ഉര്‍വശിയും പാര്‍വതി തിരുവോത്തും വേഷമിട്ട ചിത്രം ഉള്ളൊഴുക്കിന്റെ റിവ്യു.
'ഉള്ളൊഴുക്ക്' അഥവാ 'Under Current- സിനിമയുടെ പേര് അതാണ്. Under Current മലയാളീകരിക്കുമ്പോള്‍ അര്‍ഥം വരിക അടിയൊഴുക്കെന്നാണ്. പക്ഷേ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് മലയാളത്തില്‍ ഉള്ളൊഴുക്കെന്നായത് തീര്‍ത്തും യാദൃശ്ചികമായിരിക്കാനിടയില്ല. അടിയൊഴുക്കുകളുള്ള 'ഉള്ളൊഴുക്കി'ലൂടെ സഞ്ചരിക്കുന്നതുമാണ് സിനിമ.
വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്‍ത്യൻ കുടുംബത്തിന്റെ കഥാ പരിസരത്തിലൂടെയാണ് ഉള്ളൊഴുക്കിന്റെ അഗാധതയിലൂടെയുള്ള സഞ്ചാരം. സെയില്‍സ് വുമണായ അഞ്ജു കടയില്‍ തന്റെ കാമുകനോട് സംസാരിച്ചിരിക്കുന്നു. കാമുകന് മുന്നില്‍ വര്‍ണാഭമായ സാരിയില്‍ തന്റെ ചേര്‍ച്ച നോക്കുന്ന അഞ്ജുവാണ് ഫ്രെയിമില്‍. അതില്‍ നിന്നുള്ള ഒരു 'കട്ടി'ല്‍ (cut) ഫോട്ടോയെടുപ്പിന്റെ കാഴ്‍ചയിലേക്കാണെത്തുന്നത്. കായലിന്റെ പശ്ചാത്തലത്തില്‍ തോണിയിലാണ് അഞ്ജുവുള്ളത്. ഭര്‍ത്താവ് തോമസുകുട്ടിക്കൊപ്പം അഞ്ജു വിവാഹ ഫോട്ടോ എടുക്കുകയാണ്. ഇങ്ങനെ നിരവധി അര്‍ഥപൂര്‍ണായ കട്ടുകള്‍ സംവിധായകൻ ഉള്ളൊഴുക്കില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നതായും കാണാം.
undefined
വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ഇഷ്‍ടമില്ലാത്ത ഒരു വിവാഹത്തിന് സമ്മതിക്കേണ്ട സാഹചര്യമാണ് അഞ്ജുവിന് ഉണ്ടായത്. പിന്നീട്, തനി കുട്ടനാട്ടുകാരിയായ ലീലാമ്മയുടെയും മകൻ തോമസുകുട്ടിയുടെയും വീട്ടില്‍ ജീവിതം നയിക്കവേ കഥയിലും മാറ്റങ്ങളുണ്ടാകുന്നു. രോഗബാധിതനാകുകയാണ് തോമസുകുട്ടി. തോമസുകുട്ടിയെ പരിചരിച്ചുള്ള ആ ജീവിതത്തിനിടെ തന്റെ മുൻ കാമുകനുമായുള്ള ബന്ധം അഞ്‍ജു തുടരുകയും ചെയ്യുന്നുണ്ട്. അധികം വൈകാതെ തോമസുകുട്ടി മരണപ്പെടുന്നു. അതിനിടയില്‍ അഞ്‍ജു ഗര്‍ഭിണിയാകുന്നു. ലീലാമ്മയും അത് മനസ്സിലാക്കുന്നു. കുഞ്ഞ് തോമസുകുട്ടിയുടേതാണെന്ന കരുതലായിരുന്നു ലീലാമ്മയ്‍ക്ക്. മറിച്ചൊരു ജീവിതമാണ് അഞ്‍ജു ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് തോമസുകുട്ടിയുടെ ശവമടക്ക് കഴിഞ്ഞ ശേഷം കാമുകനൊപ്പം പോകുമെന്നാണ് അഞ്ജുവിന്റെ നിലപാട്. തുടര്‍ന്നുള്ള ലീലാമ്മയുടെയും അഞ്ജുവിന്റെയും സംഘര്‍ഷങ്ങളാണ് സിനിമയില്‍ പല അടരുകള്‍ ചേര്‍ത്തിണക്കി അവതരിപ്പിക്കുന്നത്.
