കഴിഞ്ഞ സീസണില്‍ അവസാന ലാപ്പിലുണ്ടായ തോല്‍വികളായിരുന്നു ലക്നൗവിനെ തുടര്‍ച്ചയായ മൂന്നാം പ്ലെ ഓഫ് എന്ന ലക്ഷ്യത്തില്‍ നിന്ന് അകറ്റിയത്
താരങ്ങള്‍ക്ക് അവരുടെ പരമാവധി പുറത്തെടുക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. പറയാൻ എളുപ്പമാണ്, പ്രാവര്‍ത്തികമാക്കാൻ കഠിനവും. എല്ലാവരില്‍ നിന്നും പരിശ്രമം ആവശ്യമാണ്. ടീമിന്റെ 100 ശതമാനം വിശ്വാസവും പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ടാകും. നമുക്ക് നല്ല ഓര്‍മകളുണ്ടാക്കാം, ഏകന സ്റ്റേഡിയത്തിന്റെ മൈതാനത്തിരുന്ന് സഹതാരങ്ങളോട് ഋഷഭ് പന്ത് പറഞ്ഞ വാക്കുകളാണിത്. ലക്നൗ സൂപ്പര്‍ ജയന്റ്സ് പുതുയുഗത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു, തന്റെ അഗ്രസീവ് ക്രിക്കറ്റ് ബ്രെയിനിലൂടെയായിരിക്കും പന്ത് ലഖ്നൗവിന് നയിക്കുകയെന്ന് ഉറപ്പ്.
കഴിഞ്ഞ സീസണില്‍ അവസാന ലാപ്പിലുണ്ടായ തോല്‍വികളായിരുന്നു ലക്നൗവിനെ തുടര്‍ച്ചയായ മൂന്നാം പ്ലെ ഓഫ് എന്ന ലക്ഷ്യത്തില്‍ നിന്ന് അകറ്റിയത്. പുതിയ സീസണില്‍ ബിഗ് ഹിറ്റര്‍മാരുടെ നിരയൊരുക്കിയാണ് ലക്നൗവിന്റെ വരവ്. പന്തിന് പുറമെ, മിച്ചല്‍ മാര്‍ഷ്, എയിഡൻ മാര്‍ക്രം, ഡേവിഡ് മില്ലര്‍, നിക്കോളാസ് പൂരാൻ എന്നിവരാണ് വെടിക്കെട്ടുകാരിലെ പ്രധാനികള്‍. ആയുഷ് ബഡോണി, അബ്ദുള്‍ സമദ് എന്നീ ഇന്ത്യൻ യുവതാരങ്ങള്‍ക്കും റോളുണ്ടാകും ഇക്കാര്യത്തില്‍.
എക്സ്പ്ലോസീവ് ബാറ്റര്‍മാരെയെല്ലാം ചേര്‍ത്തുവെച്ചൊരു ബാറ്റിങ് നിരയെ എങ്ങനെ സൃഷ്ടിച്ചെടുക്കുമെന്നതാണ് ലക്നൗവിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. പേരുകളിലേക്ക് നോക്കിയാല്‍ സ്ട്രോക്ക്പ്ലെയോട് പ്രിയമുള്ളവരാണ് എല്ലാവരും. ഏകനയിലെ വിക്കറ്റ് അത്തരം ശൈലിയോട് പൊരുത്തപ്പെടുന്നതല്ലെന്ന് കഴിഞ്ഞ മൂന്ന് സീസണുകള്‍ തെളിയിക്കുന്നത്. വിക്കറ്റിന്റെ വേഗതക്കുറവും പ്രവചനാതീതമായ സ്വഭാവവും കടുത്ത വെല്ലുവിളി ബാറ്റര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്.
അതുകൊണ്ട് ഏകന ആതിഥേയത്വം വഹിക്കുന്ന എല്ലാ മത്സരങ്ങളിലും മധ്യനിരയ്ക്ക് നിര്‍ണായക റോളുണ്ടാകും. എയിഡൻ മാര്‍ക്രത്തിനായിരിക്കും ആ റോള്‍ ഭംഗിയായി നിര്‍വഹിക്കാൻ സാധിക്കുക. പവര്‍പ്ലേയില്‍ പോയ സീസണുകളില്‍ നടത്തിയ മോശം പ്രകടനങ്ങളും തിരുത്തേണ്ടതുണ്ട് ലഖ്നൗവിന്. മറ്റൊരു വെല്ലുവിളി ഇടംകയ്യൻ ബാറ്റര്‍മാരുടെ സാന്നിധ്യമാണ്. പന്ത്, മില്ലര്‍, പൂരാൻ എന്നിവരെ തളയ്ക്കാൻ പോന്ന ഇടംകയ്യൻ റിസ്റ്റ് സ്പിന്നര്‍മാരെയും വലം കയ്യൻ ഓഫ് സ്പിന്നര്‍മാരെയും എതിരാളികള്‍ കളത്തിലെത്തിക്കും.
