രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി മകന്റെ കല്യാണത്തിനായി വമ്പൻ സത്കാരമാണ് ഒരുക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇളയ സാരഥി അനന്ത് അംബാനിയുടെ വിവാഹമാണ്. രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി മകന്റെ കല്യാണത്തിനായി വമ്പൻ സത്കാരമാണ് ഒരുക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ആണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ മാമാങ്കം നടക്കുന്നത്.
വിവാഹത്തിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ, ചടങ്ങിനെക്കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നത്. വാരണാസിയിലെ പ്രശസ്തമായ കാശി ചാട്ട് ഭണ്ഡാറിൽ നിന്നുള്ള ഒരു ചാട്ട് സ്റ്റാൾ വിവാഹ സത്കാരത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
undefined
റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർമാനുമായ നിത അംബാനി ജൂണിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തി ആദ്യ ക്ഷണക്കത്ത് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി കരകൗശല വിദഗ്ധരെ അടക്കം നിത കാശിയിൽ സന്ദർശിച്ചിട്ടുണ്ട്. കൂടെ ചാട്ട് വില്പനക്കാരെയും നിത കണ്ടിരുന്നു എന്നാണ് റിപ്പോർട്ട്. വിവിധ ചാട്ടുകൾ സാമ്പിൾ ചെയ്ത ശേഷം കടയുടമ രാകേഷ് കേസരിയെ വിവാഹത്തിനായി നിത അംബാനി ക്ഷണിച്ചതായാണ് റിപ്പോർട്ട്. ടിക്കി, തക്കാളി ചാട്ട്, പാലക് ചാട്ട്, ചന കച്ചോരി, കുൽഫി എന്നിവ ഉൾപ്പെടുന്ന ഒരു ചാട്ട് സ്റ്റാൾ ഒരുക്കാൻ കേസരിയുടെ ടീമിനെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
"ജൂൺ 24 ന് നിത അംബാനി ഞങ്ങളുടെ ചാട്ട് ഭണ്ഡാരിൽ വന്നു, ടിക്കി ചാട്ട്, തക്കാളി ചാട്ട്, പാലക് ചാട്ട്, കുൽഫി ഫലൂഡ എന്നിവ രുചിച്ചു നോക്കുകയും ചെയ്തു. അവർ സന്തോഷവതിയായിരുന്നു, ബനാറസിലെ ചാട്ട് വളരെ പ്രശസ്തമാണെന്ന് പറഞ്ഞു. അംബാനി കുടുംബത്തിലെ ചടങ്ങിനായി വിളമ്പുന്നതിൽ സന്തോഷമുണ്ട്. ", കേസരി എഎൻഐയോട് പറഞ്ഞു.
നിത അംബാനിയുടെ സന്ദർശനത്തിന് ശേഷം, ലോകമെമ്പാടുമുള്ള ആളുകൾ ഷോപ്പിലേക്ക് ഒഴുകിയെത്തുന്നതിനാൽ ചാട്ട് വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്.