'പൂവന്‍': ഒരു ചെറു സന്തോഷ കാഴ്ച - റിവ്യൂ

By Web Team  |  First Published Jan 20, 2023, 2:01 PM IST

ചിത്രത്തിന്‍റെ പേര് പോലെ തന്നെ ഒരു പൂവന്‍ കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിലെ മുഖ്യഘടകം. 


സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് വിനീത് വാസുദേവന്‍. ഇദ്ദേഹത്തിന്‍റെ തന്നെ  'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌' എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ ഹൃസ്വചിത്രങ്ങള്‍ എടുത്ത് ശ്രദ്ധേയനായ വിനീത് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് 'പൂവന്‍'. രണ്ട് മണിക്കൂര്‍ നീളത്തിലുള്ള ചിത്രത്തില്‍ പ്രേക്ഷകന് രസകരമായ ഏറെ നിമിഷങ്ങള്‍ സമ്മാനിക്കുന്നു എന്നത് തന്നെയാണ് പൂവന്‍റെ ഹൈലൈറ്റസ്.

ഒരു ക്രിസ്മസില്‍ തുടങ്ങി അടുത്ത ക്രിസ്മസില്‍ അവസാനിക്കുന്ന രീതിയില്‍ ഒരു തീര്‍ത്തും 'നാടനയ' ഒരു കഥയാണ് വിനീത് വാസുദേവനും തിരക്കഥകൃത്ത് വരുണ്‍ ധാരയും പ്രേക്ഷകരോട് പറയുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ വരുണിന്‍റെ ആദ്യത്തെ തിരക്കഥയാണ് ഇത്. 

Latest Videos

undefined

ഒരു ക്രിസ്മസ് രാവില്‍ ഏറെക്കാലം കാത്തിരുന്ന പെണ്‍കുട്ടി തന്‍റെ പ്രണയം പറയുന്നത് മുതല്‍ അടുത്ത ദിവസം അയല്‍വീട്ടില്‍ അവിചാരിതമായി എത്തുന്ന കോഴികുഞ്ഞും ഹരി എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും, പ്രതിസന്ധികളുമാണ് ചിത്രത്തിലെ ഇതിവൃത്തം. എന്നാല്‍ ആന്‍റണി പെപ്പെ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിനെ ചുറ്റിപറ്റിമാത്രം പൂവന്‍ മുന്നോട്ട് പോകുന്നില്ല. ഏത് നാട്ടിന്‍പുറത്ത് കാണുംപോലെ അയല്‍വക്കത്തുകാരുടെയും, അയല്‍വക്കത്തെ പ്രണയവും, പിണക്കവും എല്ലാം കഥയുടെ ഭാഗമാകുന്നു. 

ചിത്രത്തിന്‍റെ പേര് പോലെ തന്നെ ഒരു പൂവന്‍ കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിലെ മുഖ്യഘടകം. അതിന്‍റെ വരവും വളര്‍ച്ചയും കഥയ്ക്കൊപ്പവും കഥാപാത്രങ്ങള്‍ക്കൊപ്പവും വളരുന്നു. പൂവന്‍ കടന്നുവരുന്ന രംഗങ്ങളില്‍ അത് നന്നായി ചിത്രീകരിക്കാന്‍ സംവിധായകനും സംഘത്തിനും സാധിച്ചിട്ടുണ്ട്. 

സ്ഥിരം തല്ലുപിടി കഥാപാത്രങ്ങളെ മാറ്റിനിര്‍ത്തി ഹരി എന്ന സാധാരണക്കാരനായ ഒരു ഷേക്ക് വില്‍ക്കുന്ന കടക്കാരനിലേക്ക് ഇറങ്ങിവരുന്നതാണ് ആന്‍റണി പെപ്പെയുടെ ഈ ചിത്രത്തിലെ റോള്‍. അത് ഭംഗിയായി തന്നെ പെപ്പെ നിര്‍വഹിക്കുന്നു. സ്വപ്ന രംഗത്തിലും, തന്‍റെ തളര്‍ച്ചയുടെ ഘട്ടത്തിലും പെപ്പെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നു. എല്ലാ നാട്ടിലും കാണുന്ന എല്ലാവരെക്കൊണ്ടും നല്ലത് മാത്രം പറയിപ്പിക്കുന്ന പരോപകാരിയായ ഒരു ചെറുപ്പക്കാരന്‍ 'ബെന്നി' എന്ന ആ വേഷം സജിന്‍ വളരെ മനോഹരമായി ചെയ്യുന്നുണ്ട്. ചിത്രത്തിലെ മികച്ച രംഗങ്ങളില്‍ പലതും ബെന്നി കൈയ്യടി നേടുന്നുണ്ട്. 