സ്പിന്നര്‍മാരുടെ പറുദീസയെന്ന് പോലും വിശേഷപ്പിക്കാവുന്ന മൈതാനത്ത് ഈ കുരുക്ക് മറകടക്കേണ്ടതുണ്ട് ലക്നൗ ബാറ്റര്‍മാര്‍ക്ക്. ക്ഷമ കൈവിടരുതെന്ന് ചുരുക്കം. മുൻനിരയും മധ്യനിരയും സ്പിന്നിന് മുന്നില്‍ ഒരുപോലെ സമ്മര്‍ദത്തിലായാല്‍ ലക്നൗവിന്റെ യാത്ര അത്ര സ്മൂത്തായിരിക്കില്ലെന്ന് വേണം കരുതാൻ. ഏകനയിലെത്തുന്ന എതിരാളികള്‍ക്കും ഇത് ബാധകമാണ്.
രവി ബിഷ്ണോയിയും ഷഹബാസ് അഹമ്മദുമായിരിക്കും ലക്നൗവിന്റെ സ്പിന്നര്‍മാര്‍. ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബൗളറായിരുന്ന ബിഷ്ണോയിക്ക് ഏകനയിലെ വിക്കറ്റ് പരിചിതമാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ബിഷ്ണോയ് അത്ര ഫോമിലുമല്ല. 2024ല്‍ പത്ത് വിക്കറ്റ് മാത്രമായിരുന്നു നേട്ടം. ഷഹബാസിന്റെ കാര്യവും സമാനമാണ്, ഓള്‍റൗണ്ടര്‍ എന്ന ആനുകൂല്യമായിരിക്കും ഷഹബാസിനെ തുണയ്ക്കുക.
പേസ് നിരയാണ് ആകെ കുഴഞ്ഞ് മറിഞ്ഞുകിടക്കുന്നത്. ആവേശ് ഖാൻ, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ഷമാര്‍ ജോസഫ്, ആകാശ് ദീപ് എന്നിവരാണ് കൂട്ടത്തിലെ പ്രധാനികള്‍. ഇവരിലെത്രപേര്‍ക്ക് കായികക്ഷമത 100 ശതമാനമുണ്ടെന്നകാര്യത്തില്‍ അവസാന മണിക്കൂറിലും വ്യക്തതയില്ല. മൊഹ്സിനും ആവേശിനും മായങ്കിനും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്നാണ് വിവരം.
മൊഹ്സിൻ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പേസ് സെൻസേഷനായി അവതരിച്ച മായങ്കിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരക്കാര്‍ ആരൊക്കെയായിരിക്കും എന്നതിലും വ്യക്തത വരാനുണ്ട്.
അങ്ങനെ എമര്‍ജൻസിയിലാണ് ലക്നൗവിന്റെ പേസ് നിര, സ്പിൻ വിഭാഗവും പൂര്‍ണമാണെന്ന് പറയാനാകില്ല. ബൗളിങ് നിരയിലാണ് ആശങ്കയുടെ നിഴല്‍ കൂടുതലടിക്കുന്നത്. ഇതിനെല്ലാം പുറമെ 27 കോടി രൂപയുടെ ഭാരം ഋഷഭ് പന്തിന്റെ ചുമലിലുണ്ട്. ലക്നൗവിന്റെ മോശം സീസണിന്റെ ബാക്കിയായാണ് നായകസ്ഥാനം കയ്യിലേക്ക് എത്തിയിട്ടുള്ളതും. സമ്മര്‍ദം തന്റേയും ടീമിന്റേയും പ്രകടനത്തെ ബാധിക്കാതെ നോക്കേണ്ടതുണ്ട് പന്തിന്. ഇത് തന്നെയാകും സീസണില്‍ ലക്നൗവിന് നിര്‍ണായകമാകുന്നതും.