ഗോവയിലെ ബൗണ്ടി ഹണ്ടറായ ഫ്രാന്‍സിസില്‍ നിന്നാരംഭിക്കുന്ന കഥ പുരാതന കാലത്തെ വീരനായ കങ്കുവയിലേക്കും അഞ്ച് ദ്വീപുകളിലേക്കും നീളുന്നു.
സൂര്യ നായകനായി ശിവയുടെ സംവിധാനത്തില്‍ എത്തിയ 'കങ്കുവ' ഒരു പീരിയിഡ് ആക്ഷന്‍ ഡ്രാമയാണ്. എന്നാല്‍ പൂര്‍ണ്ണമായും പീരിയിഡായല്ല കഥ പറയുന്നത്. പുതിയ കാലത്തേക്ക് ഒരു സാങ്കല്‍പ്പിക ലോകത്തിലെ കഥയെ സംയോജിപ്പിച്ചാണ് കങ്കുവ പുരോഗമിക്കുന്നത്. ഹൈ ഒക്ടൈന്‍ ആക്ഷന്‍ സീനുകളാണ് കങ്കുവയുടെ പ്രധാന പ്രത്യേകത എന്ന് ആദ്യമേ പറഞ്ഞു പോകേണ്ടതുണ്ട്.
ഫ്രാന്‍സിസ് എന്ന ഗോവയിലെ പൊലീസിന്‍റെ സഹായിയായ ബൗണ്ടി ഹണ്ടറില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അയാളും മുന്‍ കാമുകി എയ്ഞ്ചലീനയും തമ്മില്‍ കുറ്റവാളികളെ പിടികൂടി പൊലീസിന് കൈമാറി ബൗണ്ടി കൈപ്പറ്റുന്നവരാണ്. ഇതില്‍ ഇരുവര്‍ക്കും ഇടയില്‍ ഒരു മത്സരമുണ്ട്. അത്തരം ഒരു ബൗണ്ടി ഹണ്ടിനിടെ ഒരു ആണ്‍കുട്ടി ഫ്രാന്‍സിസിന്‍റെ അടുത്ത് എത്തുന്നു. ഈ കുട്ടിയും ഫ്രാന്‍സിസും തമ്മിലുള്ള ബന്ധം എന്താണ്. പുരാതന കാലത്തെ അഞ്ച് ദ്വീപുകളിലെ വീരനായ കങ്കുവയും ഫ്രാന്‍സിസും തമ്മില്‍ എന്ത് എന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ആക്ഷന്‍ ചിത്രങ്ങള്‍ എടുക്കുന്നതില്‍ എന്നും തന്‍റെ കഴിവ് തെളിയിച്ച സംവിധായകനാണ് ശിവ. അതിനൊപ്പം തന്നെ വൈകാരികമായ ഒരു കണക്ഷന്‍ കഥയിലേക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തിരക്കഥയാണ് ശിവയുടെ ചിത്രങ്ങളുടെ പ്രത്യേകത. അത്തരത്തില്‍ ഒരു ബന്ധവും, അതില്‍ നല്‍കപ്പെടുന്ന വാക്ക് കാക്കാനുള്ള കങ്കുവയുടെയും, പിന്നീട് ഒരു ജന്മത്തില്‍ ഫ്രാന്‍സിസും നടത്തുന്ന ആക്ഷന്‍ റൈഡാണ് സിനിമയുടെ ഇതിവൃത്തം എന്ന് പറയാം.
തിരക്കഥയിലെ ഈ വൈകാരിക തലം എത്രത്തോളം വര്‍ക്ക് ആയിട്ടുണ്ടെന്നത് സംശയത്തില്‍ തന്നെയാണ്. വളരെ വേഗത്തില്‍ പോകുന്ന കഥ പറച്ചില്‍ രീതിയാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. ശിവയുടെ മുന്‍ചിത്രം വിവേകത്തിന്‍റെ പേസ് പലയിടത്തും തോന്നുന്നുമുണ്ട്. കഥ സന്ദര്‍ഭങ്ങളില്‍ നിന്നും അതിവേഗം അടുത്ത മൂഹൂര്‍ത്തത്തിലേക്ക് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്.