മുംബൈ ആസ്ഥാനമായ സിനിസ്ഥാന്‍ ഫിലിം കമ്പനി നടത്തിയ പ്രശസ്‍തമായ ഒരു അഖിലേന്ത്യ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതാണ് ദ ഫ്യൂണറല്‍. ദ ഫ്യൂണറലാണ് ക്രിസ്റ്റോ ടോമി സംവിധാനവും നിര്‍വഹിച്ചത് ഉള്ളൊഴുക്കായത്. ക്രിസ്റ്റോ ടോമി സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായിരിക്കേ തന്നെ പേരെടുത്തിരുന്നു. പഠന കാലത്ത് ചെയ്‍ത ഹ്രസ്വ ചിത്രങ്ങളായ കാമുകിയും കന്യകയും അന്നേ ശ്രദ്ധയാകര്‍ഷിച്ചതാണ്. ഇവയിലൂടെ ദേശീയ തലത്തില്‍ സംവിധായകനുള്ള അവാര്‍ഡും നേടി. നെറ്റ്ഫ്ലിക്സിന്റെ കറി ആന്‍ഡ് സയനൈഡെന്ന ഡോക്യുമെന്ററിയും ക്രിസ്റ്റോ ടോമിയെ പ്രേക്ഷകരുടെ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് എത്തിയ ഒരു ഫീച്ചര്‍ സിനിമ എന്ന നിലയിലാണ് ഉള്ളൊഴുക്കും ചര്‍ച്ചയായത്. ആ പ്രതീക്ഷകളെ അപ്പാടെ ശരിവയ്‍ക്കുന്ന ചിത്രമായിരിക്കുന്നു ഉള്ളൊഴുക്ക്.
കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന്റെ ദുരിതവും പകര്‍ത്തിയാണ് കഥ ക്രിസ്റ്റോ ടോമി ഉള്ളൊഴുക്കില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്ര വ്യാകരണങ്ങളിലൂന്നുമ്പോഴും പുതിയ വഴികള്‍ തന്റെ പ്രേക്ഷകരിലേക്ക് തുറന്നിടുന്ന ഒരു യുവ സംവിധായകനാണ് ഉള്ളൊഴുക്കിലൂടെയും വെളിപ്പെടുന്നത്. പരത്തിപ്പറച്ചിലില്ലാതെ കുഞ്ഞു കുഞ്ഞു സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ മാനസിക വിചാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് അദ്ദേഹം. ഷോട്ടുകളിലും സമര്‍ഥമായ ആ കൃത്യതയുണ്ട്. ലീലാമ്മ അഞ്‍ജു എന്നീ രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് ഉള്ളൊഴുക്ക് അവതരിപ്പിക്കാൻ പ്രധാനമായും സംവിധായകൻ മുന്നില്‍നിര്‍ത്തുന്നത്. മകൻ തോമസുകുട്ടി മരിച്ചപ്പോഴും ലീലാമ്മ മരുമകളെ പോകാൻ അനുവദിക്കുന്നില്ല. പ്രധാനപ്പെട്ട ഒരു സ്‍ത്രീ കഥാപാത്രവും ചിത്രത്തില്‍ പുരുഷ മേധാവിത (കുടുംബ മഹിമയുടെ (ദുര)അഭിമാന ബോധത്തെ പേറുന്ന) സാമൂഹ്യ പശ്ചാലത്തിന്റെ പ്രാതിനിധ്യ സ്വഭാവം ഉള്‍ക്കൊള്ളുന്നതും ക്രിസ്റ്റോ ടോമി തിരക്കഥയില്‍ സമര്‍ഥമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. ലീലാമ്മയുടെയും അഞ്ജുവിന്റെയും കൗണ്ടര്‍ ഷോട്ടുകളിലൂടെയും സിനിമയില്‍ ഫലപ്രദമായി ഇവരുടെ സമീപനങ്ങളിലെ വേര്‍തിരിവുകള്‍ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. ലീലാമ്മ അഞ്‍ജുവിന്റെയും നേരെതിരിച്ചുമുള്ള മാനസികാവസ്ഥയില്‍ സിനിമയില്‍ എത്തിച്ചേരുന്നതും വിശ്വസനീയമാക്കാൻ എഴുത്തിലെ ബ്രില്യൻസിലൂടെ തിരക്കഥാകൃത്തിന് സാധിക്കുന്നുണ്ട്. അവസാനത്തോട് അടുക്കുമ്പോള്‍ രണ്ട് സ്‍ത്രീ കഥാപാത്രങ്ങളെയും പല സന്ദര്‍ഭങ്ങളില്‍ മാറി ഒന്നിന്റെ 'മങ്ങല്‍ കാഴ്‍ച'യില്‍ മറ്റൊന്നിനെ 'തെളിച്ച'ത്തില്‍ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. എന്തായാലും ഉള്ളൊഴുക്കിലൂടെ മലയാളത്തിന്റെ ഭാവി സിനിമാ കാഴ്‍ചയെ സമ്പന്നമാക്കാൻ പോന്ന ഭാവന സംവിധായകൻ എന്ന നിലയില്‍ ക്രിസ്റ്റോ ടോമിക്കുണ്ടെന്നതിന് തിയറ്ററുകളും സാക്ഷിയായിരിക്കുന്നു.