അടുത്ത കൂട്ടുകാരികളായ അയല്‍ക്കാരായ വീണയും സിനിയുമായി എത്തുന്നത് അഖില ഭര്‍ഗവനും, അനിഷ്മ അനില്‍കുമാറുമാണ്. ഇവരുടെ കൊമ്പിനേഷനുകള്‍ അടക്കം പ്രേക്ഷകരെ രസിപ്പിക്കും. ഒപ്പം ഇവരുടെതായ ഭാഗങ്ങളിലും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. സംവിധായകന്‍ വിനീത് ചിത്രത്തില്‍ കണ്ണന്‍ എന്ന റോളിലാണ് എത്തുന്നത്. തന്‍റെ ഭാഗം സംവിധായകന്‍ ഭദ്രമാക്കുന്നുണ്ട്. 

രണ്ട് വീടുകളിലെ ഗൃഹനാഥമാരായി എത്തുന്ന മറിയാമ്മയെയും, മൈത്രിയെയും അവതരിപ്പിക്കുന്നത് ബിന്ദു സതീഷ്കുമാറും, ആനി എബ്രഹാമുമാണ്. ചിത്രത്തിലെ സുപ്രധാനമായ ഈ റോളുകള്‍ ഇവര്‍ ഭംഗിയായി തന്നെ ചെയ്തുവെന്ന് പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. പൂവനെ ഒരു അമ്മയെപ്പോലെ സംരക്ഷിക്കുന്ന മറിയാമ്മയുടെ റോള്‍ എടുത്തുപറയേണ്ടതാണ്. 

ഡിജിപോള്‍ എന്ന ഹരിയുടെ കാമുകിയായി എത്തുന്ന റിങ്കു. വരുണ്‍ ധാര, വിനീത് വിശ്വം എന്നിവര്‍ തങ്ങളുടെ റോളുകള്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. മണിയന്‍ പിള്ള രാജു, ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗിരീഷ് എ.ഡി അടക്കം ചില താരങ്ങളും ചിത്രത്തിലുണ്ട്. 

ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുന്‍ മുകുന്ദനാണ്. സുഹൈല്‍ കോയയുടെതാണ് വരികള്‍. ചിത്രത്തിന് ഇണങ്ങുന്ന ഗാനങ്ങളും പാശ്ചാത്തല സംഗീതവും ഒരുക്കാന്‍ ഇവര്‍ വിജയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗാനങ്ങള്‍ തീര്‍ത്തും ചിത്രത്തിന്‍റെ രസചരടുകള്‍ പൊട്ടാതെ തന്നെ ഒരുക്കിയിട്ടുണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം  സാബു മോഹനാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ഒരു ഘട്ടത്തില്‍ ഇവിടെയുള്ളവര്‍ക്ക് ചെറിയ കാര്യങ്ങളിലാണ് അല്ലെ കരുതല്‍ എന്ന അര്‍ത്ഥത്തില്‍ ഒരു കഥാപാത്രത്തിന്‍റെ പരാമര്‍ശം ചിത്രത്തിലുണ്ട്. ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകനും അതേ അനുഭവമാണ്. വലിയ ബ്രഹ്മാണ്ഡ കാര്യങ്ങള്‍ ഒന്നും തന്നെ പൂവന്‍ എന്ന ചിത്രം പറയുന്നില്ല. കുറച്ച് സമയം കുറച്ച് ചെറിയ കാര്യങ്ങളിലൂടെ രസകരമായി സ്നേഹത്തോടെ ഒരു സഞ്ചാരം ഈ ചിത്രം നല്‍കുന്നു. 

'നിങ്ങളുടെ റിവ്യൂസ് വായിച്ചുകൊണ്ടേയിരിക്കുന്നു'; 'നന്‍പകല്‍' സ്വീകരിച്ച പ്രേക്ഷകരോട് മമ്മൂട്ടി

'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം

click me!