2023 നവംബര്‍ 28നാണ് അവസാനമായി ഇഷാൻ ഇന്ത്യയ്ക്കായി കളിച്ചത്
തകര്‍ന്ന് വീണെന്ന് കരുതിയ ഒരു കരിയര്‍. കളിപഠിപ്പിക്കാൻ ബിസിസിഐ വടിയെടുത്ത ചെക്കൻ. അവനിതിലും മികച്ചൊരു കളിജീവിതം അര്‍ഹിച്ചിരുന്നെന്ന് പറയാത്തവരില്ല. കാലചക്രം തിരിഞ്ഞിരിക്കുന്നു. തന്റെ തിരിച്ചുവരവിനുള്ള ആദ്യ തറക്കല്ല് അവനിട്ടുകഴിഞ്ഞു. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓറഞ്ച് കടല്‍ സാക്ഷി നിര്‍ത്തി ഒരു ഒന്നൊന്നര സെഞ്ചുറിയോടെ. റിഡംഷൻ ഓഫ് ഇഷാൻ കിഷൻ.
ഒരുവര്‍ഷം മുൻപാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട്. ഇഷാൻ കിഷനേയും ശ്രേയസ് അയ്യരിനേയും വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ പുറത്താക്കിയിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാൻ വിസമ്മതിച്ചാതായിരുന്നു ഇഷാന് വിനയായത്. മികവിന്റെ പേരില്‍ വാഴ്ത്തപ്പെട്ടിട്ടും നീലക്കുപ്പായത്തില്‍ ബെഞ്ചിലായിരുന്നു ഇഷാന്റെ സ്ഥാനം. ഇതില്‍ അതൃപ്തിയും ഇഷാൻ മറച്ചുവെച്ചില്ല.
മെന്റല്‍ ഫറ്റീഗായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലെ കാരണമായി ഇഷാൻ ചൂണ്ടിക്കാണിച്ചത്. പറഞ്ഞപോലെ ബിസിസിഐ വടിയെടുത്തു, ഇഷാൻ ഔട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാൻ സമ്മതം മൂളിയിട്ടും ബിസിസിഐ ചെവികൊണ്ടില്ല. 2023 നവംബര്‍ 28നാണ് അവസാനമായി ഇഷാൻ ഇന്ത്യയ്ക്കായി കളിച്ചത്.
ദേശീയ തലത്തില്‍ മാത്രം ചുരുങ്ങിയില്ല തിരിച്ചടി, ഐപിഎല്ലിലും തുടര്‍ന്നു. 2024 സീസണ്‍ നിരാശപ്പെടുത്തി. നേടിയത് ഒരു അര്‍ദ്ധ സെഞ്ചുറി മാത്രം. തന്നെ വളര്‍ത്തിക്കൊണ്ടുവന്ന മുംബൈ ഇന്ത്യൻസും ഇതോടെ കൈവിട്ടു. പക്ഷേ, ഇഷാന്റെ പേരിന് ചുറ്റും സണ്‍റൈസേഴ്സ് ഒരു വട്ടം വരച്ചു. 11.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ഹെഡിന്റേയും അഭിഷേകിന്റേയും ക്ലാസെന്റെയും അതേ ഡിഎൻഎയുള്ള ഇഷാൻ ഹൈദരാബാദില്‍.
ഐപിഎല്ലിന് മുൻപ് ഇഷാൻ തന്റെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയിരുന്നു. രഞ്ജിയിലും ദുലീപ് ട്രോഫിയിലും വിജയ് ഹസാരയിലുമെല്ലാം സെഞ്ചുറി. എന്നാല്‍, ഓപ്പണറായ ഇഷാന്റെ സ്ഥാനം ഹൈദരാബാദ് നിരയില്‍ എവിടെയായിരിക്കും. ഹെഡിനും അഭിഷേകിനും ക്ലാസനുമൊപ്പം ഉയരാൻ ഇഷാനാകുമോ. ഐപിഎല്‍ ആരംഭിക്കുന്നതിന് മുൻപ് സംശയങ്ങള്‍ നിരവധിയായിരുന്നു. സംശയങ്ങളുടെ കാര്‍മേഘം റണ്‍മഴ തീര്‍ത്ത് തുടച്ച് മാറ്റിയിരിക്കുന്നു ഇഷാൻ, അതും ചരിത്രം തിരുത്തിക്കൊണ്ട്.
