ടോപ്പ് അപ്പ് വായ്പ, ടേക്ക് ഓവർ, വായ്പ സ്വിച്ചിംഗ്: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ പുതുവഴികൾ

By C S Renjit  |  First Published Jun 23, 2020, 4:42 PM IST

ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് വിപണികളിലെ നിരക്കുകളുമായി ബന്ധപ്പെടുത്തിയിട്ട് കുറച്ച് കാലമായി. റിസര്‍വ് ബാങ്ക് മൂന്ന് മാസം കൂടുമ്പോള്‍ പ്രഖ്യാപിക്കുന്ന റിപ്പോ നിരക്ക് അനുസരിച്ച് ഭവന വായ്പകളുടെ പലിശ നിരക്ക് തീരുമാനിച്ചു തുടങ്ങിയത് 2019 ഒക്‌ടോബര്‍ മുതലാണ്.


ര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷാജഹാന് അടുത്തിടെയാണ് വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം കിട്ടിയത്. പൊതുമേഖല ബാങ്കില്‍ നിന്ന് 35 ലക്ഷം രൂപയുടെ ഭവന വായ്പ നിലവില്‍ 8.4 ശതമാനം നിരക്കിലാണ് എടുത്തിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് ദിവസത്തെ ശമ്പളം പിടിച്ച് വച്ചതോടെ ഇ.എം.ഐ അടയ്ക്കാന്‍ ഞെരുക്കമായി. ബാങ്ക് മാനേജരെ വിളിച്ച് മോറട്ടോറിയം വേണ്ട ഇ.എം.ഐ കുറയ്ക്കുന്നതിന് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് തിരക്കിയപ്പോഴാണ് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. നേരെ ബാങ്കില്‍ ചെന്ന്  ഫോറം പൂരിപ്പിച്ച് നല്‍കി. സ്വിച്ചിംഗ് ഫീസായ 7,000 രൂപയോളം അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തു. പുതിയ പലിശ നിരക്ക് 7.25 ആയി കുറഞ്ഞു. തിരിച്ചടവിന് ഇനി 20 കൊല്ലം കൂടി ബാക്കി നില്‍ക്കുന്ന വായ്പയുടെ തുല്യമാസ തവണയില്‍ 2, 250 രൂപയുടെ കുറവാണ് കിട്ടിയത്. 

കൊവിഡ് ഉയര്‍ത്തിയ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാസവരുമാനം കുറഞ്ഞുപോയവര്‍ക്ക് ഷാജഹാന്റെ മാതൃക ഗുണം ചെയ്യും. വരുമാനം കുറഞ്ഞ് പോയവര്‍ക്ക് മാത്രമല്ല, ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അത്യാവശ്യമായി പണം ആവശ്യമുള്ളവര്‍ക്കും കൃത്യമായി അടച്ച് പോരുന്ന ഭവന വായ്പയിലൂടെ പരിഹാരം കാണാം.

Latest Videos

undefined

ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് വിപണികളിലെ നിരക്കുകളുമായി ബന്ധപ്പെടുത്തിയിട്ട് കുറച്ച് കാലമായി. റിസര്‍വ് ബാങ്ക് മൂന്ന് മാസം കൂടുമ്പോള്‍ പ്രഖ്യാപിക്കുന്ന റിപ്പോ നിരക്ക് അനുസരിച്ച് ഭവന വായ്പകളുടെ പലിശ നിരക്ക് തീരുമാനിച്ചു തുടങ്ങിയത് 2019 ഒക്‌ടോബര്‍ മുതലാണ്.

കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പുതിയ നിരക്കിലേക്ക് മാറാം

ലോക്ഡൗണ്‍ തുടങ്ങിയശേഷം ഇതിനോടകം റിസര്‍വ് ബാങ്ക് തങ്ങളുടെ റിപ്പോ നിരക്ക് 1.15 ശതമാനം കണ്ട് കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ റിപ്പോ നിരക്ക് നാല് ശതമാനമാണ്. സ്വാഭാവികമായും റിപ്പോയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഭവന വായ്പകളുടെ നിരക്കും കുറഞ്ഞിട്ടുണ്ട്.
2019 ഒക്‌ടോബറിനുശേഷം ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയ ഫ്‌ളോട്ടിംഗ് നിരക്കിലായിരിക്കും പലിശ. അതിന് മുമ്പ് എടുത്തിട്ടുള്ള ഭവന വായ്പകളില്‍ പലിശ നിരക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെടുത്താന്‍ അപേക്ഷ നല്‍കി സ്വിച്ചിംഗ് ഫീസ് കൊടുത്തിട്ടുള്ളവര്‍ക്കും റിപ്പോ അധിഷ്ഠിത പലിശ ആയിരിക്കും. എന്തായാലും അവിടിന്ന് ഇങ്ങോട്ട് പലിശ നിരക്കില്‍ ഏതാണ്ട് 1.4 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നു. 35 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് അതിനുമുകളിലുള്ള വായ്പകളേക്കാള്‍ കുറവാണ് പലിശ. 

നിലവില്‍ ഭവന വായ്പ കൃത്യമായി തിരിച്ചടച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കിലേയ്ക്ക് മാറാം. ഇതോടൊപ്പം ഇ.എം.ഐ യിലുണ്ടാകുന്ന കുറവിന് അനുസൃതമായി ഒരു പുതിയ ടോപ്പ് അപ്പ് വായ്പ ആവശ്യപ്പെടാം. ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമായി വായ്പ തുക ഉപയോഗിക്കാം. യാതൊരുവിധ അധിക കടലാസ് പണികളും നിലവിലുള്ള ബാങ്കില്‍ നിന്ന് തന്നെ ടോപ്പ് അപ്പ് വായ്പ ലഭിക്കുമെങ്കില്‍ വേണ്ടി വരുന്നില്ല. 

കണ്ണും പൂട്ടി ടേക്ക് ഓവറിലേക്ക് പോകാം 

നിലവില്‍ വായ്പയുള്ള ബാങ്കിലെ പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്ന ബാങ്കുകളിലേയ്ക്ക് വായ്പ ടേക്ക് ഓവര്‍ ചെയ്യിക്കാം. ഭവന വായ്പകളുടെ കുറഞ്ഞിട്ടുള്ള പലിശ നിരക്ക് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. പുതിയ വായ്പയ്ക്കായി അപേക്ഷിക്കുന്നതിനുവേണ്ട കടലാസ് പണികള്‍ ഉണ്ടാകും. വരുമാനം, മേല്‍വിലാസം, ആളെ തിരിച്ചറിയല്‍, ആദായ നികുതി വിവരങ്ങള്‍ തുടങ്ങിയവ നല്‍കേണ്ടി വരും. വീടിന്റെയും വസ്തുവിന്റെയും വില പുതുതായി നിര്‍ണ്ണയിച്ചെടുക്കേണ്ടതുമുണ്ട്. വായ്പയുടെ അര്‍ഹത അനുസരിച്ച് പുതിയ ബാങ്കില്‍ കൂടുതല്‍ വായ്പ, കൂടുതല്‍ തിരിച്ചടവ് കാലാവധി ഒക്കെ ആവശ്യപ്പെടാം. 

വായ്പകള്‍ ടേക്ക് ഓവര്‍ ചെയ്യുന്നതിന് നല്‍കേണ്ട പ്രോസസിംഗ് ഫീസ്, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുക്കണം. പുതിയ പലിശ നിരക്കിലേയ്ക്ക് നിലവിലുള്ള ബാങ്കില്‍ തന്നെ മാറുന്നതിന് നല്‍കേണ്ടുന്ന സ്വിച്ചിംഗ് ഫീസിനേക്കാള്‍ ഇത് കുറവാണെങ്കിലും പലിശ നിരക്കില്‍ അരശതമാനത്തിന്റെ എങ്കിലും കുറവ് ലഭിക്കുമെങ്കില്‍ കണ്ണും പൂട്ടി ടേക്ക് ഓവറിന് അപേക്ഷിക്കാം. 

- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)

click me!