പരിചയപ്പെടാം ചില ഓണക്കളികൾ...

By Web TeamFirst Published Aug 11, 2020, 11:57 AM IST
Highlights

ഓണത്തിന് ഓണക്കോടിയും സദ്യയും മാത്രമല്ല ചില ഓണകളികൾ കൂടിയുണ്ട്. പുതുതലമുറയ്ക്ക് വേണ്ടി ചില ഓണക്കളികള്‍ പരിചയപ്പെടുത്തുന്നു

ഐശ്വര്യത്തിന്റെയും  ആഘോഷത്തിന്റെയും ഒപ്പം കൂടിച്ചേരലിന്റെയും ദിനമാണ് ഓണം. എല്ലാവരും ഒത്തുച്ചേരുമ്പോള്‍ ചില നാടന്‍ കളികളും നമ്മുടെ നാട്ടിൻ പുറങ്ങളില്‍ അരങ്ങേറും. എന്നാല്‍ പുതുതലമുറയിലെ കുട്ടികൾ പഴയ ഓണക്കളികളെ കുറിച്ച് കേട്ടിട്ടില്ലെന്നതാണ് സത്യം. ഓണത്തിന് ഓണക്കോടിയും സദ്യയും മാത്രമല്ല ചില ഓണക്കളികൾ കൂടിയുണ്ട്. പുതുതലമുറയ്ക്ക് വേണ്ടി ചില ഓണക്കളികള്‍ പരിചയപ്പെടുത്തുന്നു.

പുലികളി

Latest Videos

ഏകദേശം 200 വർഷത്തെ പഴക്കമുണ്ട് പുലികളിക്ക്. കേരളത്തിലെ തനതായ ഒരു കലാരൂപത്തിന്  പുലികളി അഥവാ കടുവക്കളിയെന്നും പറയുന്നു. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വെയ്ക്കുകയും ചെയ്യുന്നു.

ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.

തലപ്പന്തുകളി

തലപ്പന്തുകളിയാണ് പലരിലും ആവേശമുണര്‍ത്തുന്ന ഒരു പ്രധാനപ്പെട്ട കളി. തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു.  പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും.

എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങൾ അപൂർവ്വമായെങ്കിലും ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ കളിക്കാറുണ്ട്.

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളിയും ഓണാഘോഷത്തിന്റെ ഭാഗമായി വരുന്നതാണ്. കുമ്മാട്ടിപ്പുല്ല് ദേഹത്തുവെച്ചു കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍ തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുവീടാന്തരം സന്ദര്‍ശിക്കുന്നു. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.


കൈകൊട്ടിക്കളി

സ്ത്രീകള്‍ക്ക് മാത്രമായിട്ടും ഓണവിനോദങ്ങളുണ്ട്. കൈകൊട്ടിക്കളിയാണ് അവയില്‍ പ്രധാനം. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി. 

തോലുമാടന്‍

ഇതിപ്പോള്‍ അന്യം നിന്നു പോയ ഒരു കലാരൂപമാണ്‌. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നു.തലയില്‍ പാള തൊപ്പി.പളയില്‍ തീര്‍ത്ത മുഖം മൂടി അതില്‍ മൂന്നു ദ്വരങ്ങള്‍ വായുടെയും കണ്ണിന്‍റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിയ്‌ക്കും.പിന്നെ ആര്‍പ്പു വിളികളുമായി ചിലപ്പോള്‍ വാദ്യ മേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിക്കും ,വീട്ടുകാര്‍ നാണയ തുട്ടുകള്‍ സമ്മാനിക്കും

click me!