Latest Videos

'പാരഡൈസ്': വംശീയ വെറിയുടെയും മനുഷ്യ നിസഹായതയുടെയും നേർസാക്ഷ്യം- റിവ്യു

By Web TeamFirst Published Jun 28, 2024, 1:53 PM IST
Highlights

ഐഎഫ്എഫ്‍കെയിലൂടെ മലയാളികള്‍ക്ക് പരിചിതനായ സംവിധായകൻ പ്രസന്ന വിത്തനാഗെ മികച്ചൊരു സിനിമാനുഭവം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. 

റിലീസിന് മുൻപ് തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായ സിനിമ ആയിരുന്നു 'പാരഡൈസ്'. വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ നേട്ടം കൊയ്ത ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ കണ്ടത് പോരാട്ടങ്ങളുടെ സമ്മർദ്ദങ്ങളുടെ കീഴിൽ പെടുന്ന ജീവിതങ്ങളുടെ നേർ സാക്ഷ്യം ആയിരുന്നു. 

കേശവ്(റോഷൻ മാത്യു), ഭാര്യ അമൃത(ദർശന രാജേന്ദ്രൻ), ടൂർ ​ഗൈഡ് ആൻഡ്രൂ(ശ്യാം ഫെർണാണ്ടോ), റിസോർട്ട് ജോലിക്കാരൻ ശ്രീ(സുമിത് ഇളങ്കോ), സാജൻ ഭണ്ഡാരെ(മഹേന്ദ്ര പെരേര) എന്നിവരാണ് പാരഡൈസിലെ പ്രധാന കഥാപാത്രങ്ങൾ. 2022ൽ ശ്രീലങ്കയിൽ ആണ് കഥ നടക്കുന്നത്. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന  മലയാളികളായ ടി വി പ്രൊഡ്യൂസറും വ്ലോഗറായ അയാളുടെ ഭാര്യയുടെയും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. 

അമൃതയുടെ പ്ലാനിങ് ആയിരുന്നു വിവാഹ വാർഷികം ശ്രീലങ്കയിൽ ആഘോഷിക്കാം എന്നത്. എന്നാൽ ശ്രീലങ്കയിൽ അവരെ കാത്തിരുന്നത് സന്തോഷം ആയിരുന്നില്ല. ഇരുവരും പ്രദേശത്ത് എത്തുമ്പോൾ ശ്രീലങ്കൻ ജനത പ്രതിഷേധത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും ഏറെ ബുദ്ധിമുട്ടുകയാണ് അവർ. ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടി മുറവിളി കൂട്ടുന്ന ഇവരുടെ കഷ്ടപ്പാടുകൾ ഒന്നും കേശവിനെയോ അമൃതയെയോ ബാധിക്കുന്നില്ല. ടൂറിസ്റ്റുകൾ എന്ന നിലയിൽ ദമ്പതികൾക്ക് ഒരു പ്രശ്നവും ശ്രീലങ്കൻ ജനത വരുത്തുന്നുമില്ല. 

ദമ്പതികൾ താമസിക്കുന്ന റിസോർട്ടിൽ ഒരു ദിവസം രാത്രി മോഷണം നടക്കുന്നുണ്ട്. ഇതോടെയാണ് കഥയുടെ ​ഗതി മാറുന്നത്. പാരഡൈസിലെ പ്രധാന ഭാ​ഗങ്ങളിൽ ഒന്നാണ് മാനിനെ വേട്ടയാടുന്ന ഭാ​ഗങ്ങൾ. മാനിറച്ചിയോട് താല്പര്യമുള്ള കേശവ് മാനിനെ വേട്ടയാടാൻ റിസോർട്ട് ജീവനക്കാർക്കൊപ്പം പോകുന്നെങ്കിലും ശ്രമം വിഫലമാകുന്നുണ്ട്. പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് വന്ന് പോകുന്ന ഈ വേട്ടയാടലും മാനും വെടിയൊച്ചകളും കാലങ്ങളായി തമിഴ് വംശജർ നേരിടുന്ന വേട്ടയാടലിനെയാണ് സൂചിപ്പിക്കുന്നതെന്ന് നിസംശയം പറയാനാകും. ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ വെടിയൊച്ച കേട്ട കേശവ് "ഓഹ് മൈ ഡിയർ" എന്ന് പറയുന്നുണ്ട്. ഇത് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റും ആണ്. ഡിയർ എന്ന് കേശവ് പറയുന്നത് ഭാര്യയെ കുറിച്ചല്ല. പകരം ചത്ത മാനിന്റെ ഇറച്ചിയോടുള്ള അടങ്ങാത്ത കൊതിയായിരുന്നു. വംശീയവെറിയെ കുറിച്ചുള്ള നേർ സാക്ഷ്യം എന്ന് ഈ രം​ഗത്തെ കാണാവുന്നതാണ്. 

പാരഡൈസിൽ ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കൾ അടക്കം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടുന്നൊരു കഥാപാത്രം ശ്രീലങ്കൻ അഭിനേതാവായ മഹേന്ദ്ര പെരേര അവതരിപ്പിച്ച വേഷമാണ്. മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ തങ്ങളുടെ വണ്ടിയിൽ ഡീസൽ ഇല്ലെന്ന് പറയുന്ന ഒരു അന്വേഷണ ഉദ്യോ​ഗസ്ഥന്റെ നിസഹായ അവസ്ഥയും പിന്നീട് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും എല്ലാ കുറ്റങ്ങളും ഒരു സമൂഹത്തിന്റെ മേൽ ചാർത്തി കൊടുത്തി അവരെ വേട്ടയാടുന്ന ക്രൂരനായ ഉദ്യോ​ഗസ്ഥനായും പെരേര മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.  

ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാജീവ് രവിയാണ്. മലയാളം, സിംഹള, ഇംഗ്ലീഷ് ഭാഷകളിൽ ആണ് പാരഡൈസിലെ സംഭാഷണങ്ങൾ എല്ലാം. എന്തായാലും ഐഎഫ്എഫ്‍കെയിലൂടെ മലയാളികള്‍ക്ക് പരിചിതനായ സംവിധായകൻ പ്രസന്ന വിത്തനാഗെ മികച്ചൊരു സിനിമാനുഭവം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. 

'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിന്‍റെ മകനെ ഓർത്ത് മമ്മൂട്ടി

അതേസമയം, ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!