ഹൈദരാബാദ് മോഡ് ആക്ടിവേറ്റ് ആയത് നേരിട്ട മൂന്നാം പന്തില്‍. തീക്ഷണയുടെ പന്ത് അമ്പയറിന്റെ തലയ്ക്ക് മുകളിലൂടെ മൂളിപ്പറന്ന് ബൗണ്ടറിയിലേക്ക്. തീക്ഷണയ്ക്കെതിരെ പവര്‍പ്ലെയില്‍ ഫീല്‍ഡിനെ കീറിമുറിച്ച് വീണ്ടും പന്ത് ബൗണ്ടറിയിലെത്തി. പന്തുമായി എത്തിയ സന്ദീപ് ശര്‍മയ്ക്കും വരവേല്‍പ്പ്. പക്ഷേ, യഥാര്‍ത്ഥ വെടിക്കെട്ട് ആരംഭിച്ചത് ആര്‍ച്ചറിന്റെ ഓവറിലായിരുന്നു. ഹെഡിന്റെ തണലില്‍ നിന്ന് ഇഷാന്റെ ടേക്ക് ഓഫ്.
ആര്‍ച്ചറെറിഞ്ഞ 12-ാം ഓവറിലെ ആദ്യ പന്തില്‍ പിക്കപ്പ് ഷോട്ടിന് ശ്രമം. പന്ത് ടോപ് എഡ്ജ് ചെയ്ത് കീപ്പറിന് മുകളിലൂടെ സിക്സ്. രണ്ടാം പന്ത് ഡീപ് കവറിന് മുകളിലൂടെ ഗ്യാലറിയില്‍. ഒപ്പം 25 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയും തികച്ചു. ഷീര്‍ പവര്‍ എന്ന് തന്നെ വിശേഷിപ്പിക്കാം ആ ഷോട്ടിനെ. രണ്ട് പന്തിന് ശേഷം അതേ ഷോട്ട് ആവര്‍ത്തിച്ചു. സ്ട്രോക്ക് പ്ലേ വിരുന്നൊരുക്കുകയായിരുന്നു ഇഷാൻ.
ആര്‍ച്ചറിന്റെ ഓവറോടെ ഇഷാൻ ഏറ്റെടുത്തു സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ഉത്തരവാദിത്തം. ക്ലാസനെയും നിതീഷിനേയും കാഴ്ചക്കാരാക്കി പോക്കറ്റ് ഡൈനാമേറ്റിന്റെ ഡൊമിനേഷൻ. ആര്‍ച്ചറും തീക്ഷണയും സന്ദീപിനും പിടിച്ചുനിര്‍ത്താനായില്ല റണ്ണൊഴുക്ക്. 18-ാം ഓവറിലെ അവസാന പന്ത് ലോങ് ഓഫിലൂടെ പായിച്ച് മൂന്നക്കം തൊട്ടു. ഒരു പതിറ്റാണ്ട് നീണ്ട ഐപിഎല്‍ കരിയറിലാദ്യം.
സെഞ്ചുറി തികച്ചതൊടെ ഇഷാൻ മൈതാനത്ത് നൃത്തം വെക്കുകയായിരുന്നു, ആവേശത്തോടെ അലറി, സണ്‍റൈസേഴ്സ് ടീമിന് നന്ദി പറഞ്ഞു. കേവലം 20 പന്ത് മാത്രമായിരുന്നു രണ്ടാം അര്‍ദ്ധ ശതകത്തിന് ഇഷാന് ആവശ്യമായി വന്നത്. സണ്‍റൈസേഴ്സിനായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം. സ്കോര്‍ബോര്‍ഡില്‍ 286 റണ്‍സ്, അതില്‍ 106ഉം ഇഷാൻ തന്റെ പേരിലാക്കി.
ഇത് ഒരു തുടക്കമാണ്, ആദ്യ മത്സരംകൊണ്ട് മാത്രം വിലയിരുത്താനാകില്ല. പക്ഷെ ഹൈദരാബാദിലെ വിക്കറ്റ് ഇഷാന്റെ ശൈലിക്ക് യോജിച്ചതാണ്. അഭിഷേകിനെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചതും ഹൈദരാബാദിനായുള്ള പ്രകടനമായിരുന്നു. ഇഷാന് വീണ്ടും തുടങ്ങാം, ഒരിക്കല്‍ക്കൂടി, ആദ്യം തൊട്ട്.