ഹാക്കിംഗ് പശ്ചാത്തലമാക്കുന്ന ത്രില്ലര്‍ ഡ്രാമ ചിത്രം. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ വീണ്ടും നസ്‍ലെന്‍
പ്രേമലുവിന് ശേഷം സംവിധായകന്‍ ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായെത്തുന്ന ചിത്രം. ഐ ആം കാതലന്‍ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടാന്‍ ആ വിശേഷണം മാത്രം മതി. അത്രയായിരുന്നു പ്രേമലു സൃഷ്ടിച്ച ട്രെന്‍ഡ്. എന്നാല്‍ പ്രേമലുവിന് മുന്‍പ് ഗിരീഷ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ഐ ആം കാതലന്‍. ഗിരീഷിന്‍റെ മറ്റ് മൂന്ന് ചിത്രങ്ങളിലേതുപോലെ പ്രണയം ഇവിടെയും വിഷയമാണെങ്കിലും അതൊരു പശ്ചാത്തലം മാത്രമാണ്. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണിത്.
ബി ടെക് പഠിച്ച് എന്നാല്‍ അനവധി സപ്ലികളുമായി നില്‍ക്കുന്ന ആളാണ് നസ്‍ലെന്‍, ഗിരീഷിന്‍റെ മുന്‍ ചിത്രങ്ങളിലെ നായകന്മാരുടേത് പോലെതന്നെ ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാല്‍ സവിശേഷ ശ്രദ്ധ നേടിയെടുക്കാനുള്ള കഴിവൊന്നുമില്ലാത്ത ഒരു സാധാരണ പയ്യന്‍. വീട്ടുകാര്‍ക്കും ഗേള്‍ഫ്രണ്ടിനുമൊക്കെ ഒരു ഉഴപ്പന്‍ എന്ന ഇമേജ് ഉള്ള വ്യക്തി. എന്നാല്‍ പരീക്ഷകള്‍ പാസ്സാവാനുണ്ടെങ്കിലും സാങ്കേതിക മേഖലയില്‍ അതീവ തല്‍പ്പരനാണ് വിഷ്ണു. കോളെജിലെ സുഹൃത്തുക്കള്‍ക്കിടയില്‍ ഹാക്കര്‍ എന്ന ഇമേജ് ഉള്ള വിഷ്ണു അവരെ ചില അവശ്യ സന്ദര്‍ഭങ്ങളില്‍ അത്തരത്തില്‍ സഹായിക്കുന്ന ആളാണ്. ജീവിതത്തിലെ ഒരു നിര്‍ണ്ണായക സന്ധിയില്‍ തന്‍റെ ഹാക്കിംഗ് മികവ് ഉപയോഗപ്പെടുത്തുകയാണ് അയാള്‍. പിന്നീടുണ്ടാവുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഐ ആം കാതലന്‍റെ മുന്നോട്ടുള്ള സഞ്ചാരം.
ഗിരീഷ് എ ഡിയുടെ മുന്‍ ചിത്രങ്ങളിലേതുപോലെതന്നെ ഒരു വിഷയത്തെ ഏറ്റവും ലളിതമായി, നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന ചുറ്റുപാടുകളില്‍ രസകരമായി അവതരിപ്പിക്കുന്നത് ഐ ആം കാതലനിലും കാണാം. മുന്‍ ചിത്രങ്ങളില്‍ റൊമാന്‍സിനും കോമഡിക്കുമായിരുന്നു പ്രാധാന്യമെങ്കില്‍ ഇതില്‍ ഒരു യുവാവിന്‍റെ സാഹസികതയ്ക്കൊപ്പം പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ് സംവിധായകന്‍. ഗിരീഷ് എ ഡി ചിത്രങ്ങളില്‍ സ്വാഭാവികമായി എത്തുന്ന സിറ്റ്വേഷണല്‍ ഹ്യൂമര്‍ ഇവിടെയും ഉണ്ടെങ്കിലും പ്രാധാന്യം അതിനല്ല. ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. പ്രധാന കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരം അയത്നലളിതമായി മനസിലാക്കിത്തരുന്ന ഗിരീഷ് എ ഡി മാജിക് ഇവിടെയുമുണ്ട്. അതിനാല്‍ത്തന്നെ വിഷ്ണുവിന്‍റെ സാഹസികതകള്‍ക്കൊപ്പം കാണിയും ഒപ്പം ചേരുന്നുണ്ട്.
