യാത്രാ പ്രേമികളായ ഇന്ത്യക്കാര്‍ പ്രതീക്ഷിക്കുന്ന സന്തോഷ വാര്‍ത്ത അടുത്ത വര്‍ഷത്തേക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മോസ്കോ: ഇന്ത്യക്കാരെ കാത്തിരിക്കുന്നത് സന്തോഷ വാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ രാജ്യം കൂടി ഉടനെ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025ല്‍ ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് വിസാ രഹിത യാത്ര സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറിൽ ജൂണില്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച നടത്തിയിരുന്നു. വിസാ രഹിത യാത്ര സാധ്യമാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാന്‍ ഇ-വിസ സൗകര്യം ലഭിച്ചിരുന്നു. നാല് ദിവസം വേണം ഇ-വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇ-വിസ അനുവദിക്കപ്പെട്ട അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ട്. 9,500 ഇ-വിസയാണ് ഇന്ത്യക്കാര്‍ക്ക് അനുവദിക്കപ്പെട്ടത്.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ പ്രവേശിക്കാനും തങ്ങാനും റഷ്യന്‍ ഫെഡറേഷനില്‍ നിന്ന് പുറത്ത് പോകാനും റഷ്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അനുവദിക്കുന്ന വിസ വേണം. ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് കൂടുതല്‍ ഇന്ത്യക്കാരും റഷ്യയിലേക്ക് യാത്ര ചെയ്യുന്നത്. 2023ല്‍ 60,000 ഇന്ത്യക്കാരാണ് മോസ്കോ സന്ദര്‍ശിച്ചത്. 2022ലേതിനെക്കാള്‍ 26 ശതമാനം കൂടുതലാണിത്. നിലവില്‍ വിസാ രഹിത ടൂറിസ്റ്റ് എക്സ്ചേഞ്ച് പദ്ധതി വഴി റഷ്യയിലേക്ക് ചൈന, ഇറാന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസാ രഹിത യാത്ര അനുവദിച്ചിക്കുന്നുണ്ട്. ഇത് മോസ്കോയ്ക്ക് ഗുണകരമായതിനാല്‍ ഇതേ നടപടി ഇന്ത്യക്കാരുടെ കാര്യത്തിലും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.