'കെണിയാണ്, ജാഗ്രതൈ'; കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ, മുന്നറിയിപ്പുമായി മന്ത്രാലയം

By Web TeamFirst Published Dec 13, 2023, 7:16 PM IST
Highlights

വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം: കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്.  അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും,  പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന്  പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്രീ.ശ്യാംചന്ദ്.സി (IFS) അറിയിച്ചു.

Latest Videos

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്. 

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും  വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625  ഇ-മെയിൽ : poetvm@mea.gov.in) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.  പരാതിനല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം. 

Read Also - കൊടും ചതി, മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതി; 28 മാസം ജയിലിൽ, മോചിതനായത് രണ്ടരവർഷത്തിന് ശേഷം

 പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023  ഡിസംബറില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നിലമ്പൂരില്‍ ഡിസംബര്‍ 19ന് കീര്‍ത്തിപടിയിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തലും, തിരൂരില്‍ ഡിസംബര്‍ 21ന് താഴേപ്പാലം ചേമ്പര്‍ ഓഫ് കോമേഴ്സ് ബില്‍ഡിംഗിലുമാണ് മേള നടക്കുക.  പൊന്നാനിയിൽ ജനുവരി 06 നുമാണ് മേള (വേദി പിന്നീട് അറിയിക്കുന്നതാണ്). നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ്  ക്യാമ്പ്. 

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem    എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ  രജിസ്റ്റർ ചെയ്തു  പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.  പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന  പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്.    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!