Latest Videos

ചിരിയില്‍ പൊതിഞ്ഞ കാര്യം; 'നടന്ന സംഭവം' റിവ്യൂ

By Web TeamFirst Published Jun 21, 2024, 3:03 PM IST
Highlights

വ്യത്യസ്ത ജീവിത മൂല്യങ്ങളില്‍ വിശ്വസിക്കുന്ന 'അജിത്തും' 'ഉണ്ണി'യും നമ്മുടെ സമൂഹത്തിന്‍റെ തന്നെ പരിച്ഛേദങ്ങളാണ്

ന​ഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന ഒരു പാര്‍പ്പിട സമുച്ചയം. അവിടുത്ത ഒരു വില്ലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തുകയാണ് മറൈന്‍ എന്‍ജിനീയറായ ശ്രീകുമാരന്‍ ഉണ്ണിയും കുടുംബവും. വര്‍ഷത്തിലെ ആറ് മാസം കടലിലും ബാക്കി ആറ് മാസം കരയിലുമായി ജീവിക്കുന്ന ശ്രീകുമാരന്‍ ഉണ്ണി ജീവിതം പറ്റുന്നത്ര മനോഹരമായി ജീവിക്കാന്‍ ശ്രമിക്കുന്നയാളാണ്. എവിടെ എത്തിയാലും ആളുകളുമായി എളുപ്പത്തില്‍ അടുപ്പം സ്ഥാപിക്കുന്ന ഒരാള്‍. എന്നാല്‍ പുതുതായി എത്തുന്ന സ്ഥലത്ത് നല്ല അനുഭവങ്ങള്‍ മാത്രമല്ല അയാളെ കാത്തിരിക്കുന്നത്. ന​ഗരത്തിലെ ഒരു ഹൗസിം​ഗ് കോളനിയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ രസകരമായി പറഞ്ഞുപോവുമ്പോഴും ചിന്തിക്കാനുള്ള പലതും ബാക്കിവെക്കുന്നുണ്ട് വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത നടന്ന സംഭവം എന്ന ചിത്രം. 

ശ്രീകുമാരന്‍ ഉണ്ണി എന്ന ഉണ്ണിയേട്ടനായി ബിജു മേനോന്‍ എത്തുന്ന ചിത്രത്തില്‍ അതേ ഹൗസിം​ഗ് കോളനിയിലെ ആണ്‍ സൗഹൃദസംഘത്തിന്‍റെ അമരക്കാരന്‍ അജിത്തേട്ടനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. വ്യത്യസ്ത ജീവിത മൂല്യങ്ങളില്‍ വിശ്വസിക്കുന്ന അജിത്തും ഉണ്ണിയും നമ്മുടെ സമൂഹത്തിന്‍റെ തന്നെ പരിച്ഛേദങ്ങളാണ്. ജോലിയുള്ള ഭാര്യയെ അടുക്കളയില്‍ കയറ്റാതെ അവ തനിയെ ചെയ്യുന്ന ആളാണ് ശ്രീകുമാരന്‍ ഉണ്ണിയെങ്കില്‍ ആണധികാരത്തില്‍ ഊന്നിയുള്ള ജീവിത സങ്കല്‍പങ്ങളാണ് അജിത്തിന്‍റേത്. കോളജിനിയിലെ സ്ത്രീകള്‍ ഉണ്ണിയുടെ ഫാന്‍സ് ആയി മാറുന്നത് അജിത്തിനും സംഘത്തിനും സഹിക്കാനാവുന്നില്ല. ഇത് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളില്‍ ഊന്നി സംവിധായകന്‍ വിഷ്ണു നാരായണ്‍ സൃഷ്ടിച്ചിരിക്കുന്ന തമാശകളാണ് നടന്ന സംഭവത്തെ രസകരമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്. 

 

കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രാജേഷ് ​ഗോപിനാഥനാണ് നടന്ന സംഭവത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ​ഗൗരവമുള്ള ഒരു വിഷയം തമാശയുടെ ട്രാക്കിലൂടെ കൊണ്ടുപോവുക എന്നത് ഒരു രചയിതാവിനെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള ഒരു ബാലന്‍സിം​ഗ് ആണ്. തമാശയുടെ നിമിഷങ്ങള്‍ സൃഷ്ടിക്കുമ്പോഴും പറഞ്ഞുപോകുന്ന വിഷയത്തിന്‍റെ ​ഗൗരവം ചോര്‍ന്നുപോയിട്ടില്ലെന്നത് തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും വിജയമാണ്. മികവുറ്റ അഭിനേതാക്കളാണ് ഇതിന് അവരെ സഹായിച്ചിരിക്കുന്നത്. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ചിരിക്കുന്ന ഉണ്ണിയേട്ടനും അജിത്തേട്ടനും ഒപ്പം ലിജോമോള്‍ ജോസ് അവതരിപ്പിച്ചിരിക്കുന്ന അജിത്തിന്‍റെ ഭാര്യ ധന്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ​സംഭാഷണങ്ങളില്‍ ഊന്നിയുള്ളതല്ല രാജേഷ് ​ഗോപിനാഥന്‍റെ തിരക്കഥ. മറിച്ച് വിഷ്വല്‍ സ്റ്റോറി ടെല്ലിം​ഗിന് സംവിധായകന് ആവശ്യത്തിന് സ്പേസ് കൊടുക്കുന്ന ഒന്നാണ്. അത്തരമൊരു തിരക്കഥയില്‍ മികച്ച അഭിനേതാക്കള്‍ മസ്റ്റ് ആണ്. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ ഈ മൂന്ന് പേരും ​ഗംഭീരമാക്കിയിട്ടുണ്ട്. ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കൂട്ടത്തില്‍ സുരാജ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം അദ്ദേഹം അടുത്തിടെ ചെയ്ത മറ്റ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

 

ഇവരെ കൂടാതെ സുധി കോപ്പയുടെ മഞ്ഞ പത്രക്കാരന്‍, ജോണി ആന്‍റണിയുടെ എസ് ഐ, ലാലു അലക്സിന്‍റെ സിഐ തുടങ്ങിയവരും ശ്രദ്ധ നേടുന്നുണ്ട്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്‍റെ ബാനറില്‍ അനൂപ് കണ്ണനും രേണു എയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൃത്രിമമായ സ്റ്റൈലേസേഷനുകള്‍ക്ക് അപ്പുറത്ത് പറയുന്ന കഥയ്ക്ക് ചേരുന്ന ഫ്രെയ്മുകളാണ് ഛായാ​ഗ്രാഹകന്‍ മനേഷ് മാധവന്‍ ഒരുക്കിയിരിക്കുന്നത്. സൈജു ശ്രീധരനും ടോബി ജോണും ചേര്‍ന്ന് ഒഴുക്കുള്ള കട്ടുകളും നടത്തിയിരിക്കുന്നു. പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമില്ലാത്ത ചിത്രത്തില്‍ പശ്ചാത്തല സം​ഗീതത്തിന് പക്ഷേ പ്രാധാന്യമുണ്ട്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകന്‍. 

 

കാലം എത്ര പുരോ​ഗമിച്ചെന്ന് പറഞ്ഞാലും മലയാളികളുടെ മാറാത്ത ചില മനോഭാവങ്ങളെ തുറന്നു കാട്ടുന്നുണ്ട് നടന്ന സംഭവം. എന്നാല്‍ ​ഗൗരവമുള്ള സം​ഗതിയെ അങ്ങേയറ്റം നര്‍മ്മരസത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് സംവിധായകനും മറ്റ് അണിയറക്കാരും വിജയിച്ചിരിക്കുന്നത്. പേര് പോലെ തന്നെ കൗതുകം പകരുന്ന കാഴ്ചാനുഭവമാണ് വിഷ്ണു നാരായണ്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം. ചുറ്റുപാടും നടന്ന നിരവധി യഥാര്‍ഥ സംഭവങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണയക്കാന്‍ നമ്മെ പ്രേരിപ്പിക്കും ഈ ചിത്രം.

ALSO READ : കേരളത്തില്‍ വന്‍ സ്ക്രീന്‍ കൗണ്ടുമായി 'പോക്കിരി' റീ റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!