ഗിരീഷ് എ ഡിയുടെ ഇതുവരെയുള്ള എല്ലാ സിനിമകളിലും അഭിനയിച്ച നടനാണ് നസ്‍ലെന്‍. അഭിനയം തുടങ്ങിയ കളരിയും. അതിനാല്‍ത്തന്നെ ഏറ്റവും സ്വാഭാവികമായി ക്യാമറയ്ക്ക് മുന്നില്‍ പെരുമാറുന്ന നസ്‍ലെനെ ഐ ആം കാതലനിലും കാണാം. സൂപ്പര്‍ ശരണ്യയിലെയും പ്രേമലുവിലെയുമൊക്കെ കഥാപാത്രങ്ങളുമായി ചില്ലറ സാദൃശ്യങ്ങള്‍ കണ്ടെത്താമെങ്കിലും വിഷ്ണു ആത്യന്തികമായി അവരില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. കൂടുതല്‍ ഗൗരവക്കാരനും ഏര്‍പ്പെട്ടിരിക്കുന്ന മിഷനില്‍ എന്ത് വില കൊടുത്തും ജയിക്കണമെന്ന വാശിയുള്ള ആളുമാണ്. ദിലീഷ് പോത്തനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പ്രൈവറ്റ് ഫിനാന്‍ഷ്യര്‍ ചാക്കോ പെരിയാടനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ മികവ് ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ദിലീഷിനെ ചാക്കോ പെരിയാടനില്‍ കാണാം. അനിഷ്മ അനില്‍കുമാറാണ് ശില്‍പ എന്ന നായികാ കഥാപാത്രമായി എത്തുന്നത്. ലിജോമോള്‍ ഒരു ഹാക്കറുടെ വേഷത്തില്‍ കൈയടി നേടുന്നുണ്ട്. വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവര്‍ക്കൊപ്പം സജിന്‍ ചെറുകയിലും രസകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സജിന്‍ ചെറുകയിലിന്‍റേതാണ് ചിത്രത്തിന്‍റെ രചന.
ശരണ്‍ വേലായുധനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഒരു സ്മോള്‍ ടൗണ്‍ ലൈഫിനെ സ്വാഭാവികമായും നിത്യജീവിതത്തിന്‍റെ ചടുലതയോടും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് ശരണ്‍. പ്രേമലുവും സൂപ്പര്‍ ശരണ്യയും എഡിറ്റ് ചെയ്ത ആകാശ് ജോസഫ് വര്‍ഗീസ് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. സിദ്ധാര്‍ഥ പ്രദീപിന്‍റേതാണ് സംഗീതം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയിരിക്കുന്ന ചിത്രമാണ് ഐ ആം കാതലന്‍. ഗിരീഷ് എ ഡി- നസ്‍ലെന്‍ ബ്രാന്‍ഡിലുള്ള വിശ്വാസം തന്നെ മതി ഈ ചിത്രം കാണികള്‍ ശ്രദ്ധിക്കാന്‍. ഗിരീഷ് എ ഡി യൂണിവേഴ്സിലേക്ക് ഹാക്കിംഗ് എന്ന പുതുമയുള്ള പശ്ചാത്തലം എത്തിയിരിക്കുന്നതിന്‍റെ ഫ്രെഷ്നെസ് ഐ ആം കാതലനില്‍ കാണാം.
ALSO READ : 'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിലെ പഞ്ചാബി ഗാനം എത്തി