ഈ ഐപിഎല്‍ റിഷഭ് പന്തിന് എന്തുകൊണ്ട് നിര്‍ണായകം?

പണക്കിഴിയുടെ ഭാരത്തിനും സമ്മര്‍ദത്തിനും മുകളില്‍ പന്തിനെ കാത്തിരിക്കുന്ന ചിലതുണ്ട് ഈ ഐപിഎല്‍ സീസണില്‍

Why IPL 2025 is important for Rishabh Pant

പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ഐപിഎല്ലില്‍ എം എസ് ധോണിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം ചേര്‍ത്ത് വെക്കാൻ  റിഷഭ് പന്തിന്റെ പേരുമുണ്ടാകും. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമയായ ഡോ. സഞ്ജീവ് ഗോയങ്കയുടെ വാക്കുകളാണിത്.  27 കോടിയില്‍ അര്‍പ്പിച്ച ആത്മവിശ്വാസം. പണക്കിഴിയുടെ ഭാരത്തിനും സമ്മര്‍ദത്തിനും മുകളില്‍ പന്തിനെ കാത്തിരിക്കുന്ന ചിലതുണ്ട് ഈ ഐപിഎല്‍ സീസണില്‍. എല്ലാതരത്തിലും പന്തിന്റെ ഭാവി നിര്‍ണയിക്കുന്ന സീസണായിരിക്കാം ഇത്, അതിന് കാരണങ്ങളുമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ചെറിയ കാലയളവില്‍ സമാനതകളില്ലാത്ത പ്രകടനം. Highly talented and versatile എന്നാണ് പന്തിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍, ഇതിനൊത്ത പ്രകടനമാണോ പന്തില്‍ നിന്ന് സമീപകാലത്തുണ്ടായിട്ടുള്ളത്. കണക്കുകള്‍ പന്തിന് അനുകൂലമല്ല. ഏകദിനത്തില്‍ ശരാശരി 33.50, ട്വന്റി 20യില്‍ 23.25. കുട്ടിക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റാകാട്ടെ 125ല്‍ താഴെയുമാണ്.

Latest Videos

ഇന്ത്യ കിരീടം ചൂടിയ ട്വന്റി 20 ലോകകപ്പില്‍ സഞ്ജു സാംസണിന് മുകളില്‍ ടൂര്‍ണമെന്റിലുടനീളം മാനേജ്മെന്റ് വിശ്വാസം അര്‍പ്പിച്ചത് പന്തിലായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 171 റണ്‍സ് നേടി. ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാൻ സാധിച്ചിരുന്നില്ല. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ റണ്ണൊന്നുമെടുക്കാതെയായിരുന്നു മടക്കം.  

ഏത് വിക്കറ്റും അതിവേഗം അഡാപ്റ്റ് ചെയ്യുന്ന പന്ത് ശൈലി നിറംമങ്ങിയ ടൂര്‍ണമെന്റുകൂടിയായി മാറി ലോകകപ്പ്. സ്ട്രൈക്ക് റേറ്റും നിരാശപ്പെടുത്തി. അവസാനമായി പന്ത് ദേശീയ ടീമില്‍ ലിമിറ്റഡ് ഓവറില്‍ കളിച്ചത് 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി നടന്ന ശ്രീലങ്ക പര്യടനത്തിലാണ്. മൂന്ന് വീതം ട്വന്റി 20യും ഏകദിനും. രണ്ട് ട്വന്റി 20യിലും ഒരു ഏകദിനത്തിലുമായിരുന്നു പന്തിന് അവസരം ലഭിച്ചത്. ആദ്യ ട്വന്റി 20യില്‍ 49 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റ് രണ്ട് കളികളിലും ഒറ്റ അക്കത്തിലൊതുങ്ങി.

അവസാനമായി ഇന്ത്യ കളിച്ച ഇംഗ്ലണ്ട് പരമ്പരയിലും പന്തിന് തിരിച്ചടിയുണ്ടായി. ട്വന്റി 20 പരമ്പരയിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജുവും രണ്ടാം വിക്കറ്റ് കീപ്പറായി ദ്രുവ് ജൂറലുമായിരുന്നു ടീമിലെത്തിയത്. ഏകദിന പരമ്പരയില്‍ ടീമിലുള്‍പ്പെട്ടു, പക്ഷേ, കെ എല്‍ രാഹുലിനായിരുന്നു വിക്കറ്റിന് പിന്നിലെ സ്ഥാനം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തു.

സഞ്ജു സാംസണ്‍, ദ്രുവ് ജൂറല്‍, കെഎല്‍ രാഹുല്‍ എന്നി പേരുകള്‍ക്ക് പിന്നിലാണ് വിവിധ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പന്തിന്റെ സ്ഥാനം. ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യൻ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാൻ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പന്ത് പുറത്തെടുക്കണമെന്ന സൂചനയാണുള്ളത്.

മേല്‍പ്പറഞ്ഞ മൂന്ന് പേരിലേക്ക് ഇഷാൻ കിഷൻ കൂടി എത്തിയിരിക്കുന്നു. രാജസ്ഥാൻ റോയല്‍സിനെതിരെ 47 പന്തില്‍ 106 റണ്‍സ് നേടിയാണ് സണ്‍റൈസേഴ്സിനായി ഇഷാൻ തുടങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ സഞ്ജു 37 പന്തില്‍ 66 റണ്‍സും ജൂറല്‍ 35 പന്തില്‍ 70 റണ്‍സുമെടുത്തു. അന്താരാഷ്ട്ര ട്വന്റി 20യില്‍ മൂന്ന് സെഞ്ചുറികള്‍ സഞ്ജുവിന്റെ പേരിലുണ്ട്. വൈറ്റ് ബോളില്‍ ഒന്ന് മാത്രമാണ് പന്തിന് നേടാനായിട്ടുള്ളതും.

ഇതിനെല്ലാം പുറമെയാണ് പന്തിന്റെ പേര് രോഹിതിനും ധോണിക്കുമൊപ്പമായിരിക്കുമെന്ന പ്രതീക്ഷ സഞ്ജീവ് ഗോയങ്ക പങ്കുവെച്ചത്. ലഖ്നൗവിന്റെ കഴിഞ്ഞ സീസണിലെ പ്ലെ ഓഫ് യാത്രയ്ക്ക് തിരിച്ചടിയായത് അവസാന ലീഗ് മത്സരങ്ങളിലെ തോല്‍‍വികളായിരുന്നു. നായകൻ കെ എല്‍ രാഹുലുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന ഗോയങ്കയെ ക്രിക്കറ്റ് ലോകം കണ്ടതാണ്. 

ഇത്തവണ ലഖ്നൗവിന്റെ ബൗളിങ് നിരയിലെ പേസര്‍മാരെല്ലാം പരുക്കിന്റെ പിടിയിലാണ്. പലര്‍ക്കും കായികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ല. ടീമില്‍ അണിനിരക്കുന്ന കൂറ്റനടിക്കാര്‍ക്ക് അത്ര വഴങ്ങുന്നതല്ല ഏകന സ്റ്റേഡിയത്തിലെ വിക്കറ്റും. നില്‍ക്കുന്ന മണ്ണില്‍ നിലയുറപ്പിക്കാൻ പന്തിന് ബാറ്റുകൊണ്ടും ക്യാപ്റ്റൻസികൊണ്ടും തിളങ്ങേണ്ടതുണ്ടെന്ന് ചുരുക്കം.

vuukle one pixel image
click me!