ആർആർ ഓക്ഷൻ എന്ന കമ്പനിയാണ് ഈ ലേലം നടത്തിയത്. 34,375 ഡോളറിനാണ് കമ്പനി ഈ ലോഗോ വിറ്റത്.
കാലിഫോര്‍ണിയ: ഇലോൺ മസ്‌കിന്‍റെ കമ്പനിയായ എക്‌സിന്‍റെ (ട്വിറ്റര്‍) പഴയ ലോഗോ നിങ്ങൾ ഓർക്കുന്നുണ്ടാകും. അതേ, പഴയ ട്വിറ്ററിന്‍റെ ആ ഭംഗിയുള്ള നീല പക്ഷി തന്നെ. ട്വിറ്ററിന്‍റെ ഈ ഐക്കോണിക് ലോഗോ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പഴയ ട്വിറ്റർ പക്ഷി ലോഗോ ഒരു ലേലത്തിൽ 35,000 ഡോളറിന് വിറ്റു.
ആർആർ ഓക്ഷൻ എന്ന കമ്പനിയാണ് ഈ ലേലം നടത്തിയത്. 34,375 ഡോളറിനാണ് കമ്പനി ഈ ലോഗോ വിറ്റത്. അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 34 ലക്ഷം രൂപയ്ക്കാണ് ഈ ഐക്കണിക് കലാസൃഷ്‍ടി വിറ്റുപോയത്. അപൂർവമായ വസ്തുക്കൾ വിൽക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ലേല കമ്പനിയാണ് ആർആർ ലേല കമ്പനി. ഈ കമ്പനിയുടെ കണക്കനുസരിച്ച്, ലേലം ചെയ്ത ട്വിറ്റർ ബ്ലൂ ബേർഡ് ലോഗോയ്ക്ക് ഏകദേശം 254 കിലോഗ്രാം ഭാരമുണ്ട്. വലിപ്പത്തിന്‍റെ കാര്യത്തിൽ, ഇതിന് ഏകദേശം 12 അടി മുതൽ 9 അടി വരെ നീളമുണ്ട്. ലോഗോയ്ക്കുള്ള അന്തിമ ബിഡ് ഏകദേശം 34,375 യുഎസ് ഡോളറായിരുന്നു. അതേസമയം ഇതുവരെ, ഈ ശ്രദ്ധേയമായ ട്വിറ്റർ ലോഗോ വാങ്ങിയ വ്യക്തിയുടെയോ സ്ഥാപനത്തിന്‍റെയോ ഐഡന്‍റിറ്റി ആർആർ ലേലം വെളിപ്പെടുത്തിയിട്ടില്ല.
ഇലോണ്‍ മസ്‌ക് ട്വിറ്റർ കമ്പനി വാങ്ങിയതിന് ശേഷം പ്ലാറ്റ്‌ഫോമില്‍ നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു. കമ്പനിയുടെ ചുവരുകൾക്ക് കറുത്ത പെയിന്‍റ് അടിച്ചു. അതിലെ പ്രശസ്തമായ നീല പക്ഷി ലോഗോ നീക്കം ചെയ്യുകയും എക്സ്-തീം കോൺഫറൻസ് റൂമുകൾ സൃഷ്ടിക്കുകയും ചെയ്തു. കമ്പനിയുടെ ആസ്ഥാനം സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ടെക്സസിലേക്ക് മാറ്റി.
ട്വിറ്ററുമായി ബന്ധപ്പെട്ട ഇനങ്ങൾ ലേലത്തിൽ എത്തുന്നത് ഇതാദ്യമല്ല. മുമ്പ്, ട്വിറ്ററിന്‍റെ ആസ്ഥാനത്തു നിന്നുള്ള സൈൻബോർഡ്, ഓഫീസ് ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയും ഇലോൺ മസ്‌ക് ലേലം ചെയ്തിരുന്നു. 2022 ഒക്ടോബർ 27-ന്, ഏകദേശം 44 ബില്യൺ യുഎസ് ഡോളറിനാണ് ട്വിറ്റർ വാങ്ങുന്ന നടപടികൾ മസ്‌ക് പൂർത്തിയാക്കിയത്. റീബ്രാൻഡിംഗിന് ശേഷം, പ്ലാറ്റ്‌ഫോമിലെ മറ്റ് മാറ്റങ്ങൾക്കൊപ്പം അദേഹം ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനവും അവതരിപ്പിച്ചു.
Read more: വീണ്ടും അതിശയിപ്പിച്ച് ബിഎസ്‌എൻഎൽ പ്ലാൻ! ഇനി 84 ദിവസത്തേക്ക് ദിവസവും 3 ജിബി ഡാറ്റ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം