നെയ്റോബി: മനുഷ്യപരിണാമത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉതകുന്ന നിര്‍ണ്ണായക തെളിവ് കിട്ടിയെന്ന് സൂചന. ഒരു കുഞ്ഞന്‍ തലയോട്ടിയാണ് സംഭവം. കഴിഞ്ഞ ദിവസം കെനിയൻ വനത്തിൽനിന്നു കണ്ടെടുത്ത ആൾക്കുരങ്ങിൻകുട്ടിയുടെ ഫോസിലാണു പരിണാമരഹസ്യം തേടുന്ന ശാസ്ത്രജ്ഞർക്കു പ്രതീക്ഷയുണർത്തുന്നത്.
ഫോസിലിന് 130 ലക്ഷം വർഷം പഴക്കമുണ്ടെന്നാണു കരുതുന്നത്. ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക് സർവകലാശാലയുടെയും കലിഫോർണിയയിലെ ഡിഅൻസാ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഖനനത്തിലാണു ഫോസിൽ കണ്ടെത്തിയത്. ഏഷ്യയിൽ കാണപ്പെട്ടിരുന്ന ഗിബണ്‍ എന്ന കുരങ്ങുവർഗത്തിന്റേതാണ് ഫോസിൽ എന്നു കരുതുന്നു.
എന്നാൽ, ഫോസിലിന്റെ ചില ശാരീരിക സവിശേഷകൾ ഗിബണിന്റേതായി ചേരുന്നില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. ആൾക്കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയുടെ അറ്റുപോയ കണ്ണി കൂട്ടിയോജിപ്പിക്കാൻ പുതിയ ഫോസിൽ ഏറെ സഹായകമാകുമെന്നാണു ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.