999 പരിശുദ്ധിയുള്ള സ്വര്‍ണം വാങ്ങി നിക്ഷേപമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ അവസരമാണ് ഇന്നു മുതല്‍ ലഭിക്കുന്നത്.
മുംബൈ: കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ അടുത്ത ഘട്ടത്തിലേക്കുള്ള സബ്സ്ക്രിപ്ഷൻ ഇന്ന് ആരംഭിക്കും. ഫെബ്രുവരി 12 മുതൽ 16 വരെയാണ് സ്കീമിൽ അംഗമാവാനുള്ള അവസരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിക്ഷേപമായി സ്വര്‍ണം വാങ്ങാൻ ഉദ്ദേശിക്കുന്നവര്‍ക്ക് ആഭരണങ്ങളോ മറ്റോ വാങ്ങുന്നതിനേക്കാൾ മികച്ച അവസരമാണ് സോവറിൻ ഗോൾഡ് ബോണ്ടുകള്‍ നൽകുന്നത്. 999 പരിശുദ്ധിയുള്ള സ്വര്‍ണം വാങ്ങുന്നതിന് പകരമായി ഇത് ഉപയോഗിക്കാം.
ഒരു ഗ്രാമിന് 6,263 രൂപ എന്ന നിരക്കിലാണ് ഇന്നു മുതൽ സോവറിൻ ഗോൾഡ് ബോണ്ടുകള്‍ സ്വന്തമാക്കാൻ സാധിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ കഴിഞ്ഞ മൂന്ന് ദിവസത്തെ വില കണക്കാക്കിയാണ് ഇത് നിജപ്പെടുത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ സീരിസാണ് ഇന്ന് ആരംഭിക്കുന്നത്. ബോണ്ടുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം അടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഇത് കൂടി ഉള്‍പ്പെടുമ്പോള്‍ ഗ്രാമിന് 6213 രൂപ നിരക്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകള്‍ വാങ്ങാനാവുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈൻ രീതികള്‍ക്ക് പുറമെ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ വഴിയും സോവറിൻ ഗോൾഡ് ബോണ്ടുകള്‍ വാങ്ങാനാവും.
എട്ട് വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി. അഞ്ച് വര്‍ഷം കഴിയുമ്പോൾ വേണമെങ്കിൽ പണമാക്കി മാറ്റാനുള്ള അവസരവുമുണ്ട്. അന്നത്തെ വിപണി വിലയ്ക്ക് പുറമെ നിശ്ചിത നിരക്കിലുള്ള പലിശയും സര്‍ക്കാര്‍ ഇതിന് നൽകും. വാര്‍ഷിക അടിസ്ഥാനത്തിൽ 2.50 ശതമാനമാണ് നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക്. ഇത് പൂര്‍ണമായും നികുതികൾക്ക് വിധേയവുമാണ്. അതേസമയം ബോണ്ടുകള്‍ പണമാക്കി മാറ്റുമ്പോൾ ലഭിക്കുന്ന ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. എട്ട് വര്‍ഷം പൂര്‍ത്തിയായ ശേഷമാണെങ്കിലും അതല്ല അഞ്ച് വര്‍ഷത്തിന് ശേഷം പിൻവലിക്കുകയാണെങ്കിലും ലാഭത്തിന്മേലുള്ള ഈ നികുതി ഇളവ് ഒരുപോലെ ബാധകമാണ്. ഗോള്‍ഡ് ബോണ്ടുകള്‍ നേരിട്ട് വാങ്ങുകയാണെങ്കിലും അതല്ല പിന്നീട് മറ്റൊരാളിൽ നിന്ന് വിപണിയിലൂടെ വാങ്ങുകയാണെങ്കിലും ഈ ഇളവ് ലഭിക്കും. എന്നാൽ ഇത് വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗോൾഡ് ബോണ്ടുകള്‍ വാങ്ങാൻ അനുവാദമുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് ലാഭത്തിന്മേലുള്ള നികുതി ഇളവ് ബാധകമല്ല.
സർക്കാര്‍ ഗ്യാരണ്ടിയോടെയുള്ള സെക്യൂരിറ്റികളാണ് സോവറിൻ ഗോള്‍ഡ് ബോണ്ടുകള്‍. സ്വര്‍ണം വാങ്ങി കൈവശം വെയ്ക്കുന്നതിന് പകരമായി, ഇഷ്യു ചെയ്യുന്ന വില കൊടുത്ത് ഇവ വാങ്ങാം. പിന്നീട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമാക്കി മാറ്റുകയും ചെയ്യാം. സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകള്‍ നല്‍കുന്നത്. ആഭരണ രൂപത്തിലുള്ള സ്വര്‍ണത്തെ അപേക്ഷിച്ച് പണിക്കൂലി, പണിക്കുറവ് എന്നിവ പോലുള്ള ചെലവുകളില്ലെന്നതും സൂക്ഷിച്ചുവെയ്ക്കുമ്പോഴുള്ള മറ്റ് സങ്കീര്‍ണതകളില്ലെന്നതും സ്വര്‍ണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി സംബന്ധിച്ച് ഉണ്ടാവുന്ന സംശയങ്ങള്‍ ആവശ്യമില്ലെന്നതുമാണ് എസ്.ജി.ബിയുടെ സവിശേഷതകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...