ബിഗ് ബോസിൽ നിന്ന് എന്ത് നേടിയെന്നതിന് ഉത്തരം ഈ ആരാധകരാണെന്നും സായ് പറയുന്നു.
ബിഗ് ബോസ് സീസൺ മൂന്നിൽ ഒന്നുമല്ലാതെ മത്സരാർത്ഥിയായി എത്തിയ ആളായിരുന്നു സായ് വിഷ്ണു. വഴക്കാളിയായ ഒരു ചെറുപ്പക്കാരൻ എന്ന് മാത്രമായിരുന്നു ആദ്യ നാളുകളിൽ ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയ വീഡിയോകൾ പറഞ്ഞത്. എന്നാൽ പതിയെ കരുത്തുറ്റ മത്സരാർത്ഥിയായി ഫിനാലെയിൽ രണ്ടാം സ്ഥാനക്കാരനാവാൻ സായിക്ക് സാധിച്ചു. തന്റെ ചെറിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് നിരവധി സ്വപ്നങ്ങളുമായി ബിഗ് ബോസിലെത്തിയ സായിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്.
ഇപ്പോഴിതാ ആരാധകരെ കുറിച്ച് വൈകാരികമായൊരു കുറിപ്പ് എഴുതിയിരിക്കുകയാണ് താരംഒറ്റപ്പെട്ട് പോയൊരുവനൊപ്പം നിൽക്കുന്ന ഓരോ ആരാധകർക്കും സായ് കുറിപ്പിൽ നന്ദി പറയുന്നു. ബിഗ് ബോസിൽ നിന്ന് എന്ത് നേടിയെന്നതിന് ഉത്തരം ഈ ആരാധകരാണെന്നും സായ് പറയുന്നു.
undefined
സായ് വിഷ്ണുവിന്റെ കുറിപ്പിങ്ങനെ...
ജീവിതാവസാനത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയം ഉണ്ടെങ്കിൽ, ഈ ജീവിതം ഞാൻ പൂർണമായി ജീവിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി കടന്നു വരുക എത്രത്തോളം ഞാൻ സ്നേഹിക്കപ്പെട്ടു, എത്രത്തോളം ഞാൻ സഹജീവികളെ സ്നേഹിച്ചു എന്നത് മാത്രം ആയിരിക്കും. അവിടെ പണമോ, പ്രശസ്തിയോ, സൗന്ദര്യമോ, സ്ഥാനമാനങ്ങളോ, കടന്നു വരുക പോലുമില്ല.ജീവിതത്തിൻ്റെ നിറവായി ഞാൻ കാണുന്നത് സ്നേഹത്തെ ആണ്. അപ്പോൾ ബിഗ് ബോസിൽ നിന്ന് ഞാൻ എന്ത് നേടി എന്നതിൻ്റെ ഏറ്റവും മൂല്യമുള്ള ഉത്തരവും അത് തന്നെയാണ്.
നിങ്ങളുടെ സ്നേഹം. 'Sai Vishnu Army' എന്ന ഈ കൂട്ടായ്മ, എന്നെ അത്ഭുതപ്പെടുത്തുന്നു, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് എന്നെ ഇത്രയും സ്നേഹിക്കാൻ പറ്റുന്നത്.!! ഈ സ്നേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു. നിങ്ങളിൽ നിന്ന് ഞാൻ, എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് പഠിക്കുന്നു. എന്നെ ഈ സ്നേഹം, കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു. നിങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ച് നിങ്ങളിൽ കുറച്ച് പേർ എന്നെ കാണാൻ വന്നു. അതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ഈ സമയത്ത് നിങ്ങൾ വന്നു.
നിങ്ങൾ ഓരോരുത്തരും നെഞ്ചത്ത് അഭിമാനത്തോടെ എൻ്റെ ഫോട്ടോ പതിപ്പിച്ചിരുന്നു, ഈ വിജയം, നമ്മളുടെ വിജയമായി കണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. നിങ്ങളുടെ സ്നേഹം, ഒരു ട്രോഫിയായി നൽകി എന്നെ ആദരിച്ചു.നിങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ കൊണ്ട് വന്നു.നിങ്ങളുടെ വാക്കുകളിലും, പ്രവൃത്തിയിലും, നോട്ടത്തിൽ പോലും നിറഞ്ഞു കവിയുന്ന സ്നേഹം പലപ്പോളും എന്നെ നിശ്ശബ്ദനാക്കി.
ബിഗ് ബോസ്സിൽ അകത്ത് നിന്ന് ഞാൻ പോരാടിയപ്പോൾ പുറത്ത് നിങ്ങൾ തനിയെ ചേർന്ന് എനിക്ക് വേണ്ടി നിലകൊണ്ടു.എൻ്റെ ഈ വിജയം, നിങ്ങളുടെ ഒരോരുത്തരുടേതുമാണ്. ആദ്യമായി കണ്ട എനിക്ക് വേണ്ടി, രാവ് പകലാക്കിയും, ഭക്ഷണവും, ഉറക്കവും,നിങ്ങളുടെ പല പ്രധാന കാര്യങ്ങളും മാറ്റി വെച്ചും, നിങ്ങളുടെ സോഷ്യൽ മീഡിയകൾ എനിക്ക് വേണ്ടിയാക്കി മാറ്റിയും, പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തിയും, എന്നെ പിന്തുണച്ച് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും കൂടി ചേർന്നാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
നിങ്ങൾ കൂടെ നിന്നത്, സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമർപ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവൻ്റെ കൂടെ ആണ്.ഒറ്റയ്ക്ക് നിലപാടുകളിൽ ഉറച്ചു നിന്ന് ജീവിതത്തോട് പോരാടിയ എൻ്റെ ശബ്ദം ഇന്ന് നിങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. എല്ലാത്തിലുമുപരി, ഞാൻ ഒറ്റയ്ക്ക് കണ്ട, പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, കാത്തിരിക്കുന്ന എൻ്റെ സ്വപ്നത്തിനായി ഇന്ന് നിങ്ങളും എന്നെ പോലെ കാത്തിരിക്കുന്നു. എൻ്റെ സിനിമ.. ഉപാധികളില്ലാത്ത ഈ സ്നേഹത്തിന് നന്ദി. കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിർത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona