ഒരു വയസായിരുന്നു അന്ന് സ്നേഹയ്ക്ക്. മാസങ്ങൾ മാത്രമായിരുന്നു സഹോദരൻ സോമുവിന്റെ പ്രായം.
2005-ൽ അമ്മ ബനലത അവളെയും സഹോദരൻ സോമുവിനെയും ഭുവനേശ്വറിലെ വാടകവീട്ടിൽ ഉപേക്ഷിച്ച് പോയത് മുതലാണ് സ്നേഹയുടെ കഥ ആരംഭിക്കുന്നത്. നേരത്തെ തന്നെ അച്ഛൻ ഉപേക്ഷിച്ച കുടുബത്തിൽ ബാക്കിയായത് നാല് കുട്ടികളും ബനലതയും മാത്രമായിരുന്നു. അവരിൽ രണ്ട് കുട്ടികളെ മാത്രം ഒപ്പം കൂട്ടിയ അമ്മ, സ്നേഹയെയും സഹോദരനെയും ആ വാടകവീട്ടിൽ ഉപേക്ഷിച്ചുപോയി. ഒരു വയസായിരുന്നു അന്ന് സ്നേഹയ്ക്ക്. മാസങ്ങൾ മാത്രമായിരുന്നു സഹോദരൻ സോമുവിന്റെ പ്രായം.
വാടക വീടിന്റെ ഉടമ വിവരം അറിയിച്ചതനുസരിച്ച് കുട്ടികളെ പിന്നീട് ഒരു അനാഥാലയത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് അവരെ സ്പാനിഷ് ദമ്പതികളായ ഗെമ വിഡാലും ജുവാൻ ജോഷും 2010-ൽ ദത്തെടുക്കുന്നത്. ഇന്ന് ഇരുവരും സ്പാനിഷ് പൗരന്മാരാണ്. എന്നാൽ സ്നേഹയുടെ ഒരു ആഗ്രഹമാണ് ഇപ്പോൾ ഇവരുട കഥ വാര്‍ത്തകളിൽ നിറയാൻ കാരണം. 20 വര്‍ഷത്തിന് ശേഷം തന്റെ അമ്മയെ തേടിയിറങ്ങിയിരിക്കുകയാണ് സ്നേഹ. അതിന് മാത്രമായാണ് സ്നേഹ സ്പെയിനിൽ നിന്ന് ഇന്ത്യയിലെത്തിയിരിക്കുന്നത്.
തന്റെ ഭൂതകാലത്തെ കുറിച്ച കാര്യമായ വിവരങ്ങളൊന്നു അവളുടെ പക്കൽ ഇല്ല. എന്നാൽ സ്നേഹയ്ക്ക് തന്നെ ഉപക്ഷിച്ച് പോയ അമ്മയെ കണ്ടെത്തണം, അതിന്റെ കാരണവും അറിയണം. അമ്മയെ കണ്ടാൽ, തന്നെ ഉപേക്ഷിതിന് വഴക്ക് പറയുമോ എന്ന ചോദ്യത്തിന് സ്നേഹ മറുപടി നൽകിയില്ല. സ്നേഹയ്ക്കൊപ്പം അമ്മ ജെമയും റിട്ടയേര്‍ഡ് അധ്യാപികയായ സുധ മിശ്രയും പൊലീസും സഹായത്തിനുണ്ട്.
ദിവസങ്ങളുടെ ശ്രമത്തിൽ ബനലതയും ഭർത്താവ് സന്തോഷും കട്ടക്ക് ജില്ലയിലെ ബദാംബ-നർസിംഗ്പൂർ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്താൻ അവര്‍ക്ക് സാധിച്ചു. നയപ്പള്ളിയിലെ വീട്ടുടമസ്ഥനിൽ നിന്നാണ് മാതാപിതാക്കളുടെ പേര് സ്നേഹയ്ക്ക് കിട്ടിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ദിവസങ്ങൾ കഴിയുന്തോറും വലിയ ആശങ്കയിലാണ് സ്നേഹ. തിങ്കളാഴ്ചയോടെ പഠനാവശ്യത്തിനായി സ്പെയിനിലേക്ക് അവൾക്ക് തിരികെ പോകേണ്ടതുണ്ട്. അതിന് മുമ്പ് തന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അവൾ.
തിങ്കളാഴ്ചയോടെ ബനലതയെ കണ്ടെത്താനായില്ലെങ്കിൽ, കൂടുതൽ ദിവസം താമസിച്ച് അന്വേഷിക്കാൻ മാര്‍ച്ചിൽ തിരികെ എത്താനാണ് സ്നേഹ കരുതുന്നത്. അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന് പൂര്‍ണ പിന്തുണ നൽകുമെന്ന് വളര്‍ത്തമ്മ ജെമ പറയുന്നു. സ്‌നേഹ വളരെ ഉത്തരവാദിത്തവും വിദ്യാഭ്യാസമുള്ളവും ഉള്ളവളാണ്. ഞങ്ങളുടെ വീടിന്റെ സന്തോഷമാണ്, അവൾ ഞങ്ങളുടെ ജീവനാണെന്നും ജെമ പറഞ്ഞു. സ്‌നേഹയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അധികൃതരുമായും പഞ്ചായത്ത് ഭാരവാഹികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഉടൻ സ്നേഹയ്ക്ക് അമ്മയെ കാണാൻ സാധിക്കുമെന്ന് കരുതുന്നായി കൂടെയുള്ളവര്‍ പറയുന്നു.