vuukle one pixel image

അച്ഛന് കിടക്കാൻ മുറി ഒഴിഞ്ഞുകൊടുത്ത് സച്ചിയും രേവതിയും - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Web Desk  | Published: Mar 26, 2025, 3:06 PM IST

സച്ചി വലിയ ദേഷ്യത്തിലാണ് . അച്ഛന് വയ്യാതായതിന്റെ സങ്കടം അവന് നന്നായുണ്ട്. അതേസമയം ഡിസ്ചാർജ് ബില്ല് അടക്കാൻ പണം കണ്ടെത്താനുള്ള വഴി കൂടി ആലോചിക്കുകയാണ് സച്ചി . കയ്യിൽ പണമില്ലാത്തതുകൊണ്ട് ആരെയെങ്കിലും വിളിച്ച് പണം ചോദിക്കാനിരിക്കുമ്പോഴാണ് മഹേഷ് സച്ചിയോട് ഇനി ആരെയും വിളിക്കേണ്ട , ബില്ല് ഞാൻ അടക്കാം എന്ന് പറയുന്നത് . അങ്ങനെ മഹേഷ് സച്ചിയുടെ കയ്യിൽ നിന്നും ഹോസ്പിറ്റൽ ബില്ല് വാങ്ങി പണം അടയ്ക്കുന്നു . ശേഷം സച്ചിയും ശ്രീകാന്തും സുധിയും ചന്ദ്രയും കൂടി രവിയെ കൂട്ടി തിരിച്ച് വീട്ടിൽ എത്തുന്നു. 

അപ്പോഴാണ് അഛൻ വീട്ടിലെത്തിയ വിവരമറിഞ്ഞ് ശ്രുതിയും വർഷവും അങ്ങോട്ട് വന്നത്. അച്ഛന് കുഴപ്പമില്ലല്ലോ , ഓക്കേ അല്ലെ എന്ന് ശ്രുതി അന്വേഷിക്കുന്നു . അതേസമയം അച്ഛൻ പെട്ടന്ന് എത്തിയല്ലോ , രണ്ട് ദിവസം അഡ്മിറ്റ് ആക്കുമായിരിക്കും എന്നാണ് വർഷ പറഞ്ഞത് . അതും കൂടി കേട്ടപ്പോൾ സച്ചിയ്ക്ക് കൂടുതൽ കലി കയറി . നീ കാരണമാണ് അച്ഛന് ഇങ്ങനെ സംഭവിച്ചതെന്നും , നിന്നോട് ആരാണ് മോസ്‌ക്വിറ്റോ സ്പ്രേ വീട്ടിൽ മുഴുവൻ അടിക്കാൻ പറഞ്ഞത് എന്നും ചോദിച്ച് സച്ചി വർഷയോട് പൊട്ടിത്തെറിച്ചു. എന്നാൽ താൻ നല്ലത് കരുതി ചെയ്തതാരാണെന്ന് ആയിരുന്നു വർഷയുടെ ന്യായീകരണം. ശ്രീകാന്തും വർഷയെ ന്യായീകരിക്കാൻ നിന്നില്ല . വർഷ ചെയ്തത് തെറ്റായിപ്പോയി എന്ന് ശ്രീകാന്തും പറഞ്ഞതോടെ വർഷയ്ക്ക് ആകെ ദേഷ്യവും സങ്കടവും വന്നു , അവൾ മുറിയിലേയ്ക്ക് കയറിപ്പോയി. 

എന്നാൽ അഛൻ കിടക്കുന്ന കിടക്കയെടുത്ത് മുകളിൽ തന്റെ റൂമിൽ കൊണ്ടുപോയി ഇടാൻ തുടങ്ങുകയാണ് സച്ചി . അച്ഛന് വയ്യെന്നും അതുകൊണ്ട് ഇനി മുറിയിൽ കിടന്നാൽ മതിയെന്നും സച്ചി അച്ഛനോട് പറഞ്ഞു . ശേഷം അച്ഛനെ മുറിയിൽ കൊണ്ടുപോയി കിടത്തിയ ശേഷം സച്ചിയും രേവതിയും മുറിയിൽ നിന്ന് മാറിക്കൊടുക്കുന്നു . അതേസമയം വർഷ ചെയ്ത തെറ്റിന് അച്ഛനോട് സോറി പറഞ്ഞ് മുറിയിലേയ്ക്ക് പോയിരിക്കുകയാണ് ശ്രീകാന്ത് . മുറിയിലെത്തിയതും ശ്രീകാന്ത് വർഷയെ കണ്ണ് പൊട്ടും പോലെ ചീത്ത പറഞ്ഞു . തമ്മിൽ തമ്മിൽ സംസാരമായി ഒടുവിൽ വർഷ അച്ഛനോട് താൻ ചെയ്ത തെറ്റിന് സോറി പറഞ്ഞു . അത് കേട്ടതോടെ ചന്ദ്ര വലിയ വീട്ടിലെ മരുമകളുടെ മാന്യത പുകഴ്‌ത്താൻ തുടങ്ങി . ഒപ്പം രേവതിയെ കുറ്റപ്പെടുത്താനും . എന്നാൽ രേവതി കാരണമാണ് താൻ ഇപ്പോൾ ജീവനോടെ ഇവിടെ ഉള്ളതെന്ന് രവി ചന്ദ്രയെ ഓർമിപ്പിച്ചു. സച്ചിയുടെയും രേവതിയുടെയും മുറിയിലാണ് നമ്മൾ ഇപ്പോൾ കിടക്കുന്നതെന്ന് മറന്ന് പോകരുതെന്നും രവി ചന്ദ്രയെ ഓർമിപ്പിച്ചു . ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.