അതേ സമയം ചിത്രം ഒരു ആക്ഷന്‍ പടമായി തന്നെ രൂപപ്പെടുത്തിയതാണ്. അതിനാല്‍ തന്നെ ആദ്യം മുതല്‍ ആക്ഷന് ഒരു പഞ്ഞവും ഇല്ലെന്ന് പറയാം. അത്രയും ക്വാളിറ്റിയില്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. ഗ്രോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും, ഫോറസ്റ്റ് ഫൈറ്റും, കടല്‍ സീനുകളും എല്ലാം ഗംഭീര ദൃശ്യാനുഭവം ചിത്രം ഒരുക്കുന്നുണ്ട്. അത് തീയറ്റര്‍ കാഴ്ച അര്‍ഹിക്കുന്നതുമാണ്.
സൂര്യ ഒറ്റയ്ക്ക് ചിത്രത്തെ മുന്നോട്ട് നയിക്കുന്നു എന്ന് തന്നെ പറയാം. സഹതാരങ്ങളായി വലിയൊരു താരനിരയുണ്ടെങ്കിലും സ്ക്രീന്‍ ടൈംമിന്‍റെ ഏറിയപങ്കും സൂര്യ നിറഞ്ഞു നില്‍ക്കുന്നു. ഫ്രാന്‍സിസ് എന്ന സ്റ്റെലിഷ് ക്യാരക്ടറിന് അപ്പുറം കൂടുതല്‍ 'വൈല്‍ഡും, റോയുമായ' കങ്കുവ എന്ന റോളിലാണ് സൂര്യ ഗംഭീരമായി തിളങ്ങിയത്. ആക്ഷന്‍ രംഗങ്ങളില്‍ ആസാധ്യമായ കൈയ്യടക്കമാണ് സൂര്യ പുറത്തെടുക്കുന്നത്. കരിയറിലെ തന്നെ സൂര്യയുടെ ഏറ്റവും ബെസ്റ്റ് ആക്ഷന്‍ പടമായിരിക്കും കങ്കുവ എന്നതില്‍ സംശയമില്ല.
വെട്രി പളനിസ്വാമിയുടെ ക്യാമറ കാഴ്ചകള്‍ ശരിക്കും മനോഹരമാണ്. അഞ്ച് ദ്വീപുകള്‍ എന്ന സാങ്കല്‍പ്പിക പ്രദേശത്തെ ശരിക്കും സാധ്യമാക്കിയതില്‍ അത് വലിയൊരു ഘടകമാണ്. അതേ സമയം സംവിധായകന് വേഗതയേറിയ ആഖ്യാനം സാധ്യമാക്കിയതില്‍ അന്തരിച്ച എഡിറ്റര്‍ നിഷാദ് യൂസഫിന്‍റെ പങ്ക് എന്താണെന്ന് ചിത്രം കണ്ടാല്‍ മനസിലാകും. കങ്കുവയുടെ ആക്ഷന്‍ സീനുകളെ പലഘട്ടത്തിലും എലിവേറ്റഡ് ചെയ്യുന്നത് ദേവി ശ്രീ പ്രസാദിന്‍റെ പാശ്ചത്തല സംഗീതമാണ്.
കങ്കുവ അതിന്‍റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചത്. അടുത്ത ഭാഗത്തിലേക്ക് ശക്തമായ ലീഡ് ഇട്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. പ്രേക്ഷകന് താല്‍പ്പര്യം ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട് കങ്കുവയില്‍. എന്നാല്‍ പ്രേക്ഷകനെ സ്പര്‍ശിക്കുന്ന രീതിയില്‍ അവയെ ചിട്ടപ്പെടുത്താന്‍ സാധിച്ചോ എന്ന സംശയം ബാക്കിയാക്കുന്നുണ്ട് ചിത്രം. എങ്കിലും പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും, ഒരു സൂര്യ ഷോ എന്ന നിലയിലും കങ്കുവ ശ്രദ്ധേയമാണ്. അതേ സമയം തന്നെ പ്രേക്ഷകര്‍ ആഗ്രഹിച്ച ക്യാമിയോയും ചിത്രത്തെ അവസാനം പ്രതീക്ഷിച്ച ഹൈപ്പില്‍ എത്തിക്കുന്നുണ്ട്.
എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍
സൂര്യയുടെ കങ്കുവ സിനിമയ്‍ക്ക് 100 കോടി നഷ്‍ടമാകുമോ?, വെല്ലുവിളിയായി ആ യുവ താരം, വൻ തിരിച്ചടി