Rain in Saudi : സൗദിയില്‍ മഴയും പ്രളയവും, മക്കയില്‍ മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

By Web TeamFirst Published Jan 15, 2022, 8:22 PM IST
Highlights

മദീന മേഖലയില്‍ അല്‍മുദീഖ് താഴ്വരയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ യാത്രക്കാരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ചില ഭാഗങ്ങളില്‍ മഴയും(rain) വെള്ളപ്പാച്ചിലും. മക്ക മേഖലയില്‍ ഒരു ഗ്രാമത്തില്‍ പ്രളയത്തില്‍ മുങ്ങിയ പിക്കപ്പ് വാനില്‍ കുടുങ്ങിയവരെ സൗദി സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ബുസ്താന്‍ എന്ന ഗ്രാമത്തിലെ താഴ്വരയില്‍ പിക്കപ്പ് യാത്രികര്‍ പ്രളയത്തില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. നാലു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

മദീന മേഖലയില്‍ അല്‍മുദീഖ് താഴ്വരയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ യാത്രക്കാരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. ജിസാനിലെ വാദി ലജബില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. ഏതാനും പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. ഉല്ലാസ യാത്രക്കിടെയാണ് ഏതാനും പേര്‍ വാദി ലജബിലെ വെള്ളക്കെട്ടില്‍ പതിച്ചത്. അതിനിടെ റിയാദ് നഗരത്തിലെയും പ്രവിശ്യയിലെയും വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

Latest Videos

അല്‍ആദിരിയ, അല്‍സലാം ട്രീ, നബദ് അല്‍ റിയാദ്, കോംപാക്ട് ഫീല്ഡ്, സ്സമാന്‍ വില്ലേജ്, ദ ഗ്രൂവ്‌സ് എന്നിവിടങ്ങളിലെ പരിപാടികളാണ് മാറ്റിവെച്ചത്. ബോളിവാര്‍ഡ് സിറ്റിയില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ലൈലതുല്‍ മആസിം സംഗീത കച്ചേരി ഇന്നത്തേക്ക് മാറ്റി. ഈ വേദിയില്‍ ഇന്ന് നടക്കേണ്ട സ്‌പോര്‍ട്‌സ് കിഡ്‌സ് എന്ന കൊറിയന്‍ പരിപാടി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. റിയാദ് നഗരത്തിന് സമീപ പ്രദേശങ്ങളായ മുസാഹ്മിയ, താദിഖ്, റുമാ, ശഖ്‌റ, ദുര്‍മ എന്നിവിടങ്ങളിലും മഴയുണ്ടായി.

click me!