വിഘ്നേഷ് പുത്തൂര്‍, ചെപ്പോക്കിനെ നിശബ്ദമാക്കിയ മലപ്പുറംകാരൻ

വിഘ്നേഷിന്റെ കൈകളിലേക്ക് സൂര്യകുമാർ പന്ത് കൈമാറുമ്പോള്‍ ചെന്നൈ ഒരു ആധികാരിക ജയത്തിന്റെ പാതയിലായിരുന്നു

Vignesh Puthur Keralite who silenced Chepauk

അപ്രതീക്ഷിതമായിരുന്നു മുംബൈ ഇന്ത്യൻസ് ക്യാമ്പില്‍ നിന്ന് വന്ന ആ അനൗണ്‍സ്മെന്റ്. രോഹിത് ശര്‍മയെന്ന ഇതിഹാസത്തെ മുംബൈ സബ് ചെയ്തിരിക്കുന്നു. പകരക്കാരൻ ഒരു പയ്യൻ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി. സീനിയര്‍ ലെവലില്‍ ട്വന്റി 20 എക്സ്പീരിയൻസില്ല, അരങ്ങേറ്റത്തെ സാധൂകരിക്കുന്ന നമ്പറുകളുമില്ല. പിന്നെയെന്തിന്? അതിനുള്ള ഉത്തരമായിരുന്നു മഞ്ഞപുതച്ച ഗ്യാലറി സാക്ഷിയാക്കിയുള്ള ആ പ്രകടനം. വിഘ്നേഷ് പുത്തൂര്‍, മുംബൈ കാ നയാ സ്റ്റാർ!

ആദ്യം കളി പറയാം, പിന്നെ വിഘ്നേഷിന്റെ വരവിനെക്കുറിച്ചും. വിഘ്നേഷിന്റെ കൈകളിലേക്ക് സൂര്യകുമാർ പന്ത് കൈമാറുമ്പോള്‍ ചെന്നൈ ഒരു ആധികാരിക ജയത്തിന്റെ പാതയിലായിരുന്നു. കളമറിഞ്ഞ് മുംബൈ ബൗളര്‍മാരെ പ്രഹരിക്കുന്ന റുതുരാജും, മികച്ച ഫോമിലുള്ള രചിനും. ഇവ‍ര്‍ക്ക് മുന്നിലേക്കായിരുന്നു സൂര്യ വിഘ്നേഷിനെ പറഞ്ഞയച്ചത്. ചെപ്പോക്കിനെ ഒന്ന് നിശബ്ദമാക്കാൻ വേണ്ടി വന്നത് കേവലം അഞ്ച് പന്തുകള്‍ മാത്രം.

Latest Videos

Playing against a Chinaman bowler can be quite challenging. റുതുരാജിന് സ്ലോട്ടില്‍ പന്തെറിഞ്ഞുകൊടുത്ത് ടെംപ്റ്റ് ചെയ്തു വിഘ്നേഷ്. ആ ക്ഷണം നിരസിക്കാൻ ചെന്നൈ നായകന് സാധിച്ചില്ല. അത്ര ഫ്ലൊലെസായായിരുന്നു റുതുരാജ് ഇന്നലെ. പക്ഷേ, റുതുരാജ് പ്രതീക്ഷിച്ച വേഗം ആ പന്തിനുണ്ടായില്ല. വില്‍ ജാക്സ് ക്യാച്ച് പൂര്‍ത്തിയാക്കിയതോടെ ആദ്യ വിക്കറ്റ്. 

രണ്ടാം ഓവറില്‍ വിഘ്നേഷിന് മുന്നില്‍ സ്പിന്നിനായി മാത്രം ചെന്നൈ കാത്തുവെച്ച അസ്ത്രം, ശിവം ദുബെ. ഒരു ബൗണ്ടറിക്കായി അക്ഷമനായിരുന്ന ദുബെയ്ക്ക് ഹിറ്റിങ് ആര്‍ക്കില്‍ തന്നെ പന്ത് നല്‍കി വീഴ്ത്തി. മൂന്നാം ഓവറില്‍ ഹൂഡയേയും പവലിയനിലേക്ക് മടക്കി. കേവലം മൂന്ന് ഓവര്‍കൊണ്ട് ചെന്നൈ ഗ്യാലറിയില്‍ സമ്മര്‍ദം കോരിയിട്ടു വിഘ്നേഷ്. മുംബൈക്ക് മത്സരത്തിലേക്കൊരു മടങ്ങിവരവും സമ്മാനിച്ചു.

രോഹിതിനേയും സൂര്യകുമാറിനേയും തിലകിനേയും നെറ്റ്സില്‍ കുഴപ്പിച്ച പന്തുകള്‍ ചെന്നൈ ബാറ്റര്‍മാര്‍ക്കും വ്യത്യസ്തമായിരുന്നില്ലെന്ന് വേണം കരുതാൻ. ചെന്നൈ ജയിച്ചെങ്കിലും, മിന്നിയത് വിഘ്നേഷായിരുന്നു. കളം വിടും മുൻപ് ധോണി തോളില്‍ തട്ടി അഭിനന്ദിച്ചു, സൂര്യകുമാറും സംഘവും ചേര്‍ന്ന് വഴിയൊരുക്കി, ഡഗൗട്ടില്‍ നിറപുഞ്ചിരിയോടെ രോഹിത് കയ്യടിച്ചവനെ വരവേറ്റു, .

