പുതുക്കി പണിത പഞ്ചാബ്, പോണ്ടിങ് കൊണ്ടുവരുമോ ശ്രേയസ്?

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഓസീസ് താരങ്ങളാല്‍ സമ്പന്നമായ ബാറ്റിങ് നിരയാണ് പഞ്ചാബിന്റെ ശക്തി

IPL 2025 Punjab Kings Analysis

കളിച്ചത് 17 സീസണുകള്‍, പ്ലേ ഓഫിലെത്തിയത് രണ്ട് തവണമാത്രം, ഫൈനലില്‍ ഒന്നും. ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പ്രിയമുള്ള ടീമല്ല പഞ്ചാബ് കിങ്സ്. കിങ്സ് ഇലവൻ പഞ്ചാബായിരുന്ന കാലത്ത് പ്രതാപികള്‍ നിരവധി അണിനിരന്ന സംഘമായിരുന്നു അവരുടേത്. ഓരോ സീസണിന്റേയും അവസാനം ആരാധകര്‍ക്ക് എന്റ‍ര്‍ടെയിൻമെന്റ് പോലും സമ്മാനിക്കാത്തവര്‍. പക്ഷേ, 18-ാം സീസണിന് കൊടിയേറാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അടിമുടി ഉടച്ചുവാര്‍ത്ത ടീമുമായാണ് പഞ്ചാബ് എത്തുന്നത്.

യുവരാജ് സിങ് മുതല്‍ ജിതേഷ് ശര്‍മ വരെ, 17 സീസണുകളില്‍ 16 ക്യാപ്റ്റന്മാരെയാണ് പഞ്ചാബ് പരീക്ഷിച്ചത്. ടീം ട്രാക്കിലേക്ക് എത്താത്തതിന്റെ കാരണവും ഇതുതന്നെയായിരുന്നു. സംഗക്കാരയും ജയവര്‍ധനെയും ഗില്‍ക്രിസ്റ്റും ഉള്‍പ്പെടെ നയിച്ച ടീം. പക്ഷേ, ആരിലും രണ്ട് സീസണിനപ്പുറം വിശ്വാസമര്‍പ്പിച്ചിട്ടില്ല മാനേജ്മെന്റ്. അതിനൊരു പരിഹാരം ശ്രേയസ് അയ്യരിലൂടെ കാണാനാകുമോയെന്ന അന്വേഷണത്തിലാണ് പഞ്ചാബ്. പൊന്നുംവില കൊടുത്ത് കൂടാരത്തിലെത്തിച്ചതുകൊണ്ട് കിരീടത്തില്‍ കുറഞ്ഞതൊന്നും ശ്രേയസില്‍ നിന്ന് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നുണ്ടാകില്ല. 

Latest Videos

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഓസീസ് താരങ്ങളാല്‍ സമ്പന്നമായ ബാറ്റിങ് നിരയാണ് പഞ്ചാബിന്റെ ശക്തി. മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ ഓസീസ് സാന്നിധ്യം. പഞ്ചാബ് വിശ്വാസം അർപ്പിച്ചിട്ടുള്ള പ്രഭ്‌സിമ്രൻ സിങ്ങിനൊപ്പം ഇംഗ്ലിസായിരിക്കും ഓപ്പണിങ്ങിനിറങ്ങുക. മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ശ്രേയസും സ്റ്റോയിനിസും നേഹല്‍ വധേരയുമായിരിക്കും. 

നിലവില്‍ ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ് ശ്രേയസ്, കഴിഞ്ഞ സീസണില്‍ ചില അത്ഭുതനിമിഷങ്ങളിലൂടെ തന്റെ പ്രധാന്യം തെളിയിച്ച താരമാണ് സ്റ്റോയിനിസ്, ഭാവിതാരമെന്ന് രോഹിത് ശർമ വാഴ്ത്തിയ വധേരയും ചേരുമ്പോള്‍ മധ്യനിരയില്‍ പ്രതീക്ഷ വെക്കാം. 

ഗ്ലെൻ മാക്‌സ്വെല്‍‌-ശശാങ്ക് സിങ് ദ്വയമായിരിക്കും പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് അടുപ്പിക്കാൻ കളത്തിലെത്തുക. പോയ സീസണിലെ കണ്ടെത്തലുകളില്‍ ഒന്നായിരുന്നു ശശാങ്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 28 പന്തില്‍ നേടിയ 68 റണ്‍സിലായിരുന്നു പഞ്ചാബ് മാനേജ്മെന്റിന്റെ വിശ്വാസം ശശാങ്ക് നേടിയെടുത്തത്. ഗ്ലെൻ മാക്‌സ്‌വെല്‍ മോശം ഫോമിലാണ് എന്നത് ഒരു ആശങ്കയാണ്. കഴിഞ്ഞ സീസണില്‍ 10 കളികളില്‍ നിന്ന് 52 റണ്‍സായിരുന്നു സമ്പാദ്യം.

