സര്‍ജന്‍റെ മേല്‍നോട്ടമുണ്ടാകും. ക്രൂ അംഗങ്ങള്‍ ദൗത്യത്തിനായി തയ്യാറെടുക്കുമ്പോള്‍ മുതല്‍ അവരുടെ ആരോഗ്യവും മെഡിക്കല്‍ പരിശീലനവും ഫ്ലൈറ്റ് സര്‍ജന്‍മാര്‍ നിരീക്ഷിക്കും. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം ദൗത്യത്തിന് മുമ്പും ദൗത്യസമയത്തും ശേഷവും നിരീക്ഷിക്കാന്‍ ഇവര്‍ക്കാണ് ചുമതല. 

മാനസിക സമ്മര്‍ദം കുറയ്ക്കാനും വഴികള്‍

ഓരോ ബഹിരാകാശ ദൗത്യസമയത്തും സഞ്ചാരികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മാനസിക പിന്തുണ നാസയുടെ ബിഹേവ്യറല്‍ ഹെല്‍ത്ത് ടീം നല്‍കും. ബഹിരാകാശ ദൗത്യങ്ങളിലെ ദുര്‍ഘടമായ ഘട്ടങ്ങളുണ്ടാക്കുന്ന മാനസിക വെല്ലുവിളികളെ മറികടക്കാനാണിത്. ബഹിരാകാശ നിലയത്തില്‍ വച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള അവസരവും നാസ ഒരുക്കിയിട്ടുണ്ട്. ഇമെയിലും ഫോണ്‍ കോളും വീഡിയോ കോളും വഴി കുടുംബവും സുഹൃത്തുക്കളുമായി ബഹിരാകാശ സഞ്ചാരികള്‍ക്ക് സംസാരിക്കാം. സൈക്കോളജിസ്റ്റുകളുമായും ഇത്തരത്തില്‍ ടെലികോണ്‍ഫെറന്‍സ് നടത്താന്‍ അവസരമുണ്ട്. 

ബഹിരാകാശ കാലാവസ്ഥ ഓരോ സഞ്ചാരിയെയും ഓരോ തരത്തിലാണ് ബാധിക്കുക എന്നതിനാലാണ് സഞ്ചാരികള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം ഫ്ലൈറ്റ് സര്‍ജന്‍മാരെ നല്‍കുന്നത്. 

ജിമ്മുണ്ട്, ദിവസവും രണ്ടര മണിക്കൂര്‍ വ്യായാമം

ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ ആരോഗ്യം നിലനിര്‍ത്താനും മൈക്രോഗ്രാവിറ്റിയുമായി പൊരുത്തപ്പെടാനും മുടങ്ങാതെ വ്യായാമം ചെയ്യേണ്ടതുണ്ട്. മസില്‍, എല്ലുകള്‍, ഹൃദയം എന്നിവയുടെയെല്ലാം ആരോഗ്യം ഉറപ്പിക്കുന്നതിനായി ദിവസവും രണ്ടര മണിക്കൂര്‍ സമയത്തെ വ്യായാമമാണ് ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് നാസ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വെയ്റ്റ്‌ലിഫ്റ്റിംഗ്, ട്രെഡ്‌മില്‍, സൈക്കിള്‍ ഇര്‍ഗോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിലയത്തിലുണ്ട്. 

Read more: സുനിത വില്യംസ് നേത്ര പരിശോധനകള്‍ക്ക് വിധേയയായി; മുന്‍ ചരിത്രം ആശങ്കകളുടേത്

ബഹിരാകാശ നിലയത്തിലെ ഭക്ഷണം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഫ്രഷ് പച്ചക്കറികളും പഴങ്ങളും മത്സ്യമാംസാദികളും ലഭിക്കാനുള്ള സാധ്യതയില്ല എന്ന് നമുക്കറിയാം. അപ്പോള്‍ എങ്ങനെയാണ് സഞ്ചാരികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ഭക്ഷണക്രമം ഉറപ്പാക്കാനും തയ്യാറാക്കാനും നാസയ്ക്ക് ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെ സ്പേസ് ഫുഡ് സിസ്റ്റംസ് ലബോററ്ററിയാണിത്. തീരുന്ന മുറയ്ക്ക് ഭക്ഷണവും വെള്ളവും സാധനങ്ങള്‍ പാക്കറ്റ് രൂപത്തില്‍ സുരക്ഷിതമായി ബഹിരാകാശ നിലയത്തിലേക്ക് ഓരോ കാര്‍ഗോ മിഷനിലും എത്തിക്കും. ഇവയ്ക്ക് പുറമെ സഞ്ചാരികള്‍ക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ രുചിക്കാനും അവസരമുണ്ട്. ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിനുകളും മിനറലുകളും കലോറിയും സഞ്ചാരികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഡയറ്റീഷന്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ബഹിരാകാശത്തെ ഫാര്‍മസി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യത്തനായി പോകുന്ന എല്ലാ സഞ്ചാരികള്‍ക്കും പ്രാഥമിക മെഡിക്കല്‍ പരിശീലനം നാസ നല്‍കും. ഭൂമിയിലുള്ള ഒരു സംഘം ഡോക‌്‌ടര്‍മാരുടെ നിരന്തര മേല്‍നോട്ടത്തിലും ആശയവിനിമയത്തിലുമായിരിക്കും ഓരോ സഞ്ചാരിയും നിലയത്തില്‍ കഴിയുക എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇതിനിടെയില്‍ ഏതെങ്കിലുമൊരു സഞ്ചാരിക്ക് അടിയന്തിര വൈദ്യ സഹായം ആവശ്യമായി വന്നാല്‍ എന്ത് ചെയ്യും? നാസയ്ക്ക് ബഹിരാകാശ നിലയത്തില്‍ ഒരു ചെറിയ ഫാര്‍മസിയും മെഡിക്കല്‍ ഉപകരണങ്ങളുടെ യൂണിറ്റുമുണ്ട്. രോഗങ്ങള്‍ പിടിപെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ സഞ്ചാരികളുടെ തുണയ്ക്ക് എത്തുന്നത് ഈ സംവിധാനങ്ങളാണ്. ഭൂമിയിലേക്ക് തിരികെയെത്തിച്ച് ചികിത്സിക്കേണ്ട സാഹചര്യമുണ്ടായാല്‍ ബഹിരാകാശ നിലയത്തിലെ സഞ്ചാരികളെ ഒരു മടിയും കൂടാതെ വിക്ഷേപിച്ച അതേ വാഹനത്തില്‍ മടക്കിക്കൊണ്ടുവരും എന്നും നാസ വിശദീകരിക്കുന്നു. 

Read more: ഞെട്ടി ലോകം! ചൊവ്വ സള്‍ഫര്‍ കല്ലുകളുടെ പറുദീസ; 360 ഡിഗ്രി വീഡിയോയുമായി ക്യൂരിയോസിറ്റി റോവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!