വിപണിയിലെ തകർച്ച,  വമ്പന്‍മാര്‍ക്കും രക്ഷയില്ല; കനത്ത നഷ്ടം നേരിട്ട് അംബാനിയും അദാനിയും

By Web TeamFirst Published Oct 4, 2024, 6:37 PM IST
Highlights

മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ ശതകോടീശ്വര പട്ടികയിലെ സ്ഥാനചലനത്തിന് ഓഹരി വിപണിയിലെ തകര്‍ച്ച വഴിവച്ചു.  

റാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ അലയൊലികള്‍ വമ്പന്‍മാര്‍ക്കും തിരിച്ചടിയായി.  ഇതോടെ  മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ ശതകോടീശ്വര പട്ടികയിലെ സ്ഥാനചലനത്തിന് ഓഹരി വിപണിയിലെ തകര്‍ച്ച വഴിവച്ചു.  മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ 3.95% ഇടിവോടെ 2771.50  എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ഇടിവ് നേരിടുന്നത്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വിപണി മൂല്യത്തില്‍  77,607 കോടി രൂപയുടെ കുറവുണ്ടായി.  വിപണിയിലെ കനത്ത നഷ്ടം കാരണം ഗൗതം അദാനിയുടെ ആസ്തിയില്‍ ഇന്ന് 24,600 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ  ശതകോടീശ്വര പട്ടികയിലെ 14-ാം സ്ഥാനത്ത് നിന്ന് 17-ാം സ്ഥാനത്തേക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. നിക്ഷേപകര്‍ക്ക് ആകെ 11 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് ഉണ്ടായത്.

അതേസമയം, മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറിന്‍റെ സ്റ്റോക്ക് 11 ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്ന് 5 ശതമാനം ഇടിഞ്ഞു. 53.65 രൂപയില്‍ നിന്ന് 50.95 രൂപയായാണ് ഓഹരി വില താഴ്ന്നത്. ഇതോടെ റിലയന്‍സ് പവറിന്‍റെ വിപണി മൂല്യം 20,474 കോടി രൂപയായി കുറഞ്ഞു. നേരത്തെ, ബോണ്ടുകള്‍ പുറത്തിറക്കി ഏകദേശം 4,198 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് റിലയന്‍സ് പവറിന്‍റെ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഈ ബോണ്ടുകള്‍ 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
റിലയന്‍സ് പവര്‍ സ്വകാര്യ മേഖലയിലെ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ്. കല്‍ക്കരി, വാതകം, ജലവൈദ്യുതി, പുനരുപയോഗ ഊര്‍ജ അധിഷ്ഠിത പദ്ധതികള്‍ വഴി 5300 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.

Latest Videos

click me!