അര്‍ഷദീപ് സിങ്ങും മാർക്കൊ യാൻസണും നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ എടുത്തുപറയാവുന്ന മറ്റൊരു പേര് ലോക്കി ഫെർഗൂസണിന്റേതാണ്. എന്നാല്‍ ഇംഗ്ലിസും സ്റ്റോയിനിസും മാക്സ്വെല്ലും ആദ്യ ഇലവനില്‍ എത്താൻ സാധ്യതകൂടുതലാണ്. അതുകൊണ്ട് ലോക്കി ഫെര്‍ഗൂസണിന്റെ സാധ്യത ഇടിയും. ഓള്‍റൗണ്ട് മികവ് യാൻസണ് തുണയാകുകയും ചെയ്യും. 

ഇംപാക്ട് പ്ലെയറായി ഫെര്‍ഗൂസണിന് എത്തണമെങ്കില്‍ തന്നെ ഇംഗ്ലിസിന് പകരക്കാരനായിട്ടെ സാധ്യതയുള്ളു. മാക്സ്വല്ലും സ്റ്റോയിനിസും ഓള്‍റൗണ്ടര്‍മാരായതുകൊണ്ട് ശ്രേയസ് അയ്യര്‍ അത്തരമൊരു കടുംകൈക്ക് മുതിരാനിടയില്ല. ഇങ്ങനെ നോക്കുമ്പോള്‍ പഞ്ചാബിന്റെ പേസ് നിര അത്ര ശക്തമല്ല. യാഷ് താക്കൂറും കുല്‍ദീപ് സെന്നും റണ്‍സ് വിട്ടുകൊടുക്കാൻ മടിയില്ലാത്തവരാണ് എന്നതും തലവേദനയാകും. പക്ഷേ ഇരുവരും വിക്കറ്റ് ടേക്കിങ് ബൗളര്‍മാരാണ്.

യുസുവേന്ദ്ര ചഹല്‍ എന്ന ഐപിഎല്‍ ഇതിഹാസമാണ് പഞ്ചാബിന്റെ ട്രംപ് കാര്‍ഡ്. പക്ഷേ ചഹലിനൊത്ത ഒരു കൂട്ടാളിയെ കണ്ടെത്താൻ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. മാക്സ്വെല്ലായിരിക്കാം പഞ്ചാബിന്റെ രണ്ടാം സ്പിന്നര്‍. മുഷീര്‍ ഖാൻ, പ്രിയാൻഷ് ആര്യ തുടങ്ങി ഒരുപിടി യുവതാരങ്ങളിലും നോട്ടമിട്ട് വെക്കാം.ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറില്‍ ആറ് സിക്സുകള്‍ പായിച്ച താരമാണ് പ്രിയാൻഷ്. 50 പന്തില്‍ 120 റണ്‍സായിരുന്നു ഇന്നിങ്സില്‍ പ്രിയാൻഷ് നേടിയത്. മുഷീര്‍ ഖാന്റെ മികവ് ആഭ്യന്തരക്രിക്കറ്റില്‍ തെളിഞ്ഞതാണ്.

പേസ് നിരയിലും സ്പിൻ ഡിപ്പാര്‍ട്ട്മെന്റിലും പോരായ്മകളുണ്ടെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടിക അത് നികത്താൻ പോന്നതാണ്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളായ റിക്കി പോണ്ടിങ്ങിന്റെ തലയുടെ കൂട്ടുമുണ്ട് പഞ്ചാബിന്. കൊല്‍ക്കത്തയെ കിരീടത്തിലേക്കെത്തിച്ച ആത്മവിശ്വാസം ശ്രേയസിനുമുണ്ടാകും. ഒത്തുപിടിച്ചാല്‍ മലയും പോരുമെന്ന് പറയുന്നതുപോലെ പഞ്ചാബിനും സധ്യമാണെന്ന് തെളിയിക്കാൻ കളം ഒരുങ്ങിക്കഴിഞ്ഞു.

vuukle one pixel image
click me!