ഗൾഫിലെ യാത്രക്കിടെ പൊലീസ് പരിശോധന; കിട്ടിയത് നാട്ടിലെ ഡോക്ടർ നൽകിയ മരുന്ന്, ഗൾഫിലെ നിയന്ത്രണം വിനയായി

By Web TeamFirst Published Feb 23, 2024, 4:07 PM IST
Highlights

നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും വേദന സംഹാരിയായി ഉപയോഗിക്കുന്നതാണെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. 

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പ്രഭാകരൻ ഇസാക്ക് ജയിലിലായത് തികച്ചും അപ്രതീക്ഷിതമായായിരുന്നു. ബസിൽ സ‌ഞ്ചരിക്കവെ നടന്ന ഒരു പൊലീസ് പരിശോധനയിൽ കുടുങ്ങി. നിരപരാധിത്വം തെളിയിക്കാൻ കൈയിൽ രേഖയൊന്നുമില്ലാതായതോടെ നേരെ ജയിലിലേക്കും. രണ്ട് മാസം ജയിലിൽ കഴിഞ്ഞ ശേഷമാണ് പരിശോധനകളിലും രേഖകളിലും ബോധ്യം വന്ന് അധികൃതർ മോചിപ്പിച്ചത്.

പാലക്കാട് സ്വദേശിയായ പ്രഭാകരൻ ഇസാക്ക് സൗദി അറേബ്യയിലെ തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് നാർകോട്ടിക് വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസിൽ ലഗേജ് പരിശോധന നടത്തിയത്. പ്രഭാകരന്റെ ബാഗിലുണ്ടായിരുന്നാവട്ടെ നാട്ടിലെ ഡോക്ടർ നൽകിയ മരുന്നും. സൗദി അറേബ്യയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്നായിരുന്നു ഇത്.

Latest Videos

നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും വേദന സംഹാരിയായി ഉപയോഗിക്കുന്നതാണെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്ത് പിന്നാലെ ജയിലിലുമായി. മോചനത്തിന് ഹാഇൽ കെ.എം.സി.സി വെൽഫെയർ വിഭാഗം ഭാരവാഹി പി.എ. സിദ്ദീഖ് മട്ടന്നൂരിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടുകൂടി ഇവ‍ർ സൗദി അധികാരികളുമായി ബന്ധപ്പെട്ട് മോചനം നടത്തി. 

കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് ഒടുവിൽ മോചനത്തിന് വഴിതെളിഞ്ഞത്. നാട്ടിൽ നിന്നും വരുന്ന പ്രവാസികൾ ഡോക്ടറുടെ നിർദേശങ്ങളും പ്രിസ്ക്രിപ്ഷൻ ലെറ്ററും കൈയ്യിൽ കരുതാൻ മറക്കരുതെന്ന് സിദ്ദീഖ് മട്ടന്നൂർ പ്രവാസികളോട് അഭ്യർഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ്

click me!