ഇനി അല്‍പ്പം പിന്നിലേക്ക്. ഫുട്ബോളിന് വളക്കൂറുള്ള മലപ്പുറത്ത് നിന്ന് തുടക്കം. സി ജി വിജയകുമാറിന്റെ അക്കാദമിയില്‍ പരിശീലനം. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിക്കുമ്പോഴാണ് മുംബൈയുടെ സ്കൗട്ടിങ് ടീമിന്റെ കണ്ണില്‍ ആ ഇടംകയ്യൻ റിസ്റ്റ് സ്പിൻ ഉടക്കുന്നത്. പുതുതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അല്‍പ്പം കണിശക്കാരാണല്ലോ മുംബൈ. ഹാര്‍ദിക്ക്, ബുംറ, തിലക്, നേഹല്‍ വധേര...അങ്ങനെ എത്രയെത്ര പേരുകള്‍.

താരലേലത്തിന് മുൻപ് ട്രയല്‍സിന് വിളിവന്നു, ജയവര്‍ദനയ്ക്കും പൊള്ളാര്‍ഡിനും മുന്നില്‍ പന്തെറിഞ്ഞു മടങ്ങി. 30 ലക്ഷത്തിന് മുംബൈ വിഘ്നേഷിനെ സ്വന്തമാക്കുന്നു. സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞപ്പോഴായിരുന്നു വിഘ്നേഷ് പോലും ഇതറിഞ്ഞത്. 

ഐപിഎല്ലിന് മുൻപ് വിഘ്നേഷിനെ തയാറാക്കണമായിരുന്നു മുംബൈക്ക്. അതിനായി ഫ്രാഞ്ചൈസ് തിരഞ്ഞെടുത്തത് സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗ്. ഫ്രാഞ്ചൈസിക്ക് കീഴിലുള്ള എംഐ കേപ് ടൗണിന്റെ നെറ്റ് ബൗളറായി. ലോകോത്തര താരങ്ങള്‍ക്ക് പന്തെറിയാനുള്ള അവസരം കൈവന്നു..

സീനിയര്‍ ലെവലില്‍ ഇതുവരെ കളിക്കാത്ത വിഘ്നേഷില്‍ മുംബൈ എന്ത് മാജിക്കായിരിക്കാം കണ്ടത്. അത് കണ്‍സിസ്റ്റന്റായി പന്ത് സ്പിൻ ചെയ്യിക്കാനുള്ള വിഘ്നേഷിന്റെ വൈഭവമാണ്. പന്ത് പിച്ച് ചെയ്യിക്കുന്ന ലെങ്തുകളില്‍ സ്ഥിരതയും കൃത്യതയുമുണ്ട്, ഒപ്പം സ്പീഡ് വേരിയേഷനും. പന്ത് നന്നായി സ്പിൻ ചെയ്യിക്കാൻ കഴിയുന്ന, ഗൂഗ്ലി കൈവശമുള്ള താരം, ട്വന്റി 20യില്‍ ഒരു സ്പിന്നറില്‍ ഏതൊരുടീമും ആഗ്രഹിക്കുന്ന സ്കില്ലുകള്‍. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന റുതുരാജിനും ദുബെയ്ക്കും വിഘ്നേഷിനെ താണ്ടാനാകാതെ പോയതും ഇതുകൊണ്ടാകാം.

വിഘ്നേഷിന്റെ സ്കില്ലുകളില്‍ പൂര്‍ണവിശ്വാസമാണ് മുംബൈക്കെന്ന് ബൗളിങ് പരിശീലകൻ പരാസ് മമ്പ്രെ വ്യക്തമാക്കി കഴിഞ്ഞു. മഹേല ജയവര്‍ധന, കിറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, സച്ചിൻ തെൻഡുല്‍ക്കര്‍ പോലുള്ളവ‍ര്‍ വഴി തെളിച്ചുകൊടുക്കേണ്ടിയിരിക്കുന്നു വിഘ്നേഷിന്. കാരണം, ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സക്സസ്ഫുള്ളായ രണ്ട് ടീമുകള്‍ മാറ്റുരച്ച മത്സരം. സ്വഭാവികമായുണ്ടാകുന്ന സമ്മ‍ര്‍ദം. ഇതിനെയെല്ലാം തന്റെ ആദ്യ മത്സരത്തില്‍ തന്നെ മറികടക്കാനായി വിഘ്നേഷിന്. വരും മത്സരങ്ങളിലും വിഘ്നേഷിന്റെ കൃത്യതയാര്‍ന്ന ഗൂഗ്ലികള്‍ വിക്കറ്റ് തൊടട്ടെ.

vuukle one pixel image
click me!