ഇന്ത്യയുടെ 41-ാം അൻ്റാർട്ടിക് പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി അവിടെ തങ്ങുന്ന 22 അംഗ സംഘത്തിലെ അഞ്ച് മലയാളികളാണ് തടാകത്തിന് മുകളിൽ പൂക്കളമൊരുക്കിയത്.
ലോകത്തെവിടെ മലയാളിയുണ്ടോ അവിടെ ഓണവുമുണ്ട്. ഓണമുണ്ടെങ്കിൽ പിന്നെ പൂക്കളത്തിൻ്റെ കാര്യം പറയാനുമില്ല. ഇത്തവണ മലയാളികൾ ചേർന്ന് അൻ്റാർട്ടിക്കയിൽ ഒരുക്കിയ പൂക്കളമാണ് ഏറെ ശ്രദ്ധ നേടുന്നത്. അൻ്റാർട്ടിക്കയിൽ പൂക്കൾ സുലഭമല്ലാത്തതിനാൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിലെ മഞ്ഞുപാളിയിൽ ചുറ്റികയും കത്തിയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ച് വരഞ്ഞ് പൂക്കളമൊരുക്കുകയായിരുന്നു.
ഇന്ത്യയുടെ 41-ാം അൻ്റാർട്ടിക് പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി അവിടെ തങ്ങുന്ന 22 അംഗ സംഘത്തിലെ അഞ്ച് മലയാളികളാണ് തടാകത്തിന് മുകളിൽ പൂക്കളമൊരുക്കിയത്. ഇന്ത്യൻ ഗവേഷണ സ്ഥാപനമായ ഭാരതി സ്റ്റേഷന് മുന്നിൽ -25 ഡിഗ്രി സെൽഷ്യസ് കൊടും തണുപ്പിലാണ് പൂക്കളം ഒരുക്കിയത്. ഡോ. ഷിനോജ് ശശീന്ദ്രൻ, അനൂപ് കെ സോമൻ, ആർ. അദിത്, ഡോ. പി വി പ്രമോദ്, പോളി ബേബി ജോൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഓർത്തോപീഡിക് സർജനായ ഷിനോജ് ശശീന്ദ്രനാണ് പൂക്കളത്തിൻ്റെ മാതൃകയൊരുക്കിയത്.