തിരക്കഥ അര്‍ഹിക്കുന്ന വേഷപകര്‍ച്ചയാണ് ലീലാമ്മയ്‍ക്ക് സംവിധായകൻ ഉര്‍വശിയിലൂടെ നല്‍കിയിരിക്കുന്നത്. സ്വാഭാവികമായ പകര്‍ന്നാട്ടത്തിലും സംഭാഷണത്തിന്റെ താളക്രമത്തിലും കഥാപാത്രത്തെ വിശ്വസനീയമാക്കുന്നു ഉര്‍വശി. ശരീര ചലനങ്ങളിലും ലീലാമ്മയെ പകര്‍ത്തുംവിധമാണ് ചിത്രത്തില്‍ ഉര്‍വശിയുടെ പ്രകടനം. അഞ്‍ജുവായി പാര്‍വതിയുടെ നടനത്തിന്റെ തലപ്പൊക്കവും സിനിമയുടെ ഉള്ളറിഞ്ഞുള്ളതാണ്. അഞ്‍ജുവായി പാര്‍വതി ഫ്രെയിമിലുള്ളപ്പോള്‍ എതിരെയുള്ള കഥാപാത്രത്തിന് നേരെയുള്ള നോട്ടത്തിലടക്കം ഉള്ളിരിപ്പിലെ വിനിമയം സാധ്യമാക്കുന്നുണ്ട്. കാമുകനായെത്തിയ അര്‍ജുൻ രാധാകൃഷ്‍ണനും കൃത്യമായി തന്നിലെ നടനെ അടയാളപ്പെടുത്തുമ്പോള്‍ തോമസുകുട്ടിയായ പ്രശാന്തും വിസ്‍മയിപ്പിക്കുന്നു. സംഭാഷണങ്ങള്‍ക്കപ്പുറത്ത് ഭാവപ്രകടനങ്ങളിലൂടെ ആശയ പ്രകടനമാണ് ചിത്രത്തില്‍ ജയാ കുറുപ്പിന്റേത്.
ഉള്ളൊഴുക്കിന്റെ താളം സുശിൻ ശ്യാമിന്റേതാണ്. പ്രമേയത്തിനൊത്ത് ഉള്ളൊഴുക്കില്‍ ഒരോ സന്ദര്‍ഭങ്ങളെയും സംഗീതത്താല്‍ അടയാളപ്പെടുത്താൻ സുശിൻ ശ്യാമിന് കഴിഞ്ഞിരിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ മാത്രമല്ല ചെറു വീട്ടിലെ പരിമിതിയും കഥാ സന്ദര്‍ഭങ്ങളോട് ഇണക്കുംവിധമാണ് ഷെഹനാദ് ജലാലിന്റെ ഛായാഗ്രാഹണം. കിരണ്‍ ദാസ് സമര്‍ഥമായി നിര്‍വഹിച്ച എഡിറ്റിംഗിലൂടെയുമാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് മികച്ചൊരു സിനിമാ അനുഭവമായി മാറുന്നത്.
Read More: ലോകേഷ് കനകരാജിനൊപ്പം രജനികാന്തിന്റെ കൂലി, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക